ന്യൂഡൽഹി: യു പി പൊലീസ് അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്ക് ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഡൽഹി എയിംസിലേക്കോ ആർഎംഎൽ ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് നിർദ്ദേശം. ഉത്തർപ്രദേശ് സർക്കാരിന്റെ എതിർപ്പ് തള്ളിയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. കാപ്പനെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 11 യുഡിഎഫ് എംപിമാർ ചീഫ് ജസ്റ്റിസ് എൻ.വി.രമണയ്ക്ക് കത്തയച്ചിരുന്നു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും ഇതേ ആവശ്യം ഉന്നയിച്ച് ചീഫ് ജസ്റ്റിസിന് കത്തു നൽകിയിരുന്നു

സിദ്ധീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കാപ്പന് ചികിത്സ ഉറപ്പാക്കുക എന്നതാണ് പ്രധാനമെന്നും അതിനുള്ള നടപടിയാണ് കോടതി ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സിദ്ധീഖ് കാപ്പനെ യുപിയിൽ നിന്നും പുറത്തുകൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റർ ജനറൽ എതിർത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡൽഹിക്ക് കൊണ്ടു പോകാൻ നിർദ്ദേശിക്കുകയായിരുന്നു. അതേസമയം കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല.

സിദ്ധീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കാപ്പന് ചികിത്സ ഉറപ്പാക്കുക എന്നതാണ് പ്രധാനമെന്നും അതിനുള്ള നടപടിയാണ് കോടതി ഇപ്പോൾ സ്വീകരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആദ്യം കാപ്പനെ ഡൽഹിക്ക് മാറ്റുക ആവശ്യമായ ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന് ബന്ധപ്പെട്ട കോടതിയിൽ ജാമ്യത്തിനായി അപേക്ഷിക്കാം - ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതോടെ കാപ്പന് വേണ്ടി കെയുഡെബ്‌ള്യുജെ സമർപ്പിച്ച ഹർജി സുപ്രീംകോടതി തീർപ്പാക്കി.

കാപ്പൻ കോവിഡ് മുക്തനായെന്ന് കാണിച്ച് യുപി സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും ഇതേ റിപ്പോർട്ടിൽ തന്നെ അദ്ദേഹത്തിന്റെ ശരീരത്തിൽ മുറിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു. കാപ്പന്റെ ആരോഗ്യനിലയിൽ കോടതിയുടെ ശ്രദ്ധ പതിയാൻ ഈ റിപ്പോർട്ട് കാരണമായി. കാപ്പനെ യുപിക്ക് പുറത്തേക്ക് മാറ്റുന്നതിനെ ശക്തമായി എതിർത്ത സോളിസിറ്റർ ജനറലിന്റെ വാദത്തെ ചീഫ് ജസ്റ്റിസ് ഖണ്ഡിച്ചതും യുപി സർക്കാരിന്റെ ഈ റിപ്പോർട്ട് വച്ചാണ്.

കാപ്പന് അനുകൂലമായ വിധി സുപ്രീംകോടതിയിൽ നിന്നും ഉണ്ടാവാതിരിക്കാൻ കടുത്ത പ്രതിരോധമാണ് ഉത്തർപ്രദേശ് സർക്കാരും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും നടത്തിയത്. യുപിയിൽ ആശുപത്രി സൗകര്യം കിട്ടാത്ത നിരവധി മാധ്യമപ്രവർത്തകരുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത രാവിലെ നടന്ന വാദത്തിനിടെ ചൂണ്ടിക്കാട്ടി. മഥുരയിൽ കാപ്പന് ഒരു കിടക്ക ഉറപ്പാക്കാമെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.

ഉത്തർപ്രദേശിലെ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നത് തടയാൻ അതിവേഗ നീക്കമാണ് ഉത്തർപ്രദേശ് സർക്കാർ നടത്തിയത്. കാപ്പനെ തിരക്കിട്ട് മധുര ജയിലിലേക്ക് മാറ്റിയ യുപി സർക്കാർ കാപ്പന്റെ ആരോഗ്യ നിലയെ സംബന്ധിച്ച റിപ്പോർട്ടും സുപ്രീംകോടതിയിൽ നൽകി.

കാപ്പൻ കോവിഡ് മുക്തനായെന്ന് യുപി സർക്കാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം കാപ്പന് മുറിവേറ്റിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ജയിലിൽ കഴിയുന്ന കാപ്പന് കോവിഡ് ബാധിച്ചിരുന്നുവെന്നും ചികിത്സ നിഷേധിക്കപ്പെട്ടുവെന്നുമുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കാപ്പനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കാനിരിക്കെയാണ് യുപി സർക്കാർ റിപ്പോർട്ട് നൽകുന്നത്.

യുപി സർക്കാരിന്റെ സ്‌പെഷ്യൽ സെക്രട്ടറി പ്രശാന്ത് കുമാർ ആണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കാപ്പനെ ജയിലിലോ ആശുപത്രിയിലോ ചങ്ങലക്കിട്ടിരുന്നുവെന്ന ആരോപണം യുപി സർക്കാർ നിഷേധിച്ചു. മാത്രമല്ല, പത്രപ്രവർത്തക യൂണിയൻ നൽകിയ ഹർജിയെ റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. യുപിയിലേക്ക് കാപ്പൻ പോയത് ഏത് സംഘടനയ്ക്ക് വേണ്ടിയാണോ അവർക്കായുള്ള നിഴൽ യുദ്ധമാണ് പത്രപ്രവർത്തക യൂണിയൻ നടത്തുന്നതെന്നും യുപി സർക്കാർ റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാത്രിയാണ് സിദ്ദിഖ് കാപ്പനെ ആശുപത്രിയിൽ നിന്ന് മധുര ജയിലിലേക്ക് കൊണ്ടുപോയത്.