ന്യൂ‍ഡൽഹി: കഴിഞ്ഞ നാലുവർഷത്തെ സ്വാശ്രയ മെഡിക്കൽ ഫീസ് പുനർനിർണയിക്കാൻ അനുമതി നൽകി സുപ്രീംകോടതി. ഫീസ് നിർണയസമിതിക്കാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി നിർദ്ദേശം നൽകിയത്. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്മെന്റുകളോട് കോടതി ആവശ്യപ്പെട്ടു. പുനർനിർണയത്തോടെ ഫീസ് കൂടുന്നതിനാണു സാധ്യത. തീരുമാനം 12,000 വിദ്യാർത്ഥികളെ ബാധിക്കും.

സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ വർധിപ്പിക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാരും വിദ്യാർത്ഥികളും സുപ്രീം കോടതിയെ സമീപിച്ചത്. മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. മിതമായ നിരക്കിൽ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനുള്ള അവസരം ഒരുക്കണമെന്ന് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഉയർന്ന ഫീസ് എന്ന ആവശ്യം എല്ലാ കോളേജുകളും മുന്നോട്ടുവയ്‌ക്കുന്നില്ലെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

മാനേജ്‌മെന്റ് ആവശ്യപ്പെട്ട ഉയർന്ന ഫീസ് വിദ്യാർ‍ഥികളെ അറിയിക്കണമെന്ന കോടതി നിർദ്ദേശപ്രകാരം പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനം ഇറക്കിയിരുന്നു. 18 കോളേജുകളിൽ മാനേജ്‌മെന്റ് ആവശ്യപ്പെട്ട വാർഷിക ഫീസ് അറിയിച്ചായിരുന്നു വിജ്ഞാപനം. 19 സ്വാശ്രയ മെഡിക്കൽ കോളേജിന്‌ 6.22- 7.65 ലക്ഷം രൂപയാണ് രാജേന്ദ്ര ബാബു കമ്മിറ്റി 2020-21ലെ ഫീസായി നിശ്ചയിച്ചത്‌. മുൻ വർഷത്തേക്കാൾ 6.7 ശതമാനം മാത്രമാണ്‌ വർധിപ്പിച്ചത്‌‌. ഇതിനെതിരെ സ്വാശ്രയ മെഡിക്കൽ കോളേജുകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 11 ലക്ഷം മുതൽ 22 ലക്ഷം വരെയാണ്‌ മാനേജ്‌മെന്റുകൾ ഫീസായി ആവശ്യപ്പെട്ടത്. മാനേജ്‌മെന്റ്‌ ആവശ്യപ്പെടുന്ന ഫീസ്‌ നൽകാൻ തയ്യാറാകണമെന്ന്‌ രക്ഷിതാക്കളെ അറിയിക്കാനും സത്യവാങ്‌മൂലം വാങ്ങാനുമാണ്‌ ഹൈക്കോടതി നിർദ്ദേശം നൽകിയത്‌. ഭീമമായ ഫീസ് വർധനവ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാകുമെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാട്.

അദ്ധ്യാപകരുടെ ശമ്പളം വർധിച്ചതാണ് ഫീസ് വർധിപ്പിക്കാനുള്ള കാരണമായി സ്വാശ്രയ കോളേജുകൾ ചൂണ്ടിക്കാണിക്കുന്നത്.അതേസമയം, മറ്റുള്ള കോളേജുകൾ ആവശ്യപ്പെടുന്നതു പോലെ 11 മുതൽ 20 ലക്ഷം രൂപ വരെ വാർഷിക ഫീസ് ആവശ്യപ്പെടുന്നില്ലെന്നും ഈ അധ്യയന വർഷം ഫീസായി 7.65 ലക്ഷം മതിയെന്നും 4 ക്രിസ്‌ത്യൻ മാനേജ്‌മെന്റ്‌ കോളേജുകൾ നേരത്തെ നിലപാടെടുത്തിട്ടുണ്ട്.