ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ നടത്താനിരുന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കിയ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചു നടി സ്വര ഭാസ്‌ക്കർ. രാഹുലിന് നന്ദി പറഞ്ഞു കൊണ്ടാണ് സ്വര രംഗത്തുവന്നത്.

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുൽ റാലികൾ നടത്താൻ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിനിടെ റാലികളുണ്ടാക്കുന്ന പ്രത്യാഘാതം എല്ലാ നേതാക്കളും മനസിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

അതേസമയം പശ്ചിമ ബംഗാളിലെ അസാൻസോളിൽ പ്രധാനമന്ത്രി കൂറ്റൻ ബിജെപി റാലിയെ അഭിസംബോധന ചെയ്തു. ഇതാദ്യമായാണ് ഇത്രയും വലിയൊരു റാലി കാണുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഇന്ന്, നിങ്ങൾ നിങ്ങളുടെ ശക്തി കാണിച്ചു. അടുത്ത ഘട്ടം കൂടുതൽ പ്രധാനമാണ്. ഇനി വോട്ടുചെയ്യുക, മറ്റുള്ളവരെയും അതിൽ പങ്കെടുപ്പിക്കുക എന്നാണ് നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം പ്രതിസന്ധയിലായിരിക്കെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞ വാക്കുകൾ ചർച്ചയായി.