മലപ്പുറം: മൂന്നു പെൺമക്കളെയും തന്നെയും തനിച്ചാക്കി ഭർത്താവ് മധുസൂദനൻ മരണപ്പെട്ടപ്പോൾ ആദ്യമൊന്ന് പതറിയെങ്കിലും പിന്നീട് മക്കളുടെ മുഖം ആലോചിച്ചപ്പോൾ തളർന്നിരിക്കാൻ കഴിഞ്ഞില്ല. ഇതോടെ ആദ്യം പതറിപ്പോയെങ്കലും പിന്നെ മക്കളെ പോറ്റാൻ ചങ്കുറപ്പോടെ മുന്നോട്ട് കാലെടുത്തുവെച്ചു.

എടവണ്ണയിലെ ഈ യു.ഡി.എഫ് സ്ഥാനാർത്ഥി രാവിലെ 10മണിവരെ പ്രചരണം നടത്തി ബാക്കി സമയം കുടുംബം പോറ്റാൻ മഞ്ചേരിയിലെ ഷോപ്പിൽ ജോലിചെയ്യുകയാണ്. എസ് എസ് എൽ സി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള വി.കെ സുനിതയെന്ന ഈ 36കാരിക്ക് കുട്ടിക്കാലത്ത് പിതാവ് ഉപേക്ഷിച്ചു പോയതിന് ശേഷം മൂന്നു പെൺമക്കളടങ്ങുന്ന കുടുംബത്തെ പോറ്റാൻ അമ്മ വിജയകുമാരി അനുഭവിച്ച യാതന നേരിട്ടറിവുള്ളതാണ്.

2002ലായിരുന്നു സുനിതയുടെ വിവാഹം. ഭർത്താവിന്റെ മരണശേഷം ഒരു വർഷത്തോളം ഇരുട്ടിൽ ജീവിതം തള്ളി നീക്കി. നിലവിൽ എടവണ്ണ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് വി കെ സുനിതാ മധുസൂദനൻ. രാവിലെ പത്തുമണി വരെ വാർഡിൽ വോട്ട് അഭ്യർത്ഥിച്ച് വീടുകളിൽ കയറിയിറങ്ങുന്ന സുനിത വൈകീട്ട് അഞ്ചു മണി വരെ മഞ്ചേരിയിലെ സ്ഥാപനത്തിൽ ഗ്രാഫിക്‌സ് ജോലികളിൽ മുഴുകുകയാണ്.

പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും വൃദ്ധമാതാവിനെയും സംരക്ഷിക്കുന്നതിനായി ചാവി മേക്കിങ്, സീൽ നിർമ്മാണം, സി ഡി റൈറ്റിങ്, ലാമിനേഷൻ, ഫോട്ടോസ്റ്റാറ്റ്, സെൻസർ കീ പ്രോഗ്രാമിങ് തുടങ്ങി കൈത്തൊഴിലുകളുടെ ഒരു നീണ്ട നിരതന്നെ വശമാക്കിയിട്ടുണ്ട്. ജോലിക്കിടെയും വാർഡിൽ തനിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുന്നവരുമായി ഫോണിൽ ആശയവിനിമയം നടത്തുന്നു.

നാട്ടുകാരുടെ ഏതു പ്രശ്‌നങ്ങളിലും സജീവമായി മുന്നിട്ടിറങ്ങിയിരുന്ന മധുസൂദനന്റെ ഒരു പറ്റം സുഹൃത്തുക്കൾ സുനിതക്കു വേണ്ടി വാർഡിൽ സജീവമാണ്. സുനിതയുടെ ഈ പോരാട്ടം സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.