കഴക്കൂട്ടം: കഴക്കൂട്ടത്ത് സുറുമിക്കും മകൾക്കും നേരിടേണ്ടി വന്നതും നെയ്യാറ്റിൻകരയിലേതിന് സമാനമായ ക്രൂരത. സൈനിക് സ്‌കൂളിനടുത്ത് വാടകയ്ക്കു താമസിക്കുന്ന സുറുമി, മക്കളായ ആമിന(11), അഫിന(10), അഷ്ന(9) എന്നിവരുൾപ്പെട്ട കുടുംബത്തിനാണ് പുറമ്പോക്കിലെ കൂര നഷ്ടപ്പെട്ടത്. റവന്യൂ രേഖയിൽ പുറമ്പോക്കെന്നു കാണുന്ന, അഞ്ചേമുക്കാൽ സെന്റുള്ളതാണ് സ്ഥലം. ഇതു കൈക്കലാക്കി സ്വന്തം വഴിയാക്കാൻ താത്പര്യമുള്ളവരാണ് കുടിയിറക്കലിനു പിന്നിൽ.

വാടക കൊടുക്കാൻ കാശില്ലാതെ, സുറുമിയും മക്കളും സൈനിക് നഗർ എച്ച് ബ്ലോക്കിലെ പുറമ്പോക്കിൽ താമസത്തിനു ശ്രമിക്കുകയുണ്ടായി. ചിലരുടെ സഹായത്തോടെ അവിടെ മണ്ണിട്ടുയർത്തുകയും ഒരു തൊഴിലാളിയെ നിർത്തി ഡിസംബർ 16-ന് രാത്രി രണ്ടുമണിയോടെ കാറ്റാടിമരക്കഴകളും ടാർപായയും കൊണ്ട് ചെറിയ കൂര കെട്ടുകയും ചെയ്തു. പുറമ്പോക്കെന്ന ഉത്തമ ബോധ്യത്തിലായിരുന്നു ഇത്. ഇതോടെയാണ് അയൽവാസികൾ കലിപ്പുമായി എത്തുന്നത്.

മൂന്നുപേർ പിറ്റേന്നു രാവിലെ ആറരയ്ക്ക് വന്ന് അതു പൊളിച്ചു. സുറുമിയെ ഭീഷണിപ്പെടുത്തുകയും മക്കളെ പിടിച്ചുതള്ളുകയും തന്റെ നെറ്റിയിൽ മുറിവേല്പിക്കുകയും ചെയ്തു. കൂര പൊളിക്കുന്ന ദൃശ്യം, അടുത്തുള്ള വീട്ടിലെ സി.സി. ടി.വി. ക്യാമറയിൽ പതിഞ്ഞു. അന്നുതന്നെ കഴക്കൂട്ടം പൊലീസിൽ സുറുമി പരാതി കൊടുത്തു. പക്ഷേ നീതി മാത്രം കിട്ടിയില്ല. പ്രതികൾക്കുള്ള സ്വാധീനമായിരുന്നു ഇതിന് കാരണം. സിസിടിവി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ വെറുതെ വിടുകയാണ് പൊലീസ്.

പരാതി കൈപ്പറ്റിയതിന്റെ രസീതിന് പോലും പൊലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങേണ്ടി വന്നു. സംഭവസമയത്ത് പൊലീസ് സ്ഥലത്തു വന്ന് നോക്കിയല്ലാതെ കുറ്റക്കാർക്കെതിരേ നടപടിയെടുത്തില്ല. ഈ സ്ഥലം തന്റെ പേരിൽ പതിച്ചുകിട്ടാൻ അപേക്ഷിച്ചിരുന്നുവെന്നും സുറുമി പറഞ്ഞു. അതിനിടെ പുറമ്പോക്ക് ഭൂമിയിൽനിന്ന് ചിലർ കൂര പൊളിച്ച് കുടിയിറക്കിയ സ്ത്രീക്കും പെൺമക്കൾക്കും വ്യവസായി സ്ഥലവും വീടും വാഗ്ദാനം ചെയ്തു. ഇവർക്ക് അഞ്ചു സെന്റ് സ്ഥലവും അതിൽ വീടും നൽകാമെന്ന് വ്യവസായി എം.ഐ.ഷാനവാസാണ് അറിയിച്ചത്.

സംഭവം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസും രാഷ്ട്രീയക്കാരും ഉണർന്നു. പലരും യുവതിയെ കാണാനെത്തി. സുറുമിയുടെ കുടുംബത്തിന് സംരക്ഷണം ഉറപ്പാക്കുമെന്ന് വ്യാഴാഴ്ച വൈകീട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പുറമ്പോക്ക് സ്ഥലം അളന്നു തിട്ടപ്പെടുത്തി സർക്കാരിന്റേതായി നിലനിർത്തും. പരാതി കിട്ടിയിട്ടും പൊലീസ് നടപടിയെടുക്കാൻ വൈകിയെന്ന ആക്ഷേപത്തെപ്പറ്റി അന്വേഷിക്കും. അതിക്രമം നടത്തിയവർക്കെതിരേ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാനായി വില്ലേജ് ഓഫിസിലും മറ്റും കയറിയിറങ്ങുമ്പോൾ 17ന് രാവിലെ അയൽവാസികളായ മൂന്നു പേർ ചേർന്ന് അസഭ്യം പറയുകയും പെൺമക്കളെ പിടിച്ചു പുറത്താക്കി ഷെഡ് വെട്ടിപ്പൊളിക്കുകയും ചെയ്തു എന്നാണ് സുറുമി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. കഴക്കൂട്ടം പൊലീസ് പരാതി അന്വേഷിച്ചെങ്കിലും തുടർ നടപടിയില്ല. പ്രമുഖ പ്രവാസി വ്യവസായി ചന്തവിള ആമ്പല്ലൂർ സ്വദേശിയും ലൈലാക്ക് ഗ്രൂപ്പിന്റെ ചെയർമാനുമായ എം.ഐ ഷാനവാസാണ് കുടുംബത്തിന് കൈതാങ്ങായി എത്തുന്നത്.

ചന്തവിളയുള്ള ഷാനവാസിന്റെ ഭൂമിയിൽ നിന്നും അഞ്ചു സെന്റ് സുറുമിക്ക് നൽകാമെന്നും അവിടെ വീടുവയ്ക്കാനുള്ള ചെലവും താൻ വഹിക്കാം എന്നും ഉറപ്പ് നൽകിയിട്ടുണ്ട്. വീട് നിർമ്മിക്കുന്നതു വരെ കുടുംബത്തിന് വാടകവീട്ടിൽ താമസിക്കാനുള്ള ചെലവും താൻ വഹിക്കാമെന്നും ഷാനവാസ് സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ 17ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകത്തിന്റെ ശ്രദ്ധയിലെത്തിയത്. ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന സുറുമി ഏഴും ഒൻപതും പതിനൊന്നും വയസുള്ള പെൺക്കളുമായാണ് ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടിയ ഷെഡിൽ താമസിച്ചിരുന്നത്. ഏഴു വർഷത്തോളമായി ഈ പുറമ്പോക്കിലാണ് കഴിയുന്നത്. ഇടയ്ക്ക് വീടിന്റെ ശോച്യാവസ്ഥ കാരണം തൊട്ടടുത്തുള്ള വാടക വീട്ടിലേക്കു മാറിയിരുന്നു. വാടക കൊടുക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞ 17ന് വീണ്ടും തിരികെയെത്തി ഷെഡിന്റെ അപാകതകൾ പരിഹരിച്ച് താമസമാക്കുന്നതിനിടെയിരുന്നു അക്രമം.

ഷംനാദ്, ദിൽഷാദ് എന്നീ സഹോദരങ്ങൾ വടിവാളുമായെത്തി കുട്ടികളെ ആക്രമിച്ച് വീടു തകർക്കുകയായിരുന്നുവെന്ന് സുറുമി പറഞ്ഞു. നിയമപ്രകാരം 59/5 ൽ പെട്ട സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നുള്ള രേഖയും കുടുംബത്തിന്റെ കൈയിലുണ്ട്. വഴിയുടെ പേര് പറഞ്ഞാണ് കുടിൽ പൊളിച്ചതെന്നാണ് വിവരം. അക്രമത്തിനെതിരെ കുടുംബം പൊലീസിലും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും, ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടിയാൽ അധികാരികൾക്ക് പരാതി നൽകാം. കുടിൽ പൊളിക്കാനുള്ള അധികാരം ആർക്കുമില്ലെന്നതാണ് വസ്തുത.