കൊച്ചി: പലപ്പോഴായി ഗൾഫ് യാത്രകൾ നടത്തിയത് തന്റെ അച്ഛന് വേണ്ടിയെന്ന് സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ്. അച്ഛന്റെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാനായിരുന്നു യാത്രകൾ. ഈ സമയം ശിവശങ്കറിനെ കണ്ടത് യാദൃശ്ചികമായിട്ടാണെന്നും സ്വപ്ന കോടതിയിൽ പറഞ്ഞു. അബുദാബിയിൽ സ്വാധീനം ഏറെയുള്ള വ്യക്തിയായിരുന്നു സ്വപ്‌നയുടെ അച്ഛൻ സുരേഷ്. അബുദാബി രാജ കുടുംബത്തിൽ പോലും സുരേഷിന് വലിയ സ്വാധീനമുണ്ടായിരുന്നു. അങ്ങനെയാണ് സുരേഷിന്റെ വളർച്ച തുടങ്ങുന്നത്. അതുകൊണ്ട് തന്നെ സ്വപ്‌നയുടെ ഈ കഥയും പൊളിയുകയാണ്.

ശിവശങ്കറുമൊന്നിച്ച് സ്വപ്ന യുഎഇയിലും ഒമാനിലും യാത്രകൾ നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം കോടതിയിൽ രേഖാമൂലം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്വപ്നയുടെ വാദം. തന്റെ അച്ഛൻ 34 വർഷം യുഎഇ കൊട്ടാരത്തിലെ അക്കൗണ്ടന്റ് ആയിരുന്നുവെന്നും, അദ്ദേഹം അവിടെ ഏഴ് ബാറുകൾ നടത്തിയിരുന്നുവെന്നും സ്വപ്ന പറയുന്നു. അച്ഛന്റെ മരണ ശേഷം ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച രേഖകൾ സംബന്ധിച്ച രേഖകൾ ശരിയാക്കാനാണ് യാത്രകൾ നടത്തിയത്. പ്രളയദുരിതാശ്വാസ ധനസമാഹരണത്തിന് പോയ സംഘത്തിൽ താനില്ലെന്നും, അന്നും സ്വന്തം കാര്യങ്ങൾക്കുവേണ്ടിയായിരുന്നു പോയതെന്നും സ്വപ്ന കോടതിയിൽ അറിയിച്ചു. എന്നാൽ കുടുംബവുമായി സ്വപ്‌ന അത്ര രസത്തിലായിരുന്നില്ല. സ്വപ്‌നയുടെ ഭീഷണിയെ കുറിച്ച് സഹോദരൻ തന്നെ തുറന്നു പറഞ്ഞിരുന്നു.

സ്വപ്ന സുരേഷിനെ ഏറെ ഭയപ്പെട്ടിരുന്നതായി മൂത്ത സഹോദരൻ ബ്രൈറ്റ് സുരേഷ് പറയുന്നു. യുഎസിൽ ജോലി ചെയ്യുന്ന ബ്രൈറ്റ്, അബുദാബിയിൽ രാജകുടുംബത്തിലെ ഉദ്യോഗസ്ഥനായിരുന്ന പിതാവിനൊപ്പമാണു 17 വയസ്സുവരെ കഴിഞ്ഞത്. 'ഏറെക്കാലമായി സ്വപ്നയോട് അടുപ്പമില്ല. ചെറുപ്പം മുതൽ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. കയ്യും കാലും വെട്ടുമെന്നും പിന്നെ യാചിക്കേണ്ടി വരുമെന്നും ഏറ്റവും ഒടുവിൽ നാട്ടിലെത്തിയപ്പോൾ സ്വപ്ന ഭീഷണിപ്പെടുത്തി. കുടുംബസ്വത്തു ചോദിക്കാൻ എത്തിയതാണെന്നു തെറ്റിദ്ധരിച്ചായിരുന്നു ഭീഷണി'-ഇതാണ് സ്വന്തം സഹോദരന് സ്വപ്നയെ കുറിച്ച് പറയാനുള്ളത്.

'എനിക്കു മനസ്സിലാക്കാൻ കഴിയാത്തത്ര വലിയ സ്വാധീനം സ്വപ്നയ്ക്കുണ്ടായിരുന്നു. നാട്ടിൽ തുടരുന്നത് അപകടമാണെന്ന് അടുത്ത ബന്ധുക്കൾ ഉപദേശിച്ചതോടെ ഉടൻ യുഎസിലേക്കു മടങ്ങി. വർഷങ്ങൾ കഴിഞ്ഞിട്ടും പിന്നീടു നാട്ടിൽ എത്തിയിട്ടില്ല. എന്റെ അറിവിൽ സ്വപ്ന പത്താം ക്ലാസ് പാസായിട്ടില്ല. എന്നിട്ടും യുഎഇ കോൺസുലേറ്റിൽ ജോലി നേടിയത് ഒരുപക്ഷേ, അവരുടെ സ്വാധീനം ഉപയോഗിച്ചാകാം. പിതാവിന്റെ മരണശേഷവും ഞാനും ഇളയസഹോദരനും കുടുംബസ്വത്തിൽ അവകാശം ഉന്നയിച്ചിട്ടില്ല' ബ്രൈറ്റ് പറഞ്ഞു. അത്രയും ഭീതിയാണ് കുടുംബത്തിൽ പോലും സ്വപ്ന പടർത്തിയത്. തന്റെ സ്വാധീന കരുത്തിൽ സഹോദരങ്ങളെ പോലും നിശബ്ദരാക്കി.

അബുദാബിയിൽ സ്വാധീനം ഏറെയുള്ള വ്യക്തിയായിരുന്നു സ്വപ്നയുടെ അച്ഛൻ സുരേഷ്. അബുദാബി രാജ കുടുംബത്തിൽ പോലും സുരേഷിന് വലിയ സ്വാധീനമുണ്ടായിരുന്നു. അങ്ങനെയാണ് സുരേഷിന്റെ വളർച്ച തുടങ്ങുന്നത്. അബുദാബിയിൽ ജോലി തേടി ചെന്ന സുരേഷിന് തുടക്കം മികച്ചതായിരുന്നില്ല. ഒരു ദിവസം റോഡിലൂടെ കടന്നു പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു കാർ വന്നു നിന്നു. കാർ പഞ്ചറായിരുന്നതിനെ തുടർന്നായിരുന്ന സഡൺ ബ്രേക്കിട്ട് വണ്ടി നിന്നത്. ആ കാറിലുണ്ടായിരുന്നത് രാജകുടുംബത്തിലെ പ്രമുഖനായിരുന്നു. ഒറ്റയ്ക്ക് കാറിലെത്തിയ അറബിയെ സുരേഷ് സഹായിച്ചു. പഞ്ചറൊട്ടിച്ച് കാറുമായി അറബി മടങ്ങുമ്പോൾ സുരേഷനും ആ വാഹനത്തിൽ ഇടം കിട്ടി. അതോടെ തിരുവനന്തപുരം മായാരമുട്ടം സുരേഷിന്റെ ജീവിതം മാറി മറിഞ്ഞു. അതി സമ്പന്നതയിലേക്ക് സുരേഷ് നീങ്ങി.

കാറുകളോട് ഏറെ പ്രണയം സൂക്ഷിച്ചിരുന്ന റെയിൻബോ ഷെയ്ക് എന്ന് അറിയപ്പെട്ട രാജകുടുംബാഗമാണ് കാറിൽ വന്നത്. ലോകത്ത് ഏറ്റവും അധികം ആഡംബ കാറുകളുള്ള ആളുകളുടെ പട്ടികയിൽ ഇടെ നേടിയ വ്യക്തിയായിരുന്നു റെയിൻബോ ഷെയ്ക്. വഴിയരിൽ പെട്ട തന്നെ സഹായിച്ച മലയാളിയെ കാറുകളുടെ മേൽനോട്ട ചുമതല ഏൽപ്പിച്ചു. അങ്ങനെ സുരേഷ് അബുദാബിയിലെ സുൽത്താൻ കുടുംബത്തിലെ പ്രമുഖന്റെ പേഴ്സണൽ സെക്രട്ടറിമാരിൽ ഒരാളായി ഇദ്ദേഹം മാറി. കാറുകളുടെ പരിചരണമായിരുന്നു പ്രധാന മേൽനോട്ട ചുമതല. ഇതിനിടെയാണ് കേരളത്തിലും പ്രധാനികൾക്ക് സുരേഷ് പ്രിയങ്കരനാകുന്നത്. അങ്ങനെ അച്ഛനുണ്ടായിരുന്ന സൗഹൃദമെല്ലാം സ്വപ്ന കൃത്യതയോടെ വിനിയോഗിച്ചു. ഇത്രയും സ്വാധീനമുള്ള അച്ഛന് വേണ്ടി വിദേശത്ത് താൻ ഇടപെടൽ നടത്തിയെന്ന വാദം അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികൾ കാര്യമായെടുക്കുന്നില്ല.

യുഎഇ കോൺസുലേറ്റിൽ ജോലി കിട്ടിയതോടെ അച്ഛന്റെ സൗഹൃദങ്ങളും സ്വപ്നയെ തുണച്ചു. യുഎഇ കോൺസുലേറ്റിൽ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയായാണ് ജോലിയിൽ പ്രവേശിച്ചത്. യുഎഇ യിലെ മലയാളി പ്രമുഖരുമായും സ്വപ്നയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി 2013ൽ തിരുവനന്തപുരത്തെ എയർ ഇന്ത്യ സാറ്റ്സിൽ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ കീഴിൽ എച്ച് ആർ വിഭാഗത്തിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് മാനേജരായി. 2015 ൽ അവിടെ ഒരു വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു.

സീനിയർ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസിൽ ഇപ്പോഴും ്രൈകംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. എയർ ഇന്ത്യ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗത്തിലെ ഓഫിസർ എൽ എസ് ഷിബുവിനെ കള്ളക്കേസിൽ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഇത് നിലവിലിരിക്കെയാണ് 2015 ൽ അബുദാബി ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായി ചേർന്നത്. ഇവിടെ ജോലി ചെയ്യവെയാണ് സർക്കാരിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കിയത്.

മുടവന്മുകളിലെ ഇവരുടെ ഫ്ളാറ്റിൽ അക്കാലത്ത് ട്രാവൽ ഏജൻസിക്കാർ, ബസിനസുകാർ തുടങ്ങിയവരുടെ തിരക്കായിരുന്നു. ഐ ടി സെക്രട്ടറി ശിവശങ്കറും ഇവിടെ നിത്യസന്ദർശകനായിരുന്നെന്നും ഔദ്യോഗിക കാറിൽ പതിവായി വരുമായിരുന്നെന്നും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ആഘോഷം അതിരുവിട്ടതോടെ ഫ്ളാറ്റിൽ കൂടുതൽ സെക്യൂരിറ്റിക്കാരെ നിയോഗിച്ചു. ഇതിന്റെ പേരിൽ സ്വപ്നയുടെ രണ്ടാം ഭർത്താവ് സെക്യൂരിറ്റിക്കാരുമായി സംഘർഷവുമുണ്ടായി. ഇതെല്ലാം വിവാദമായിരുന്നു. 2018 ൽ കോൺസുലേറ്റിലെ ജോലി നഷ്ടമായതിന് പിന്നാലെയാണ് സ്വപ്ന ഐ ടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെത്തുന്നത്. ഇത് ശിവശങ്കറുമായുള്ള ബന്ധത്തിന് തെളിവായിരുന്നു.