ന്യൂഡൽഹി : രാജ്യത്തെ കോവിഡ് സാഹചര്യത്തിൽ കടുത്ത വിമർശനവുമായി സുപ്രീം കോടതി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളെയാണ് കോടതി വിമർശിച്ചത്. നേരത്തെയുള്ളതിനേക്കാൾ സ്ഥിതി വഷളാകുന്നുവെന്നും കർശന നടപടികളാണ് വേണ്ടതെന്നും കോടതി പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗം കൂടുതലെന്നും കോടതി പറഞ്ഞു.

നിലവിലെ കോവിഡ് വ്യാപനത്തിന്റെ പൊതുസാഹചര്യം വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിരീക്ഷണങ്ങൾ നടത്തിയത്. രാഷ്ട്രീയപാർട്ടികളുടെ സമ്മേളനങ്ങളും ആഘോഷപരിപാടികളും നിരന്തരം നടക്കുന്നത് കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിവിധ മാർഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കുന്നുണ്ടെങ്കിലും സംസ്ഥാനങ്ങൾ ഇത് ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

60 ശതമാനം ആളുകളും മാസ്‌ക് ധരിക്കാതെയാണ് പുറത്തിറങ്ങുന്നത്. അവശേഷിക്കുന്നവരിൽ 30 ശതമാനം പേർ മാസ്‌ക് ശരിയായി ധരിക്കാതെ, തൂക്കിയിടുന്ന പ്രവണതയും കാണുന്നുണ്ട്. പലരും കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ല. രാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനങ്ങൾ സമയോചിതമായി പ്രവർത്തിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.

നിലവിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നവരിൽ എഴുപത് ശതമാനവും കേരളം ഉൾപ്പടെ പത്തു സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. രാജ്യത്ത് നിലവിൽ ചികത്സയിലുള്ള കോവിഡ് രോഗികളിൽ 14.7 ശതമാനം പേരും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത്-(18.9%). രോഗവ്യാപനം തടയുന്നതിന് ഡൽഹി സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ ആരോപിച്ചു.

സംസ്ഥാനത്ത് നടക്കുന്ന എല്ലാ കോവിഡ് മരണങ്ങളും കണക്കിൽപ്പെടുത്തുണ്ടെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തു. മരണം കോവിഡ് മൂലമാണോയെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ പോലും വിശദമായ പരിശോധനയ്ക്ക് വിധേയം ആക്കുന്നുണ്ട്. മരണം കോവിഡ് മൂല മാണോ എന്ന് സ്ഥിരീകരിക്കാൻ ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് പുറത്ത് ഇറക്കിയ മാർഗരേഖ പ്രകാരമാണ് കേരളം പരിശോധന നടത്തുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ റിപ്പോർട്ട് കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.