ന്യൂഡൽഹി: കോവിഡ് രോഗിയായിരിക്കെ ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി തന്നെ കണക്കാക്കണമെന്ന് സുപ്രീംകോടതി. ഇത്തരം മരണങ്ങളിൽ കുടുംബത്തിനു കോവിഡ് നഷ്ടപരിഹാരം നൽകില്ലെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

കോവിഡ് നഷ്ടപരിഹാരത്തിനുവേണ്ടി മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനു കേന്ദ്രം സമർപ്പിച്ച മാർഗരേഖ പരിഗണിച്ചാണു കോടതിയുടെ നിർദ്ദേശം. കോവിഡ് രോഗി ആത്മഹത്യ ചെയ്താലും കോവിഡ് മരണമായി തന്നെ കണക്കാക്കണമെന്നാണ് ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.

മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലെ പരാതികൾ പരിഹരിക്കാനുള്ള ജില്ലാതല സമിതികൾ എത്ര ദിവസത്തിനകം രൂപീകരിക്കണമെന്നു വ്യക്തമാക്കാനും കേന്ദ്രത്തോടു കോടതി നിർദേശിച്ചു. സമിതിക്കു മുൻപാകെ ഹാജരാക്കേണ്ട രേഖകൾ ഏതൊക്കെയെന്നതിൽ വ്യക്തത വരുത്തണമെന്നും കോടതി നിർദ്ദേശം നൽകി.