ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തൽ വിഷയത്തിൽ കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ബുധനാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് രാവിലെ 10.30ന് വിധി പ്രസ്താവിക്കുന്നത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

പെഗസ്സസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഉൾപ്പെടെയുള്ളവരെ നിരീക്ഷിച്ചെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹർജികൾ സുപ്രീം കോടതിക്കു മുൻപാകെ എത്തിയത്.

ഇസ്രയേലി കമ്പനിയായ എൻ.എസ്.ഒയാണ് പെഗസ്സസ് ചാര സോഫ്റ്റ് വെയറിന്റെ നിർമ്മാതാക്കൾ. രാഷ്ട്രീയ-മാധ്യമ-സാമൂഹിക പ്രവർത്തകർക്കു മേൽ ചാരവൃത്തി നടത്തിയെന്ന ആരോപണം അന്വേഷിക്കാൻ ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിക്കാൻ ആലോചിക്കുന്നതായി കഴിഞ്ഞമാസം 23-ന് നടന്ന വാദത്തിനിടെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ടെക്നിക്കൽ കമ്മിറ്റിയുടെ ഭാഗമാകാൻ താൽപര്യമുള്ളവരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഉത്തരവ് വൈകാൻ കാരണമെന്നും അന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തിരുന്നു

മാധ്യമപ്രവർത്തകരായ എൻ റാം, ശശികുമാർ, ജോൺ ബ്രിട്ടാസ് എം പി എന്നിവരാണ് സുപ്രീംകോടതിയിൽ ഹർജി സർപ്പിച്ചത്.കഴിഞ്ഞ ജൂലായിലാണ് 17 ഓളം അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങൾ നടത്തിയ അന്വേഷണത്തിൽ പെഗസ്സസ് ചാര സോഫ്ട്വെയർ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, മാധ്യമപ്രവർത്തകർ എന്നിവരുടേതടക്കം ഫോൺ ചോർത്തിയതായി കണ്ടെത്തിയത്.

എന്നാൽ സർക്കാർ ഏജൻസികൾ അനധികൃത ഇടപെടലുകളൊന്നും നടത്തിയിട്ടില്ലെന്നും പുറത്തു വന്ന റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതാണെന്നും, മുൻകൂട്ടി തീരുമാനിച്ച നിഗമനങ്ങളിൽ അധിഷ്ടിതമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ഒരു അന്താരാഷ്ട്ര മീഡിയ കൺസോർഷ്യം റിപ്പോർട്ട് ചെയ്തത് 300 ലധികം വെരിഫൈഡ് ആയുള്ള മൊബൈൽ നമ്പരുകൾ പെഗസ്സസിന്റെ നിരീക്ഷണത്തിൽ ഉണ്ടെന്നാണ് കണക്ക്. ആഗോളതലത്തിൽ നടത്തിയ ഒരു അന്വേഷണമാണ് പെഗസ്സസ് എന്ന ചാര സോഫ്റ്റ്‌വെയർ കണ്ടെത്തിയത്. ഇസ്രയേലി സ്‌പൈവെയർ ആയ പെഗസ്സസ് ആഗോളതലത്തിൽ ആയിരകണക്കിന് ആളുകളുടെ വിവരങ്ങൾ ചോർത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.