തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ, സഹയാത്രികന്റെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന കോഴിക്കോട് സ്വദേശിനിയായ അദ്ധ്യാപികയുടെ പരാതിയിൽ കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ വി.കെ. ജാഫറിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ടക്ടറെ സ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി സിഎംഡി ഉത്തറവിറക്കി. കണ്ടക്ടർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ഉടനെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. കണ്ടക്ടർക്ക് ഗുരുതര വീഴച്ച പറ്റിയതായി കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ നടക്കാവ് പൊലീസും കേസ്സെടുത്തിട്ടുണ്ട്.

ബസിലെ യാത്രക്കാൻ ലൈംഗിക ഉദ്ദേശത്തോടുകൂടി സ്പർച്ചതിനെ തുടർന്ന് യാത്രക്കാരി പ്രതികരിച്ചിട്ടും കണ്ടക്ടർ ഇടപെടാതിരിക്കുകയും അതിനെ പറ്റി ചോദിച്ചപ്പോൾ, കയർത്ത് സംസാരിക്കുകയും ചെയ്തുവെന്ന പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ ജാഫറിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിലുണ്ട്.

യാത്രക്കാർക്ക് സംരക്ഷണം നൽകേണ്ട കെ.എസ്.ആർ.ടി.സി ജീവനക്കാരൻ പരാതിയുമായി എത്തിയ യാത്രക്കാരിയുടെ പരാതി അനുഭാവപൂർവ്വം കേട്ട് പരിഹരിക്കാതെ കയർത്തു സംസാരിക്കുകയും കോർപ്പറേഷന്റെ അനുമതിയില്ലാതെ ദൃശ്യമാധ്യമങ്ങളിൽ തന്റെ ഭാഗം ന്യായീകരിച്ച് കോർപ്പറേഷന് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വി.കെ ജാഫറിന്റെ പ്രവൃത്തി ഗുരുതര സ്വഭാവദൂഷ്യവും കൃത്യവിലോപവും ചട്ടലംഘനവും നിരുത്തരവാദപരവുമാണെന്നുമുള്ള കണ്ടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കോർപറേഷൻ പ്രസ്താവനയിൽ പറഞ്ഞു.

യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനും ഇടയിൽ വെച്ച് അദ്ധ്യാപികയെ പിൻസീറ്റിൽ നിന്ന് ഒരാൾ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെതിരേ ഉറക്കെ ഇവർ പ്രതികരിച്ചിട്ടും മറ്റ് യാത്രക്കാരിൽ നിന്നോ കണ്ടക്ടറിൽ നിന്നോ പിന്തുണ ലഭിച്ചില്ല. അത്ര ഗൗരവമായ വിഷയമല്ലെന്ന രീതിയിൽ കണ്ടക്ടർ പെരുമാറിയെന്നും അദ്ധ്യാപിക ആരോപിച്ചു. കണ്ടക്ടർക്കെതിരെയും ഉപദ്രവിച്ച വ്യക്തിക്കെതിരെയും പരാതി നൽകുമെന്നും അദ്ധ്യാപിക വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം - കോഴിക്കോട് ബസിൽ തൃശൂരിനടുത്തു വച്ചു ശനിയാഴ്ച രാത്രിയാണു സംഭവമുണ്ടായത്. തൊട്ടടുത്ത സീറ്റിലെ വ്യക്തി മോശമായി പെരുമാറിയെന്നും കണ്ടക്ടർ ഇടപെടാതെ ഇരുന്നെന്നും യുവതി ആരോപിച്ചിരുന്നു. ഇടപെടാൻ ശ്രമിച്ച ഡ്രൈവറെ കണ്ടക്ടർ വിലക്കിയെന്നും യുവതി ആരോപിച്ചു. സംഭവം വിവാദമായതോടെ മാപ്പു പറഞ്ഞു കണ്ടക്ടർ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരം - കോഴിക്കോട് സൂപ്പർ ഡീലക്‌സ് ബസ്സിൽ എറണാകുളത്തിനും തൃശ്ശൂരിനുമിടയിൽ വച്ച് അദ്ധ്യാപികക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമം കെഎസ്ആർടിസിയുടെ വിശ്വാസ്യതക്കേറ്റ മങ്ങലായാണ് കോർപ്പറേഷൻ വിലയിരുത്തൽ. അതിക്രമത്തെ കുറിച്ച് പറഞ്ഞപ്പോൾ അധിക്ഷേപിച്ചായിരുന്നു കണ്ടക്ടറുടെ സംസാരമെന്നായിരുന്നു അദ്ധ്യാപിക മന്ത്രിയോട് നേരിട്ട് പരാതിപ്പെട്ടത്.

വിശദമായ അന്വേഷണത്തിന് ഗതാഗത മന്ത്രി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം റിപ്പോർട്ട് സമർപ്പിച്ചു. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും റിപ്പോർട്ടിലുണ്ട്. കണ്ടക്ടറുടെ വിശദമായ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കൃത്യവിലോപം ഉണ്ടായെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ഉപദ്രവിച്ചയാളെ തിരിച്ചറിഞ്ഞില്ലെങ്കിലും ലൈംഗികാതിക്രമത്തിന് കേസ്സെടുത്തിട്ടുണ്ട്. ബഹളത്തിനിടെ ഇയാൾ ബസ്സിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് അദ്ധ്യാപിക പറയുന്നത്. ബസ്സിലെ യാത്രക്കാരുടെ പട്ടികയിൽ നിന്ന് ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. അതിക്രമത്തെക്കുറിച്ച് അദ്ധ്യാപിക വനിത കമ്മീഷന് ഇ മെയിൽ മുഖേന പരാതി നൽകി . സംഭവത്തിൽ ബസ് കണ്ടക്ടർക്കെതിരെ നടപടിയുണ്ടാകുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചിരുന്നു.