പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന ആരോപണങ്ങൾ തള്ളി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ തനിക്ക് രാഷ്ട്രീയ അജണ്ടയില്ലെന്ന് സ്വപ്‌ന ആവർത്തിച്ചു. ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ല. ആരാണ് മുഖ്യമന്ത്രി എന്നത് തന്റെ വിഷയമല്ല. കമലയും വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ല. അവർ സ്വസ്ഥമായി ജീവിക്കുന്നുവെന്നും സ്വപ്ന പറഞ്ഞു. തനിക്ക് സരിതയെ അറിയില്ല, ഒരു കാര്യവുമില്ലാതെ തന്റെ പുറകെ നടക്കുകയാണ് സരിത. താൻ എല്ലാം പറഞ്ഞ് കഴിഞ്ഞിട്ടില്ലെന്നും സ്വപ്‌ന വ്യക്തമാക്കി.

താൻ മാത്രമാണ് എല്ലാ പ്രയാസങ്ങളും നേരിടുന്നതെന്ന് സ്വപ്ന പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. താൻ പറയുന്നത് വ്യക്തികളെക്കുറിച്ചാണ്. പിണറായി വിജയൻ, കമല, വീണ, ശിവശങ്കർ എന്നിവരെക്കുറിച്ചാണ്. അവരുടെ പദവികളെക്കുറിച്ചാണ്. കാര്യങ്ങൾ അന്വേഷണ ഏജൻസികളോട് പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തലിന് ശേഷം തനിക്ക് ഭീഷണികൾ ഉണ്ട്. താൻ ജോലി ചെയ്യുന്ന ഒഞഉടനും ഒരു പാട് പ്രശ്‌നങ്ങൾ ഉണ്ട്. ജീവിക്കാൻ അനുവദിക്കണം. ആരെയും അപകീർത്തിപ്പെടുത്താനല്ല ആരോപണം ഉന്നയിച്ചതെന്നും സ്വപ്ന പറഞ്ഞു.

'മുഖ്യമന്ത്രിയെ മാറ്റാനുമല്ല ഞാൻ പ്രതികരിച്ചത്. കറൻസി നിറഞ്ഞ ബാഗ് ആണ് കൊണ്ടുപോയത്. പറഞ്ഞു തീർന്നിട്ടില്ല. ഇനിയും പറയാൻ ഏറെയുണ്ട്. എനിക്ക് മുഴുവനും പറയാൻ പറ്റുന്നില്ല. വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. നേരത്തെ കൊടുത്ത മൊഴി. കസ്റ്റംസ് അന്വേഷിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ അറിയുമല്ലോ'- സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

'അന്വേഷണ എജൻസികളെക്കുറിച്ചും കോടതിയെക്കുറിച്ചും ഒന്നും പറയുന്നില്ല. കോടതി സമയം കളയാൻ വന്നിരിക്കും എന്ന് കരുതുന്നുണ്ടോ? കറൻസി - ബാഗ് മുഖ്യമന്തിയുടെ പക്കൽ എത്തി എന്ന് തന്നെ കരുതുന്നു. ജയിലിനകത്ത് വിവരങ്ങൾ അറിയിക്കാൻ പോലും സമ്മതിച്ചിരുന്നില്ല. മാനസിക പീഡനം മൂലം ഹൃദയ സ്തംഭനം വന്നു. അത് നാടകം എന്ന് പറഞ്ഞു. അഹമ്മദ് അൽ ദുഃഖി - എന്ന ഡിപ്‌ളോമാറ്റ് ആണ് ബാഗ് കൊണ്ടുവന്നത്'- സ്വപ്ന പറഞ്ഞു.

27 വർഷമായി പ്രവർത്തിക്കുന്ന എൻജിഒയാണ് എച്ച്ആർഡിഎസ്. എന്റെ കഞ്ഞിയിൽ പാറ്റയിടാൻ വരരുത്. എച്ച്ആർഡിഎസ് എന്നെ സ്ത്രീകൾക്ക് വേണ്ടി ജോലി ചെയ്യാനാണ് നിയമിച്ചത്. സംഘപരിവാർ എന്താണെന്ന് പോലും എനിക്കറിയില്ല. പലരും തന്നെ ചൂഷണം ചെയ്യുകയായിരുന്നു. നിവർത്തികേടുകൊണ്ടാണ് പല കാര്യങ്ങളും പറയാത്തത്- സ്വപ്ന പറഞ്ഞു.

തനിക്ക് ഇപ്പോഴും ജീവന് ഭീഷണിയുണ്ട്, ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും ഭീഷണിയാണ്. തന്നെ ജീവിക്കാൻ അനുവദിക്കണം, ജോലി ചെയ്ത് ജീവിക്കാൻ വിടണമെന്നും സ്വപ്ന പറഞ്ഞു. രഹസ്യമൊഴിയായതിനാൽ കൂടുൽ വെളിപ്പെടുത്താനാവില്ല. ഇപ്പോൾ പറഞ്ഞുകഴിഞ്ഞിരിക്കുന്നത് ചെറിയൊരു ഭാഗം മാത്രമാണ്. കേസിൽ ശരിയായ അന്വേഷണം നടക്കണം. പി.സി ജോർജുമായി വ്യക്തിപരമായ ബന്ധമില്ല. സരിതയെ ജയിലിൽ വച്ചാണ് കണ്ടത്. അവരോട് ഹലോ പോലും പറഞ്ഞിട്ടില്ല. എന്റെ കാര്യം പറഞ്ഞിട്ടുള്ള സംസാരം ഇന്നലെ പുറത്ത് വിട്ടത് കണ്ടു. അത് എന്താണെന്ന് എനിക്കറിയില്ല. അതല്ലേ അജണ്ടയെന്നും സ്വപ്ന ചോദിച്ചു.

പി.സി ജോർജിന് എന്തോ എഴുതിക്കൊടുത്തുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ പറയുന്നത്. അത് എന്താണെന്ന് അദ്ദേഹം തന്നെ പുറത്തുവിടട്ടെ. സരിതയെ പോലുള്ള ആളല്ല താൻ. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം എന്തൊക്കെയോ സഹായം ആവശ്യപ്പെട്ട് അമ്മയെ ബന്ധപ്പെട്ടിരുന്നു. അക്കാര്യങ്ങളൊന്നും ഞാൻ മൈൻഡ് ചെയ്തിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

എന്നെ രാജ്യദ്രോഹിയാക്കി, ജയിലിൽ നിന്ന് മാനസികമായി പീഡിപ്പിച്ചു. നാല് കേസുകൾ ഇപ്പോൾ എന്റെ പേരിലുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങൾ മുമ്പേ പറഞ്ഞിട്ടുണ്ട്. ഇപ്പോളും പറഞ്ഞിട്ടുണ്ട്. കേസിൽ ശരിയായ രീതിയിൽ അന്വേഷണം നടക്കണമെന്ന് മാത്രമാണ് ആഗ്രഹം. ഇപ്പോൾ പെട്ടെന്ന് പുറത്തുവന്ന് പറഞ്ഞതല്ല കാര്യങ്ങൾ. പറയേണ്ട സമയമായപ്പോൾ പറഞ്ഞതാണ്. ഇനിയും പറയുകയും ചെയ്യും സ്വപ്ന വ്യക്തമാക്കി.

എന്റെ കേസിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെ കുറിച്ചും അവർക്ക് കേസിൽ എന്തായിരുന്നു റോൾ എന്നതിനെ കുറിച്ചുമെല്ലാം മൊഴിനൽകിയിട്ടുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ സ്വപ്നയ്ക്ക് ഇമേജ് ഉണ്ടാക്കേണ്ട കാര്യമില്ലെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി.