തൃശ്ശൂർ: ഇന്ധനവിലയും പാചകവാതക വിലയും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ട വിഷയമല്ലെന്ന് തൃശ്ശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി. ഒരു ന്യൂസ് ചാനലിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.ഇന്ധനവില വർധനയിൽ താനും ദുരിതമനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പണമുണ്ടെന്ന് വിചാരിക്കരുത്. പണം എന്തിനൊക്കെ ചെലവാക്കുന്നു. അധികം പണമുള്ളവർക്കോ അല്ലെങ്കിൽ പണമില്ലാത്തവനോ പ്രശ്നമില്ല. ഇടത്തരക്കാരനാണ് അത് വലിയ ബുദ്ധിമുട്ടായി വരുന്നത്. പക്ഷെ ഈ സമ്പ്രദായം ആരാണ് തുടങ്ങിവെച്ചത്. കമ്പനികൾക്ക് അവർക്ക് തോന്നിയത് പോലെ വില നിശ്ചയിക്കാമെന്ന് ആരാണ് തുടങ്ങിവെച്ചത്.

അതിനകത്ത് രാഷ്ട്രീയം നമുക്ക് പറയേണ്ടിവരും. പക്ഷെ അങ്ങനെ ഒരു സംവിധാനം ഇവരും വെച്ച് പോരുന്നതിൽ എനിക്ക് യോജിപ്പില്ല.

പെട്രോളും ഡീസലും വിഷയമാക്കിയെടുത്ത് നിങ്ങൾ ഒരു തെറ്റായ തീരുമാനമെടുത്താൽ അഞ്ച് വർഷത്തേക്കാണ് ക്രഷറിയിൽ ചെന്ന് വീഴുന്നത്. ഇന്ധനവില ചിലപ്പോൾ നാലഞ്ച് മാസം കൊണ്ട് താഴെപ്പോയെന്ന് വരും-സുരേഷ് ഗോപി പറഞ്ഞു.

ഒൻപത് മാസത്തിനിടെ ഇന്ധനവില വർധിച്ചത് 22 രൂപയിലേറെയാണ്. 50 തവണകളിലെറെയാണ് ഈ വിലവർധനവ് ഉണ്ടായത്. ഇന്ധന വിലയിലെ നികുതിയുടെ ഭാഗം കുറയ്ക്കാനാകില്ലെന്ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും നിലപാടിൽ ഉറച്ചുനിന്നതോടെ ചരിത്രത്തിലാദ്യമായി രാജ്യത്തെ വിവിധയിടങ്ങളിൽ വില നൂറ് കടന്നിരുന്നു.

ഇന്ത്യയിലെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ്. നവംബർ 19 മുതലാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിക്കാൻ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

2018 ൽ പെട്രോൾ, ഡീസൽ വില കുതിച്ച് കയറിയപ്പോൾ സർക്കാർ ചില നടപടികൾ സ്വീകരിച്ചിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു അന്ന് ചെയ്തത്. ഇതു കൂടാതെ സർക്കാർ എണ്ണക്കമ്പനികൾ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു.

ഇന്ത്യയിൽ എണ്ണവില നിശ്ചയിക്കപ്പെടുന്നത് രാജ്യാന്തര വിപണിയിലെ അസംസ്‌കൃത വിലയെ അടിസ്ഥാനമാക്കിയാണ്. അതിനൊപ്പം തന്നെ ഡോളറിന്റെ മൂല്യവും ഇതിൽ നിർണായകമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നാൽ എണ്ണ വില കുറയ്ക്കാൻ വഴിയൊരുക്കും.