ജനീവ: ശാസ്ത്രത്തിന്റെ പുരോഗതി അതിവേഗമാണ്. ഇതേ വേഗത മനുഷ്യന്റെ ജീവിതത്തിലും പ്രതിഫലിക്കുമ്പോൾ എല്ലാകാര്യങ്ങളും കൂടുതൽ വേഗത്തിൽ നടക്കണമെന്ന് ആഗ്രഹിക്കുകയാണ് മനുഷ്യൻ. മണ്ണിലൂടെ അതിവേഗ യാത്രയെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് സ്വിറ്റ്സർലാൻഡിലെ ഒരു സ്റ്റാർട്ട് അപ് കമ്പനി പുറത്തിറങ്ങുന്നത് മണിക്കൂറിൽ 1200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പുതിയ യാത്രാ സംവിധാനമാണ്. അതായത് ജനീവയിൽ നിന്നും സൂറിച്ചിലേക്കുള്ള 270 കിലോമീറ്റർ താണ്ടാൻ ആവശ്യമുള്ളത് വെറും 15 മിനിറ്റ്. അതുപോലെ ന്യുയോർക്കിൽ നിന്നും വാഷിങ്ടണിലെത്താൻ വേണ്ടത് വെറും അരമണിക്കൂർ.

നിലവിൽ സ്വിറ്റ്സർലൻഡിലെ ഒരു ട്രെയിൻ യാത്രയ്ക്ക് എടുക്കുന്ന സമയത്തിന്റെ ഒമ്പതിൽ ഒന്നുമാത്രമാണ് ഇത്. അമേരിക്കയിലെ നിലവിലെ ട്രെയിനുകളുടെ വേഗതയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലുള്ള സമയത്തിന്റെ ഏഴിൽ ഒന്നു മാത്രമാണ് ഈ പുതിയ ട്രെയിൻ യാത്രയ്ക്ക് എടുക്കുക. എന്നാൽ, വിമാനങ്ങളെ പോലെ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നുമില്ല.

സ്വിറ്റ്സർലാൻഡിലെ സ്റ്റാർട്ട് അപ്പായ സ്വിസ്പോഡ് ഈ പുതിയ വാഹനം നാലോ അഞ്ചോ വർഷത്തിനുള്ളിൽ വിപണിയിലിറക്കുമെന്ന് അതിന്റെ സി ഇ ഒ അറിയിച്ചു. അതുപോലെ ഒമ്പത് മാസങ്ങൾക്കുള്ളിൽ ഈ സാങ്കേതികവിദ്യയുടെ പ്രയോഗം ഒരു മിനി സൈറ്റിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ വാഹനത്തിന് അനുയോജ്യമായ പ്രൊപ്പല്ഷൻ സിസ്റ്റം വികസിപ്പിക്കാൻ സാധിച്ചാൽ ഇത് മണിക്കൂറിൽ 1000 മുതൽ 1200 കി. മീ വേഗതയിൽ ഓടുമെന്ന് നേരത്തേ അദ്ദേഹം പറഞ്ഞിരുന്നു.

തികച്ചും സുഗമമായി സഞ്ചരിക്കുന്ന ഈ വാഹനം വിപണിയിലിറങ്ങുമ്പോൾ ഇതിന്റെ വില എത്രയായിരിക്കും എന്ന ചോദ്യത്തിന് കമ്പനി വ്യക്തമായ ഒരു ഉത്തരം നൽകിയിട്ടില്ല. വിദൂര ദേശങ്ങളിലേക്ക് കൂടുതൽ വേഗതയിൽ ജനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഹൈപ്പർലൂപ്പ് എന്ന ഈ യാത്രാ രീതിയുമായി ബന്ധപ്പെട്ട് ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ പരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. 1910-ൽ അമേരിക്കൻ എഞ്ചിനീയറായിരുന്ന റോബർട്ട് ഗോഡർഡാണ് ആദ്യമായി ഇങ്ങനെ ഒരു ആശയം മുന്നോട്ടുവച്ചത്. പിന്നീട് 2013-ൽ സ്പ്്യൂഏസ് എക്സ് സ്ഥാപകനായ എലൻ മസ്‌ക് ഇതുമായി ബന്ധപ്പെട്ട് ഒരു ധവള പത്രം ഇറക്കിയതോടെയാണ് ഈ ആശയം വീണ്ടും ജനശ്രദ്ധ നേടുന്നത്.

സാധാരണ ഹൈപ്പർലൂപ്പ് പദ്ധതികളിൽ രണ്ട് സെറ്റ് കാന്തങ്ങൾ ഉൾപ്പെടുന്ന മാഗ്ലേവ് എന്ന രീതി ഉപയോഗിക്കുമ്പോൾ സ്വിസ്പോഡ് ലീനിയർ ഇൻഡക്ഷൻ മോട്ടറിനെയാണ് ആശ്രയിക്കുന്നത്. ഇതാണ് ഈ സ്വിസ്സ് ഉദ്പന്നത്തെ സമാനമായ മറ്റു ഉദ്പന്നങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. അതുപോലെ മാഗ്ലേവ് സിസ്റ്റത്തിൽ ഉള്ളതുപോലെ ട്രാക്കിൽ നിന്നും ഇന്ധനം സ്വീകരിക്കുന്ന മാതൃകയല്ല ഇത്. പകരം പ്രൊപ്പല്ഷനു വേണ്ടിയുള്ള ഇന്ധനം പോഡുകൾക്കുള്ളിൽ തന്നെ ഉണ്ടാകും.

സ്വിസ്സ് സർക്കാരിന്റെ ധനസഹായത്തോടെയുള്ള ഈ പുതിയ ഹൈപ്പർലിങ്കിന്റെ പ്രോട്ടോടൈപ്പ് ട്രാക്കിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. സ്വിസ്സ് ഫെഡറൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജിയുടെ ലോസേന്നിലുള്ള ക്യാമ്പസ്സിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.