ന്യൂഡൽഹി: കേന്ദ്രസർക്കാറിനെ വിമർശിച്ചു സുപ്രീംകോടതി. ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം കാലയളവവിൽ പലിശ ഒഴിവാക്കുന്നതിൽ തീരുമാനം വൈകുന്നതിലാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഉണ്ടായത്. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാവരുത് സർക്കാരിന്റെ നയം എന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി.

മൊറൊട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ദുരിതം ഉണ്ടാവാൻ കാരണം സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ ആണ്. അതിനാൽ തീരുമാനം എടുക്കാതെ റിസർവ് ബാങ്കിന് പിന്നിൽ ഒളിഞ്ഞു നിൽക്കാൻ കേന്ദ്ര സർക്കാരിന് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

റിസർവ് ബാങ്കും, കേന്ദ്ര സർക്കാരും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ ആർബിഐയ്ക്ക് പിന്നിൽ ഒളിഞ്ഞു നിൽക്കുന്നു എന്ന കോടതിയുടെ പരാമർശം തെറ്റാണെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ഹർജി സെപ്റ്റംബർ 1ന് വീണ്ടും പരിഗണിക്കും.