ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് പരോൾ ലഭിച്ച തടവ് പുള്ളി ജയിലേക്ക് മടങ്ങണമെന്ന സർക്കാർ നിർദ്ദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി. തിങ്കളഴ്‌ച്ച ജയിലിലേക്ക് മടങ്ങേണ്ടിയിരുന്ന തൃശൂർ സ്വദേശി രഞ്ജിത്തിനാണ് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചത്. എന്നാൽ സുപ്രീം കോടതിയിൽ നിന്നോ, ഹൈക്കോടതിയിൽ നിന്നോ ഇളവ് ലഭിക്കാത്ത തടവ് പുള്ളികൾക്ക് ജയിലുകളിലേക്ക് മടങ്ങേണ്ടി വരുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തൃശൂർ സ്വദേശി രഞ്ജിതാണ് കേരളത്തിലെ കോവിഡ് സാഹചര്യം അടക്കം ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന രഞ്ജിത്ത് നിലവിൽ പരോളിലാണ്. ഈ മാസം 26ന് ജയിലിലേക്ക് മടങ്ങാനായിരുന്നു രഞ്ജിത്തിനോട് നിർദേശിച്ചിരുന്നത്.

ഇതിനെതിരെ അദ്ദേഹം നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ സർക്കാരിന്റെ തീരുമാനവും ഫലത്തിൽ സ്റ്റേ ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അഭിഭാഷകർ പറഞ്ഞു.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് അനുവദിച്ച ഇടക്കാല ജാമ്യവും പരോളും സുപ്രീംകോടതി നീട്ടിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ തടവുകാരോട് കീഴടങ്ങാൻ ആവശ്യപ്പെടരുതെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിർദ്ദേശം. എന്നാൽ, സംസ്ഥാന സർക്കാർ സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ദീപക് പ്രകാശ് ആരോപിച്ചു.

രണ്ടാം തരംഗം നേരിടാൻ കേരള സർക്കാരിന് കഴിയുന്നില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നിലവിൽ ജയിലിലേക്ക് മടക്കി അയക്കുന്നത് വധശിക്ഷ വിധിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കോടതിയിൽ അഭിപ്രായപ്പെട്ടു.