കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നാ സുരേഷിനെയും പി.എസ്. സരിത്തിനെയും വിദേശത്തേക്ക് കൊണ്ടു പോകാൻ യു.എ.ഇ. കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി തീരുമാനിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത്. സ്വർണ്ണ കടത്തിൽ അൽസാബിക്ക് പങ്കുണ്ടെന്ന വാർത്തകൾ ചർച്ചയാകുന്നതിനിടെയാണ് ഈ റിപ്പോർട്ട് എത്തുന്നത്.

ചിലരുടെ ഇടപെടലിലാണ് സ്വപ്‌നാ സുരേഷിനും സരിത്തിനും കോൺലുലേറ്റിലെ ജോലി നഷ്ടമായത്. എന്നാൽ ഇരുവരുടെയും പുറത്താകൽ താത്കാലികം മാത്രമായിരുന്നുവെന്ന ഉറപ്പ് അൽ സാബി നൽകിയിരുന്നു. ലൈഫ് മിഷൻ ഇടപാടിൽ കമ്മിഷൻ ലഭിച്ച കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദ് ഷൗക്രിയും അൽസാബിയുടെ വിശ്വസ്തനായിരുന്നു.

കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്ക് വൈകാതെ അടുത്ത സ്ഥാനക്കയറ്റം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ കോൺസുലേറ്റ് കേരളത്തിൽ തുടങ്ങാൻ കഴിഞ്ഞത് ജമാൽ ഹുസൈൻ അൽ സാബിയുടെ നേട്ടമായാണ് വിലയിരുത്തപ്പെട്ടത്. യു.എ.ഇ. സന്നദ്ധസംഘടനയായ റെഡ് ക്രസന്റിന്റെ സഹായവും അൽ സാബിയുടെ ബുദ്ധിയായിരുന്നു. അതുകൊണ്ടാണ് അൽ സാബിക്കും കമ്മീഷൻ കിട്ടിയോ എന്ന പരിശോധന എൻഐഎ നടത്തുന്നത്. ഇതിന് യുഎഇയുടെ സഹകരണം ആവശ്യമാണ്. അതിനിടെയാണ് പുതിയ വാർത്തകളും ചർച്ചയാകുന്നത്.

തനിക്ക് വലിയപദവികൾ ലഭിച്ചാൽ സ്വപ്ന-സരിത്ത്-മുഹമ്മദ് ഷൗക്രി സംഘത്തെ കൂടെകൂട്ടാനായിരുന്നു അൽ സാബിയുടെ പദ്ധതി. മറ്റൊരു രാജ്യത്തേക്കു പോകാൻ തയ്യാറായിരുന്നോളൂ എന്ന സൂചന സ്വപ്നയ്ക്ക് അദ്ദേഹം നൽകിയിരുന്നു. കോൺസുലേറ്റിലെ മറ്റു ജോലിക്കാർക്ക് 'പണി' അറിയില്ലെന്നായിരുന്നു അൽസാബിയുടെ കുറ്റപ്പെടുത്തൽ.

അടുത്ത ജോലിക്ക് മൂവരെയും ഒപ്പം കൂട്ടണമെങ്കിൽ കോൺസുലേറ്റിലെ 'ജീവനക്കാർ' എന്ന തസ്തികയിൽനിന്നു മാറ്റിനിർത്തണമായിരുന്നു. ഒരു കോൺസുലേറ്റിലെ ജീവനക്കാരെ മറ്റൊരു രാജ്യത്തേക്ക് നിയമിക്കില്ല. പുതിയ ആളുകളെമാത്രമേ ഇതിന് നിയോഗിക്കാറുള്ളൂ. ഇതിന് വേണ്ടിയുള്ള നാടകം മാത്രമായിരുന്നു സ്വപ്‌നയുടേയും സരിത്തിന്റേയും പുറത്താകൽ. അന്യരാജ്യത്ത് പോയി ഭാര്യാ ഭർത്താക്കന്മാരെ പോലെ കഴിയാൻ സരിത്തും സ്വപ്‌നയും പദ്ധതി ഇട്ടിരുന്നുവെന്നും സൂചനയുണ്ട്.

സ്വപ്ന രാജിവെച്ചതിനു പിന്നിലും അക്കൗണ്ടന്റായിരുന്ന മുഹമ്മദ് ഷൗക്രി സ്വന്തംനാടായ ഈജിപ്തിലേക്കു മടങ്ങി, ഇതിന് കാരണവും മറ്റൊരു രാജ്യത്തെ ഉത്തരവാദിത്തം ഏറ്റെടുക്കലായിരുന്നു. കോൺസുലേറ്റിന്റെ ഭാഗമല്ലാതായിട്ടും അവിടത്തെ എല്ലാ ജോലികളും സ്വപ്നയും സരിത്തും ചെയ്തുപോന്നു. അൽസാബിയുടെ വിശ്വസ്തരായിരുന്നു ഇവർ.

സ്വർണക്കടത്ത് കേസിൽ നിർണായക കണ്ണികളെത്തേടി ദുബായിലെത്തിയ എൻ.ഐ.എ സംഘം ദുബായ് പൊലീസിൽ നിന്ന് വിവരങ്ങൾ തേടി. എസ്‌പി ഉൾപ്പെടെ രണ്ട് പേരാണ് സംഘത്തിലുള്ളത്. നയതന്ത്രബാഗേജിൽ സ്വർണമയച്ച തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ്, മൂവാറ്റുപുഴ സ്വദേശി റബിൻസ് എന്നിവരെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യം.

ഫൈസലിനെ ദുബായ് പൊലീസ് പിടികൂടിയെങ്കിലും ഇന്ത്യയ്ക്ക് വിട്ടുകിട്ടുന്നത് വൈകുന്നു. അതിനാലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയോടെ എൻ.ഐ.എ സംഘം ദുബായിലെത്തിയത്. ഫൈസലിനെ നാട്ടിലെത്തിക്കാനുള്ള ദൗത്യവും സംഘത്തിനുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്താലേ സ്വർണക്കടത്തിന്റെ വ്യാപ്തിയും ബന്ധങ്ങളും വ്യക്തമാകൂ.യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ് അൽ ഷിമേനി എന്നിവർക്കും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന്, അറസ്റ്റിലായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർ വെളിപ്പെടുത്തിയിരുന്നു.

ഇതോടെ ഇവരിൽനിന്ന് വിവരങ്ങൾ തേടാൻ വിദേശകാര്യ മന്ത്രാലയം വഴി യു.എ.ഇ സർക്കാരിന് കത്ത് നൽകി. ഇതിനു മറുപടി ലഭിച്ചില്ലെങ്കിലും ഇരുവരിൽനിന്നും വിവരങ്ങൾ തേടാനും എൻ.ഐ.എ സംഘത്തിന് പദ്ധതിയുണ്ട്. യു.എ.ഇ സർക്കാർ അനുവദിച്ചാലേ ഇവരെ കാണാൻ കഴിയൂ.