ന്യൂഡൽഹി: ജനവാസ കേന്ദ്രങ്ങളിൽനിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിപ്പിക്കാവൂ എന്ന ഹരിത ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്റ്റേ. ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ക്വാറി ഉടമകൾക്കും സർക്കാറിനും വിധി തിരിച്ചടിയായി.

ജനവാസ കേന്ദ്രങ്ങളിൽനിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ എന്നായിരുന്നു ഹരിത ട്രിബ്യൂണൽ ഉത്തരവ്. സ്‌ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്‌ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും പാലിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ, ഇതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. ക്വാറി ഉടമകളെ പിന്തുണച്ച് സർക്കാറും ഹൈക്കോടതിയിലെത്തുകയും ട്രിബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയുമായിരുന്നു.

50 മീറ്റർ അകലം മതിയെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ഇതോടെ, ഹൈക്കോടതി ഉത്തരവനുസരിച്ച് പ്രവർത്തനം തുടങ്ങിയ ക്വാറികളെ അടക്കം സുപ്രീംകോടതി ഉത്തരവ് ബാധിക്കും.

ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. നിലവിലെ ചട്ടപ്രകാരം ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പടെ അമ്പത് മീറ്റർ മാറി പാറ പൊട്ടിക്കാം എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യം അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ സുപ്രീംകോടതിയെ അറിയിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സ്റ്റേ ഉത്തരവ് തിരിച്ചടിയല്ലെന്ന് ക്വാറി ഉടമകളുടെ അഭിഭാഷകർ അറിയിച്ചു. അടുത്ത ആഴ്ച കേസ് പരിഗണിക്കുമ്പോൾ ഉത്തരവിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെടുമെന്നും അഭിഭാഷകർ പറഞ്ഞു.