പാലക്കാട്: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷൻ കേസിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നാടകീയമായി സരിത്തിനെ കസ്റ്റഡിയിലെടുത്ത വിജിലൻസിനെതിരെ പൊട്ടിത്തെറിച്ച് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സരിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്നാണ് സ്വപ്‌ന പറഞ്ഞിരിക്കുന്നത്.

കേസിലെ പ്രധാനപ്രതികളിലൊരാളായ എം ശിവശങ്കറിനെ ഇങ്ങനെ വിജിലൻസ് തട്ടിക്കൊണ്ട് പോകുമോ എന്ന് രോഷത്തോടെ സ്വപ്ന സുരേഷ് ചോദിക്കുന്നു. ''കേസിലെ പ്രധാന പ്രതികളിൽ ഒരാൾ എം ശിവശങ്കറാണ്. അത് കഴിഞ്ഞാലുള്ള പ്രധാനപ്രതി ഞാനാണ്, സ്വപ്ന സുരേഷ്. ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ? സരിത്ത് താഴേത്തട്ടിലെ പ്രതിയാണ്. ഒരു നോട്ടീസ് പോലുമില്ലാതെ സരിത്തിനെ ഇങ്ങനെ കൊണ്ടുപോകുന്നത് എന്തിനാണ്? അതും എന്റെ വാർത്താസമ്മേളനം കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞപ്പോൾത്തന്നെ? ഒരു തരത്തിലും ഇവിടെ വിജിലൻസ് വരുമെന്ന് നേരത്തേ പറഞ്ഞിരുന്നില്ല. ഇതൊരു വൃത്തികെട്ട കളിയാണ്. ദിസിസ് എ ഡേർട്ടി ഗെയിം'', സ്വപ്ന ആഞ്ഞടിക്കുന്നു.

തന്റെയും സരിത്തിന്റെയും കുടുംബത്തെ ആക്രമിക്കാൻ സാധ്യതയുണ്ട്. ഇന്നേവരെ താൻ രാഷ്ട്രീയം സംസാരിച്ചിട്ടില്ല, ഇപ്പോൾ ഞങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെടുകയാണ്. ഞങ്ങളെ തട്ടിക്കൊണ്ടുപോകരുത്. ഇത്തരം ഡേർട്ടി ഗെയിം പാടില്ല. മുഖ്യമന്ത്രിയാണ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത്. സരിത്തിന്റെ പേരിൽ ഒരു എഫ്.ഐ.ആറും പെൻഡിങ്ങില്ല. ഉള്ള കേസിൽ ജാമ്യത്തിലാണ്. പിന്നെ എന്തിനാണ് തട്ടിക്കൊണ്ടുപോകുന്നത്. ഇതാണോ കേരള പൊലീസ്? വിജിലൻസ് സമൻസ് അയച്ചിട്ട് പോയിട്ടുണ്ടല്ലോ, സിബിഐ സമൻസ് അയച്ചിട്ട് പോയിട്ടുണ്ടല്ലോ, പിന്നെ എന്തിനാണ് തട്ടിക്കൊണ്ടുപോയതെന്നും സ്വപ്ന ചോദിച്ചു.

അതേസമയം സരിത്തിനെ നാടകീയമായി കസ്റ്റഡിയിലെടുത്തത് വിവാദത്തിലായ സാഹചര്യത്തിൽ സരിത്തിന്റെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്നും സംഭവത്തിൽ പരാതി നൽകുമെന്നും ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുമെന്നും സ്വപ്ന വ്യക്തമാക്കി. സരിത്തിന്റെ ബന്ധുക്കൾ അഭിഭാഷകരുമായി സംസാരിച്ചിട്ടുണ്ട്.

വിജിലൻസിന്റെ പാലക്കാട് യൂണിറ്റാണ് സരിത്തിനെ ബുധനാഴ്ച രാവിലെ ഫ്ളാറ്റിൽനിന്ന് കൊണ്ടുപോയത്. ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനാണ് സരിത്തിനെ കൊണ്ടുപോയതെന്നാണ് വിജിലൻസിന്റെ വിശദീകരണം. പ്രത്യേക അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരമാണ് നടപടിയെന്നും നോട്ടീസ് കൈപ്പറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെവന്നുവെന്നും വിജിലൻസ് അറിയിച്ചു. സരിത്തിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുമെന്നും വിജിലൻസ് അറിയിച്ചിട്ടുണ്ട്.

സരിത്തിനെ തട്ടിക്കൊണ്ട് പോയി എന്ന പരാതിയുയർന്നതിനെത്തുടർന്ന് പ്രാദേശിക പൊലീസ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസെത്തി പരിശോധിച്ചു. വിജിലൻസാണ് സരിത്തിനെ കസ്റ്റഡിയിലെടുത്തതെങ്കിൽ കൃത്യമായ വിവരം പ്രാദേശിക പൊലീസിന് അറിയാമായിരുന്നില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.