ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിലെ റോഡ് ഉപരോധം അനിശ്ചിതകാലം തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ നിയമപരമായ ഇടപെടൽ വഴിയോ പാർലമെന്റിലെ ചർച്ചകളിലൂടെയോ പരിഹാരം കാണണമെന്നും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ഡൽഹി അതിർത്തികളിൽ നടക്കുന്ന കർഷകരുടെ റോഡ് ഉപരോധത്തിനെതിരെ നോയിഡ സ്വദേശി സമർപ്പിച്ച് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വാക്കാൽ പരാമർശം. ദേശീയ പാതകൾ ഇങ്ങനെ അനിശ്ചിതക്കാലം ഉപരോധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇതുമൂലം ദിവസേനയുള്ള യാത്രക്കാർ മുതൽ ദീർഘദൂര യാത്രക്കാർ വരെ പ്രതിസന്ധിയിലാകുന്നുവെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

വിഷയത്തിൽ പരിഹാരം കാണമെന്ന് കേന്ദ്രസർക്കാരിനോടും, യുപി, ഹരിയാന സർക്കാരുകളോടും ബെഞ്ച് ആവശ്യപ്പെട്ടു. ചർച്ചകൾക്കായി ഒരു ഉന്നതതല സമിതി രൂപീകരിച്ചെങ്കിലും പ്രതിഷേധിക്കുന്ന സംഘടനകൾ സമിതിയുമായി സഹകരിക്കുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിൽ പ്രതിഷേധിക്കുന്ന സംഘടനകളെ കക്ഷികളാക്കാൻ അപേക്ഷ സമർപ്പിക്കാൻ സോളിസിറ്റർ ജനറലിനോട് ബെഞ്ച് നിർദ്ദേശിച്ചു. കേസിൽ തിങ്കളാഴ്‌ച്ച വീണ്ടും വാദം കേൾക്കും.