കൊച്ചി: ഡിപ്ലോമാറ്റിക് ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം തേടി മുഖ്യപ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച എൻഐഎ കോടതി വിധിയെ ചോദ്യം ചെയ്താണ് സ്വപ്ന ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്ന ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.

തനിക്കെതിരെ ചുമത്തിയ യുഎപിഎ നിലനിൽക്കില്ലെന്ന് സ്വപ്ന ഹർജിയിൽ പറയുന്നു. കള്ളക്കടത്തു കേസിൽ യുഎപിഎ ചുമത്താനാവില്ലെന്നാണ് ഹർജിയിലെ വാദം. അന്വേഷണം ഒരു വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ജാമ്യം തേടി സ്വപ്ന കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്വർണക്കടത്തിന് ഭീകര ബന്ധമുണ്ടെന്ന അനുമാനത്തിന്റെ അടിസ്ഥാനം എന്തെന്ന് നേരത്തെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ എൻഐഎ കോടതി ചോദിച്ചിരുന്നു. സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല സ്വർണക്കടത്ത് എന്ന അനുമാനത്തിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് കോടതി ആരാഞ്ഞു. കള്ളക്കടത്തു കേസുകൾക്ക് യുഎപിഎ ആണോ പ്രതിവിധിയെന്ന് കോടതി ചോദിച്ചു.സ്വർണക്കടത്തിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കപ്പെട്ടത് എങ്ങനെയാണെന്നു വ്യക്തമാക്കണമെന്ന് നേരത്തെയും കോടതി ചോദിച്ചിരുന്നു.

സ്വർണക്കടത്തു കേസിലെ പ്രതികൾക്കെതിരെ യുഎപിഎ കുറ്റങ്ങൾ നിലനിൽക്കുമെന്നായിരുന്നു എൻഐഎ വാദം. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകർക്കുന്ന തരത്തിൽ കറൻസി, നാണയങ്ങൾ, മറ്റുള്ള വസ്തുക്കൾ എന്നിവയുടെ കള്ളക്കടത്ത് യുഎപിഎ വകുപ്പ് 15 പ്രകാരം കുറ്റകരമാണെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി.

2020 ജൂലൈ 5 നായിരുന്നു നയതന്ത്ര ചാനൽ വഴി യുഎഇ കോൺസുലേറ്റിലേക്ക് എത്തിയ 30 കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. കോൺസുലേറ്റിലെ മുൻ പിആർഒ സരിത് ആദ്യം അറസ്റ്റിലായി. സരിതിന്റെ മൊഴി സ്വപ്നയുടെയും സന്ദീപിന്റെ പങ്കിലും അന്വേഷണമെത്തിച്ചു. ഇതിന് പിന്നാലെ ജൂലൈ 12 നാണ് സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്.