പാലക്കാട്: സ്വപ്‌നാ സുരേഷിനെ കാണാൻ പോകുന്നതിന് മുമ്പ് താനൊരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ലൈവിൽ ഷാജ് കിരൺ തന്നെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരാണ് ഷാജ് കിരൺ എന്ന് വ്യക്തമാക്കുന്ന തരത്തിൽ സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തലുമായി എത്തുന്നത്. രണ്ട് എഡിജിപിമാർ ഷാജ് കിരണിന്റെ ഫോണിൽ നിന്ന് 56 തവണ വിളിച്ചുവെന്നാണ് സ്വപ്‌ന പറയുന്നത്. ഇത് ശരിയാണെന്ന് തെളിയിക്കാൻ സ്വപ്‌നയ്ക്ക് കഴിഞ്ഞാൽ അത് സ്വർണ്ണ കടത്തിനെ പുതിയ തലത്തിലെത്തിക്കും.

മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നതായി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നത് നിർണ്ണായകമാണ്. 'എടോ സരിത്തേ, ഇയാളെ നാളെ പൊക്കും..' എന്നാണ് ഷാജ് കിരൺ തലേദിവസം രാത്രി പറഞ്ഞതെന്നു സ്വപ്ന മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അതായത് പൊലീസിൽ പോലും ഷാജ് കിരണിന് ബന്ധങ്ങളുണ്ടെന്ന് സ്ഥാപിക്കാനാണ് സ്വപ്‌നയുടെ ശ്രമം. സ്വപ്‌നയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലാത്ത വകുപ്പുകൾ മാത്രമേ സ്വപ്‌നയ്‌ക്കെതിരെയുള്ളൂവെന്ന് കോടതിയിൽ പ്രോസിക്യൂഷനും വിശദീകരിച്ചു.

എന്നാൽ കോടതിയിൽ വെറുമൊരു സാധാ കേസ് എന്ന് പറയുന്ന അന്വേഷണത്തിന് വൻ സംഘത്തെയാണ് ചുമതലപ്പെടുത്തുന്നത്. സ്വപ്ന സുരേഷിനെ പൂട്ടാൻ സർക്കാരിന്റെ വൻ സന്നാഹം ഒരുക്കിയിട്ടുണ്ട്. സ്വപ്നയും പി.സി. ജോർജും ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണ മേൽനോട്ടത്തിനു ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹിബിനെ ചുമതലപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്‌പി: എസ്. മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണു സ്വപ്നയ്ക്കെതിരായ കലാപാഹ്വാനം, ഗൂഢാലോചന കേസുകളുടെ അന്വേഷണച്ചുമതല. എട്ടു ഡിവൈ.എസ്‌പിമാരാണു സംഘത്തിലുള്ളത്. ഒരു സ്ത്രീക്കെതിരേ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണു പൊലീസിന്റെ അന്വേഷണ സംഘം. ജാമ്യം കൊടുക്കാവുന്ന സാധാരണ വകുപ്പുകൾ മാത്രമുള്ള കേസിനാണ് ഇതെല്ലാം.

തന്നെ സമ്മർദത്തിലാക്കിയ ഷാജ് കിരൺ ഫോണിലൂടെ വിജിലൻസ് മേധാവി എ.ഡി.ജി.പി: എം.ആർ. അജിത് കുമാറിന്റെയും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെയും നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നെന്നു സ്വപ്ന ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാൽ, സ്വപ്നയെ താൻ വിളിച്ചിട്ടില്ലെന്നും ഷാജ് കിരണിനെ അറിയില്ലെന്നും ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി: വിജയ് സാഖറെ പറഞ്ഞു. കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്നു ഡി.ജി.പി. അനിൽകാന്തും ഗൂഢാലോചന നടന്നതിനു പ്രത്യക്ഷത്തിൽ തെളിവുണ്ടെന്നു വിജയ് സാഖറെയും പറഞ്ഞിരുന്നു.

ഇതുവരെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നതായും ഉന്നയിച്ച ആരോപണങ്ങളുടെ ശബ്ദരേഖയടക്കമുള്ള തെളിവുകൾ ഇന്നു പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഭയംകൊണ്ടാണു മുൻകൂർ ജാമ്യത്തിനു ശ്രമിച്ചത്. അന്വേഷണം തടസപ്പെടുത്താനോ നിസഹകരിക്കാനോ ആയിരുന്നില്ല. അന്വേഷണത്തിൽ പൂർണമായും സഹകരിക്കും.

ഷാജ് കിരൺ അടുത്ത സുഹൃത്തും വിശ്വസ്തനുമാണ്. ഇന്നലെവരെ അദ്ദേഹവുമായി അഭിപ്രായവ്യത്യാസങ്ങളില്ല. ഞാൻ വിളിച്ചിട്ടാണു ഷാജ് കിരൺ പാലക്കാട്ടെത്തിയത്. സരിത്തിനെ നാളെ പൊക്കുമെന്നു തലേദിവസം ഷാജ്കിരൺ പറഞ്ഞിരുന്നു. സരിത്തിനെ കൂട്ടിക്കൊണ്ടുപോയതു വിജിലൻസ് ആണെന്ന് എന്നോട് ആദ്യം പറഞ്ഞതും ഷാജ് കിരൺ ആണ്. കോടതിയിൽ നല്കിയ രഹസ്യമൊഴി പിൻവലിക്കണമെന്നു ഷാജ് കിരൺ ആവശ്യപ്പെട്ടു. അങ്ങനെ ചെയ്താൽ എനിക്കുള്ള യാത്രാവിലക്കുകൾ ഒഴിവാക്കാമെന്നും ജീവനു നേരേയുള്ള ഭീഷണികളെല്ലാം ഇല്ലാതാകുമെന്നും ഷാജ് കിരൺ പറഞ്ഞു.

എന്നെ മാനസികമായി തളർത്തി കേസ് ഒത്തുതീർപ്പാക്കാനായിരുന്നു അയാളുടെ ശ്രമം. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായാണു ഷാജ്കിരൺ എന്നോടു സംസാരിച്ചത്-സ്വപ്ന പറഞ്ഞു. 'ഒന്നാം നന്പർ' ദേഷ്യത്തിലാണെന്നും പറയുന്നതുപോലെ അനുസരിച്ചാൽ ഒരു വിഷമവും ഉണ്ടാകില്ലെന്നും പറഞ്ഞു. ഞാനുമായി സംസാരിക്കുന്നതിനിടെ പലതവണ എഡിജിപി എം.ആർ. അജിത്കുമാറും മറ്റൊരു എഡിജിപിയും ഷാജ് കിരണുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അവരുടെ നിർദ്ദേശപ്രകാരമാണ് അയാൾ സംസാരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നര മുതൽ വൈകുന്നേരം ഏഴുവരെ ഷാജ് കിരൺ എന്റെ ഓഫീസിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ്‌കുമാർ എന്നയാൾ സ്വപ്നയുമായി ബന്ധപ്പെടുമെന്നും അദ്ദേഹത്തിനു ഫോൺ കൈമാറണമെന്നും അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. എനിക്കു ജോലിയും പണവും വാഗ്ദാനം ചെയ്തു. ഇതിന്റെയെല്ലാം ശബ്ദരേഖ ഇന്നു പുറത്തുവിടും. - സ്വപ്ന പറഞ്ഞു.