ന്യൂഡൽഹി: ബെംഗളൂരു സ്ഫോടനകേസ് പ്രതിയും പിഡിപി ചെയർമാനുമായ അബ്ദുൾ നാസർ മദനി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അനാരോഗ്യം കണക്കിലെടുത്ത് നാട്ടിലേയ്ക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മദനി അപേക്ഷ നൽകിയത്.

ആരോഗ്യം തീരെ വഷളായതായും ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേയ്ക്ക് പോകാൻ അനുവദിക്കണമെന്നും മദനിക്കായി കോടതിയിൽ ഹാജരായ പ്രശാന്ത്ഭൂഷൺ വാദിച്ചു. എന്നാൽ കോടതി വാദങ്ങൾ അംഗീകരിച്ചില്ല.

കോവിഡ് സാഹചര്യവും മദനിയുടെ പിതാവ് കിടപ്പിലാണെന്നും ഉൾപ്പെടെ പ്രധാന മൂന്ന് കാര്യങ്ങൾ ഉന്നയിച്ചാണ് മദനി കോടതിയെ സമീപിച്ചത്. എന്നാൽ വാദങ്ങളൊന്നും തന്നെ കോടതി മുഖവിലയ്ക്കെടുത്തില്ല.

മദനിക്ക് ജാമ്യം നൽകരുതെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ ശക്തമായിവാദിച്ചു. കേസ് വിചാരണഘട്ടത്തിലെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കർണാടകം സുപ്രീംകോടതിയിൽ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ വാദം ശരിവെച്ച് ജസ്റ്റിസ് എസ്. അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ച് മദനിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിൽ സമാനമായ അപേക്ഷ പരിഗണിക്കവെ അബ്ദുൽ നാസർ മദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പരാമർശിച്ചിരുന്നു. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോകാനും താമസിക്കാനും അനുവദിക്കണമെന്ന ഹർജി പരിഗണിക്കവേയായായിരുന്നു കോടതിയുടെ പരാമർശം

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയായിരുന്നു മദനി സുപ്രീം കോടതിയെ സമീപിച്ചത്. 2014 മുതൽ സുപ്രീം കോടതി നിർദ്ദേശിച്ച കടുത്ത നിബന്ധനകൾക്ക് വിധേയമായുള്ള ജാമ്യത്തിൽ ബെംഗളൂരുവിൽ കഴിയുകയാണ് അദ്ദേഹം. ജാമ്യവ്യവസ്ഥകൾ പൂർണമായി പാലിച്ചാണ് താൻ കഴിയുന്നതെന്നും ഒട്ടനവധി രോഗങ്ങൾ മൂലം വലിയ പ്രയാസം നേരിടുന്നുവെന്നും ഹർജിയിൽ പറഞ്ഞിരുന്നു. .