ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ദയാഹർജിയിൽ ഒരാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണം. അല്ലെങ്കിൽ സുപ്രീം കോടതിക്ക് മോചന ഉത്തരവ് പുറത്തിറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.

പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് അയച്ചു കൊടുത്ത തമിഴ്‌നാട് ഗവർണറുടെ നടപടിയെയും കോടതി വിമർശിച്ചു. പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന ക്യാബിനറ്റിന്റെ ശുപാർശ മൂന്നര വർഷത്തിലധികം തീരുമാനമെടുക്കാതെ ഗവർണർ കൈവശം വെച്ചതിനെയും കോടതി വിമർശിച്ചു.

മോചന കാര്യത്തിൽ ഗവർണർക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിൽ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. അല്ലാതെ രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അടുത്ത മാസം (മെയ്) നാലിന് പേരറിവാളന്റെ മോചന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.