ന്യൂഡൽഹി: വൈവിധ്യങ്ങൾ നിറഞ്ഞതും യോജിപ്പുള്ളതുമായ രാഷ്ട്രമാണ് ആവശ്യമെന്ന് സുപ്രീംകോടതി. ദേശ സുരക്ഷ അംഗീകരിക്കുമ്പോഴും ഒരു വ്യക്തിയുടെ വ്യക്തിപരമായ അവകാശങ്ങളും അംഗീകരിപ്പെടേണ്ടതാണെന്നും മാധ്യമങ്ങൾക്ക് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കാൻ അധികാരമില്ലെന്നും ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. സുദർശൻ ടി വി സംപ്രേഷണം ചെയ്യുന്ന ബിന്ദാസ് ബോൽ എന്ന പരിപാടിക്കെതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. യുപിഎസ് സി ജിഹാദെന്ന് ആരോപിച്ചാണ് ബിന്ദാസ് ബോൽ എന്ന പരിപാടി സംപ്രേഷണം ചെയ്തത്.

മുസ്ലിം സമുദായത്തിൽപെട്ടവരെ ഉയർത്തികൊണ്ട് വരാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ. എം ജോസഫ് ചൂണ്ടിക്കാട്ടി. മുസ്ലിങ്ങൾ മാത്രമല്ല എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ഉയർത്തി കൊണ്ട് വരേണ്ടതാണ്. കൂടുതൽ മുസ്ലിങ്ങൾ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിക്കുന്നത് രാജ്യത്തിന് സന്തോഷം നൽകുന്ന കാര്യമാണ്. മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് പരിശീലനം നൽകുന്നത് മുസ്ലിം സമുദായം മാത്രമല്ല. മിക്ക മതവിഭാഗങ്ങളും നൽകുന്നുണ്ടെന്നും ജസ്റ്റിസ് ജോസഫ് അഭിപ്രായപ്പെട്ടു.

തന്റെ ലോ ക്ലർക്ക് ജൈന മത വിശ്വാസി ആണ്. ആ കുട്ടിയും അവരുടെ മത വിഭാഗം സംഘടിപ്പിച്ച പരിശീലന കോഴ്സിൽ പങ്കെടുത്ത് വിജയിച്ചതാണ്. ഇത്തരം പരിശീലന ക്യാമ്പുകൾ ആര് നടത്തിയാലും അതിൽ തെറ്റില്ല. പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട സമുദായത്തിൽപെട്ടവർ. അത് തടയുന്നത് അവരെ തെറ്റായ കൈകളിൽ എത്തിക്കാൻ സഹായിക്കുമെന്നും ജസ്റ്റിസ് ജോസഫ് വ്യക്തമാക്കി. സുദർശൻ ടി വി സംപ്രേഷണം ചെയ്ത ഒരു എപ്പിസോഡ് കണ്ടു എന്നും അത് അങ്ങേയറ്റം വേദനാജനകം ആണെന്നുമായിരുന്നു ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര വ്യക്തമാക്കിയത്.

ഇതിനിടെ ദൃശ്യ മാധ്യമങ്ങളുടെ സ്വയം നിയന്ത്രണ സംവിധാനങ്ങൾ ഫലപ്രദമല്ല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നാഷണൽ ബ്രോഡ്കാസ്റ്റിങ് അസോസിയേഷൻ പോലുള്ള സംഘടനകൾക്ക് അധികാരം ഇല്ല. സ്വയം നിയന്ത്രണ സംവിധാനങ്ങൾ ശക്തിപെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കോടതി കേന്ദ്ര സർക്കാരിനോടും, NBA യോടും നിർദ്ദേശിച്ചു. ഹർജിയിലെ തുടർവാദം തിങ്കളാഴ്‌ച്ച ഉച്ചക്ക് ശേഷം നടക്കും.