കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം എട്ടുവരെയാണ് ഇരുവരെയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടത്. ഇരുവരുടെയും മൊഴികളിൽ നിന്ന് കൂടുതൽ ഗൗരവമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മൊഴികൾ പുറത്താകുന്നത് ഇരുവരുടെയും ജീവനു പോലും ഭീഷണിയായേക്കുമെന്നും കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇരുവരെയും ഏഴു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു.

ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയും സരിത്തും നൽകിയ മൊഴിയിൽ എം. ശിവശങ്കറിന്റെ പങ്കിനെക്കുറിച്ചും പറഞ്ഞിട്ടുള്ളതായി കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ടതുണ്ടെന്ന ആവശ്യമാണ് അന്വേഷണ സംഘം മുന്നോട്ടു വച്ചത്. കസ്റ്റംസ് അപേക്ഷ പരിഗണിച്ച് ഇരുവരുടെയും കസ്റ്റഡി കാലാവധി ചൊവ്വാഴ്ച വരെ നീട്ടി നൽകുകയായിരുന്നു.

സ്വപ്‍നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. ഡോളർ കടത്തിൽ വിദേശ പൗരന്മാർക്കും പങ്കുണ്ട്. ഇവർക്കെതിരെയും അന്വേഷണം വേണം. സ്വപ്‍നയും സരിത്തും നൽകിയ മൊഴികൾ ഗുരുതര സ്വഭാവമുള്ളതാണ്. ഈ മൊഴികൾ പുറത്തുവന്നാൽ ഇവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും കസ്റ്റംസ് പറയുന്നു. ഡോളർ കടത്തിൽ ശിവശങ്കറിന്റെയും ഈജിപ്ഷ്യൻ പൗരൻ ഖാലിദിന്റെയും പങ്കിനു പുറമേ ഏതാനും വിദേശ പൗരന്മാർക്കു കൂടി പങ്കുണ്ടെന്ന് ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവരെ കൂടി വരും ദിവസങ്ങളിൽ അന്വേഷണ പരിധിയിൽ കൊണ്ടു വരേണ്ടതുണ്ട് എന്നും കസ്റ്റംസ് അഭ്യർഥിച്ചു.

സ്വർണക്കള്ളക്കടത്തിൽ അറിവും പങ്കാളിത്തവുമുള്ള വമ്പൻ ശ്രാവുകളുടെ പേരുകൾ കണ്ട് ഞെട്ടിയെന്ന് കൊച്ചിയിലെ കസ്റ്റംസ് കോടതി പരാർമശം നടത്തിയതിന് പിന്നാലെ ഇന്നലെ സരിത്തിന്റെയും സ്വപ്നയുടെയും രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. പ്രിൻസിപ്പിൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലർക്ക് കൂടി കള്ളക്കടത്ത് സംബന്ധിച്ച് അറിവുണ്ടായിരുന്നു എന്നാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകിയത്. കോൺസുലേറ്റ് ഉന്നതരുടെ പങ്കാളിത്തമടക്കം സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയിൽ ഉണ്ടെന്നാണ് വിവരം.

ഇരുവരെയും കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ എം. ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും സരിത്തിനെയും ഒപ്പമിരുത്തി വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.