തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരമാണ് സുരേഷ് ഗോപി. കാലങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചത്. അഭിനേതാവെന്നതിന് പുറമെ നല്ലൊരു ഗായകനാണെന്നും പലപ്പോഴും സുരേഷ് ഗോപി തെളിയിച്ചിട്ടുണ്ട്. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പാപ്പൻ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരിപ്പോൾ. ഈ അവസരത്തിൽ നടൻ ഫേസ്‌ബുക്കിൽ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്.

സംവിധായകൻ സത്യൻ അന്തിക്കാടിനെ വീട്ടിലെത്തി സന്ദർശിക്കുന്ന നടൻ സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.ടീം സുരേഷ് ഗോപി എന്ന ഫേസ്‌ബുക്ക് പേജിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.വിഷുക്കോടി നൽകിയ ശേഷം സത്യൻ അന്തിക്കാടിന്റെ അനുഗ്രഹവും വാങ്ങിയാണ് താരം മടങ്ങിയത്.

നീല ഷർട്ടും വെള്ള മുണ്ടുമാണ് ഇരുവരുടെയും വേഷമെന്നതും കൗതുക കാഴ്ചയായി. ഇരുവരുടെയും ചിത്രങ്ങൾ കണ്ട ആരാധകരും ഇപ്പോൾ ആവേശത്തിലാണ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരു സുരേഷ് ഗോപി ചിത്രം ഉടനുണ്ടാകുമെന്നാണ് പലരും കുറിച്ചിരിക്കുന്നത്.

 

പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും രംഗത്തെത്തി.അടുത്ത ചിത്രം വരുന്നുണ്ടോ എന്നാണ് ഭൂരിഭാഗം പേരുടെയും സംശയം.'സത്യേട്ടന്റെ കൂടെ ഒരു സിനിമ പ്രതീക്ഷിക്കുന്നു, നന്മകൾ നിറഞ്ഞൊരു സിനിമ സത്യൻ അന്തിക്കാടിനൊപ്പം പ്രതീക്ഷിക്കുന്നു. പുതിയ പടം സത്യനൊപ്പമാണോ എങ്കിൽ പൊളിക്കും', എന്നൊക്കെയാണ് ഓരോരുത്തരും കമന്റ് ചെയ്യുന്നത്.

രാജ്യസഭയിലെ കാലാവധി അവസാനിച്ചത് പിന്നാലെ തൃശൂരിലെത്തിയ സുരേഷ് ഗോപി ജില്ലയിലെ പരിപാടികൾ സജീവമായി പങ്കെടുക്കുന്നുണ്ട്. ഇത്തവണ തൃശൂർ പൂരത്തിന് അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം ഇടപെട്ടാണ് പതിവ് പോലെ പൂരം നടത്താനുള്ള ഉത്തരവ് വാങ്ങിയെടുത്തത്.കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കൊണ്ട് അർദ്ധരാത്രിയാണ് ഒപ്പ് വാങ്ങിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസോയാണ് (പെട്രോളിയം ആൻഡ് എക്സ്പ്‌ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) പൂരത്തിലെ വെടിക്കെട്ടിന് അനുമതി നൽകിയത്.പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ട പ്രകാരമായിരുന്നു സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ടത്.