കൊൽക്കത്ത: 2007ൽ നന്ദിഗ്രാം സമരത്തിലൂടെ തൃണമൂൽ കോൺഗ്രസിനെ അധികാരത്തിലേക്ക് നയിച്ച വ്യക്തിയാണ് മൂൻ ബംഗാൾ ട്രാൻസ്പോർട്ട് മന്ത്രിയും മുഖ്യമന്ത്രി മമതാബാനർജിയുടെ വലം കൈയുമായിരുന്ന സുവേന്ദു അധികാരി. ബിജെപിയിൽ ചേർന്നതിനു തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസിനെ ശക്തമായി വിമർശിച്ച് അുദ്ദഹം രംഗത്തെത്തി. .തൃണമൂൽ കോൺഗ്രസിനകത്ത് ആഴത്തിൽ അഴുകലും അസ്വാസ്ഥ്യവുമുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് നിർണായക ഘട്ടമാണ് തൃണമൂലിലെ താഴെത്തട്ടിലുള്ള അംഗങ്ങളെ അഭിസംബോധന ചെയ്ത തുറന്ന കത്തിൽ സുവേന്ദു പറഞ്ഞു.

വിവിധ പാർട്ടികളിലെ ഒൻപത് എംഎൽഎമാർക്കും തൃണമൂൽ എംപിക്കും ഒപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയിലാണു സുവേന്ദു അധികാരി ശനിയാഴ്ച ബിജെപിയിൽ ചേർന്നത്. മമത ബാനർജി സർക്കാരിലെ മന്ത്രിയായിരുന്ന സുവേന്ദു, ഏതാനും മാസങ്ങളായി ഇടഞ്ഞു നിൽക്കുകയായിരുന്നു. ആദ്യം മന്ത്രിസ്ഥാനവും പിന്നാലെ എംഎൽഎ സ്ഥാനവും ഉപേക്ഷിച്ച സുവേന്ദു, കഴിഞ്ഞ ദിവസമാണ് തൃണമൂലിൽനിന്നു രാജിവച്ചത്. എംഎൽഎ സ്ഥാനം രാജിവച്ചെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല.

ബംഗാളോ തൃണമൂൽ കോൺഗ്രസോ ആരുടെയും കുത്തകാധികാരമല്ലെന്നു സുവേന്ദു പറഞ്ഞു. ഒരാളുടെ സംഭാവനയാൽ ഒരുദിവസം കൊണ്ട് കെട്ടിപ്പടുത്തതല്ല പാർട്ടി. വലിയ തോതിൽ നിരന്തരവും തുടർച്ചയായതുമായ ശ്രമത്തിന്റെ ഭാഗമാണിത്. അങ്ങനെയാണ് 2011ൽ ബംഗാളിൽ തൃണമൂൽ അധികാരത്തിൽ വന്നത്. സാധാരണക്കാർ ത്യാഗോജ്വല പോരാട്ടത്താൽ പടുത്തുയർത്തിയ തൃണമൂൽ ഇപ്പോൾ, മറ്റാരെയും ശ്രദ്ധിക്കാത്ത വ്യക്തികളാൽ നിറഞ്ഞിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഡ്‌നാപുരിലെ ബിജെപി റാലിയിൽ അമിത് ഷായെ 'മൂത്ത സഹോദരൻ' എന്നു വിളിച്ച സുവേന്ദു, തൃണമൂലിൽനിന്ന് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത സ്നേഹവും ബഹുമാനവും ഷായിൽനിന്നു ലഭിച്ചെന്നു പറഞ്ഞു. 'ഷായുമായുള്ള എന്റെ ബന്ധം വളരെ വർഷങ്ങൾ പഴക്കമുള്ളതാണ്. പക്ഷേ അദ്ദേഹം ഒരിക്കലും ബിജെപിയിൽ ചേരാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ കോവിഡ് ബാധിതനായപ്പോൾ തൃണമൂലിലെ ആരും അന്വേഷിച്ചില്ല. പക്ഷേ അമിത് ഷാ രണ്ടുതവണ വിളിച്ചു. നിങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാനോ ആജ്ഞാപിക്കാനോ ഞാനില്ല, ബിജെപിയുടെ സാധാരണ പ്രവർത്തകനായി നിലകൊള്ളുമെന്നു പ്രാദേശിക നേതാക്കൾക്ക് ഉറപ്പ് നൽകുന്നു' അദ്ദേഹം പറഞ്ഞു.