ന്യൂഡൽഹി: സാമൂഹ്യ മാധ്യമങ്ങൾക്കെതിരെ അതിരൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. രാജ്യത്ത് ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാൽ വെബ് പോർട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതായി ചീഫ് ജസ്റ്റിസ് എൻ വി രമണ കുറ്റപ്പെടുത്തി. എല്ലാ വാർത്തകളും വർഗീയ ചുവയോടെയാണ് ചില മാധ്യമങ്ങൾ നൽകുന്നത്. ഇത് രാജ്യത്തിന്റെ പേര് മോശമാക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾക്ക് എതിരായ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ നിയന്ത്രണങ്ങളില്ലാതെ വെബ് പോർട്ടലുകളും, യൂട്യൂബ് ചാനലുകളും പ്രവർത്തിക്കുന്നതിൽ ആശങ്ക രേഖപെടുത്തിയത്. ആർക്കും വെബ് പോർട്ടലുകളും, യു ട്യൂബ് ചാനലുകളും തുടങ്ങാം എന്ന അവസ്ഥയാണ്. ആരോടും ഉത്തരവാദിത്വം ഇല്ലാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

ആർക്കുവേണമെങ്കിലും എന്തും വിളിച്ച് പറയാനുള്ള ഇടമായി സാമൂഹ്യ മാധ്യമങ്ങൾ മാറിയെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. സാധാരണക്കാരോട് ഒരു പ്രതിബദ്ധതയും സാമൂഹ്യമാധ്യമ കമ്പനികൾക്കില്ലെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.

നിസാമുദ്ദീനിൽ കഴിഞ്ഞ വർഷം നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണമെന്ന റിപ്പോർട്ടുകൾക്കെതിരെ മുസ്‌ളീം സംഘടനകൾ നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇടപെടൽ. ആർക്ക് വേണമെങ്കിലും ഇന്ന് യൂട്യൂബ് ചാനലുകൾ തുടങ്ങാം. അതിലൂടെ എന്തും വിളിച്ചുപറയാം. വർഗീയത പടർത്താൻ വരെ ശ്രമിക്കുന്നു. ആരെയും അപകീർത്തിപ്പെടുത്താം. ഒരു നിയന്ത്രണവും ഇതിനൊന്നും ഇല്ല. നിരവധി വ്യാജ വാർത്തകളാണ് യൂട്യൂബ് വഴി പുറത്തുവരുന്നത്.

സാധാരണ ജനങ്ങളോടോ, കോടതിയോടോ പോലും സാമൂഹ്യ മാധ്യമ കമ്പനികൾ പ്രതിബദ്ധത കാട്ടുന്നില്ല. കരുത്തരായ ആളുകളോട് മാത്രമാണ് അവർ പ്രതികരിക്കുന്നത്. എന്തും പറയാനുള്ളത് അവകാശമെന്നാണ് ഈ കമ്പനികൾ പറയുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കരുത്തരായവരെ മാത്രമേ സമൂഹ മാധ്യമങ്ങൾ കേൾക്കുകയുള്ളു. കോടതികളെയോ സാധാരണക്കാരെയോ മാനിക്കാറില്ല. ഇത്തരം സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി സോളിസിറ്റർ ജനറലിനോട് ആരാഞ്ഞു. സർക്കാർ കൊണ്ട് വന്ന ചട്ടങ്ങൾ കൊണ്ട് നിയന്ത്രണം സാധ്യമാണെന്ന് സോളിസിറ്റർ ജനറൽ മറുപടി നൽകി. എന്നാൽ ചട്ടങ്ങൾ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളിൽ കേസുകൾ നൽകിയിരിക്കുകയാണ്. ഈ ഹർജികളെല്ലാം സുപ്രീം കോടതിയിലക്ക് മാറ്റാൻ ട്രാൻസ്ഫർ ഹർജി നൽകിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.

തുടർന്ന് ജംഇയ്യത്ത് ഉലമ ഹിന്ദ് അടക്കമുള്ള സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി. സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനത്തെ കുറിച്ച് ഇതിന് മുമ്പ് ശക്തമായ വിമർശനങ്ങൾ സുപ്രീംകോടതി നടത്തിയിട്ടുണ്ട്. ഐടി നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന നിർദ്ദേശം കൂടിയാണ് വിമർശനങ്ങളിലൂടെ കേന്ദ്ര സർക്കാരിന് കോടതി നൽകുന്നത്.