ന്യൂഡൽഹി: കോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് രാഷ്ട്രീയം കളിക്കരുതെന്ന് ഡൽഹി സർക്കാരിനോട് സുപ്രീം കോടതി. സഹകരണത്തിന്റെ പാതയാണ് പിന്തുടരേണ്ടതെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു.

ഏറെ പ്രതിസന്ധിയിലാവുന്ന സാഹചര്യങ്ങളിൽ ഉന്നത തലങ്ങളിലേക്ക് വിവരം അറിയിക്കണം. ഇത്തരം ഘട്ടങ്ങളിൽ രാഷ്ട്രീയപരമായ തർക്കങ്ങൾ ഉണ്ടാവരുത്. തിരഞ്ഞെടുപ്പ് കാലത്താണ് രാഷ്ട്രീയം വേണ്ടത്. ഇപ്പോൾ രാജ്യത്തെ ജനങ്ങളുടെ ജീവിതം അപകടത്തിലാണ്. സഹകരമാണ് ഇപ്പോൾ വേണ്ടത്-സുപ്രീം കോടതി പറഞ്ഞു.

നിലവിലെ പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ ഭരണസംവിധാനം പൂർണമായും ഫലവത്തായി പ്രവർത്തിക്കുമെന്ന് ഡൽഹി സർക്കാർ കോടതിയിൽ ഉറപ്പുനൽകി.

ഡൽഹിയുടെ കാര്യത്തിൽ കേന്ദ്രത്തിന് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് നേരത്തേയും കോടതി നിരീക്ഷിച്ചിരുന്നു.

ഡൽഹിയിൽ ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ഡൽഹി സർക്കാർ ഉന്നയിച്ച ആരോപണങ്ങളിലാണ് കോടതി നിരീക്ഷണം. വിഷയത്തിൽ വിശദീകരണം നൽകാൻ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.