തൃശ്ശൂർ: തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അസുര നിഗ്രഹത്തിനായി തിരുവനന്തപുരത്ത് മാളികപ്പുറമിറങ്ങിയെന്നായിരുന്നു ശോഭയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി.എല്ലാ ക്ഷേത്രങ്ങളും വിശ്വാസികളുടെ കൈയിലെത്തുമെന്നും അതൊന്നും വൃത്തികെട്ട രാഷ്ട്രീയക്കാരുടെ കൈകളിലല്ല ഉണ്ടാവുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമലയ്ക്കായി പാർലമെന്റിൽ നിയമനിർമ്മാണം നടത്തുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം കേന്ദ്രനേതാക്കൾ തുടങ്ങി കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി തൃശൂരിൽ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. ഹെലികോപ്റ്ററിലെത്തിയാണ് സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.പുഴയ്ക്കലിൽ നിന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് അദ്ദേഹം കളക്ടറേറ്റിലെത്തിയത്. തൃശൂരിൽ ശക്തമായ മത്സരസാധ്യതയുണ്ടെന്ന് ആവർത്തിച്ച സുരേഷ് ഗോപി എംപി തൃശ്ശൂരിലെ വോട്ടർമാർ തനിക്ക് വിജയം തരുമെന്നും പറഞ്ഞു.

മത്സര സാധ്യത എന്താണെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകും. ശബരിമല ഈ തെരഞ്ഞെടുപ്പിലും പ്രചാരണ വിഷയമാണെന്നും ഇതേക്കുറിച്ചുള്ള സീതാറാം യെച്ചൂരിയുടെ പ്രസ്താവന പുച്ഛിച്ചു തള്ളുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.അതേസമയം താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തവണ തൃശൂർ അങ്ങെടുക്കുമോയെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യം. എന്നാൽ തൃശൂരിൽ വിജയസാധ്യതയല്ല, മത്സരസാധ്യതയാണ് ഉള്ളതെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആര് ജയിക്കുമെന്ന് ആർക്കും പറയാനാവില്ല. എങ്കിലും നല്ല മത്സര സാധ്യതയുള്ള മണ്ഡലമാണ് തൃശൂർ. പാർട്ടി മുന്നോട്ടുവെച്ചത് നാല് സീറ്റുകളാണ്. അതിൽ തൃശൂർ താൻ തെരഞ്ഞെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തൃശൂരിൽ മത്സരിക്കാനാണ് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു,

തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് സ്ഥാനാർത്ഥിയായത്. കലാകാരൻ എന്ന നിലയിൽ രാഷ്ട്രീയമായ കാര്യങ്ങളിൽ മറുപടി പറയാനാവില്ല. എംപിയെന്ന നിലയിൽ നല്ല നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. അതെല്ലാം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിജെപി വിജയ സാധ്യത കൽപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. വിവിധ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ വോട്ട് വർദ്ധനവിനൊപ്പം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. സുരേഷ് ഗോപി മത്സരിച്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജക മണ്ഡലത്തിൽ രണ്ടാമതെത്താൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ താര പരിവേഷവും തൃശൂർ കേന്ദ്രീകരിച്ച് നടത്തിയ സേവന പ്രവർത്തനങ്ങളും ഗുണമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സുരേഷ് ഗോപിയെ ഇക്കഴിഞ്ഞ 14ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും വിദഗ്ധപരിശോധനയിൽ അദ്ദേഹത്തിന് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടർമാർ നിർദ്ദേശിച്ച 10 ദിവസത്തെ വിശ്രമം പൂർത്തിയാക്കിയ ശേഷം അദ്ദേഹം പ്രചാരണ രംഗത്ത് സജീവമാകും.