ബേൺ: ഫ്രാൻസിനും ഡെന്മാർക്കിനും പുറകേ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കുന്ന മൂന്നാമത്തെ യൂറോപ്യൻ രാജ്യമായിരിക്കുകയാണ് സ്വിറ്റ്സർലൻഡ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ റഫറണ്ടത്തിൽ 48.8 ശതമാനംപേർ ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവരുന്നതിനെ എതിർത്തപ്പോൾ 51.2 ശതമാനം പേർ അനുകൂലിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിക്കുനതിനു മുൻപ് തന്നെ ബുർക്ക ബാൻ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ നിരോധനത്തിനായുള്ള നടപടികൾ ആരംഭിച്ചിരുന്നു.

തീവ്ര വലതുപക്ഷ പാർട്ടിയായ സ്വിസ് പീപ്പിൾസ് പാർട്ടിയാണ് ഇതിനായി നിർദ്ദേശം കൊണ്ടുവന്നത്. അതിൽ ഇസ്ലാം എന്ന വാക്ക് പരാമരിശിച്ചിട്ടില്ലെങ്കിലും, ഈ നീക്കത്തെ എതിർക്കുന്നവർ ഈ നിർദ്ദേശത്തെ വർഗീയതയിലൂന്നിയുള്ള ഒരു നടപടിയായാണ് കണ്ടത്. എന്നാൽ ബുർക്ക മാത്രമല്ല, ഈ നിയമം വഴി പ്രതിഷേധസമരങ്ങൾക്കിടയിൽ സ്‌കി മാസ്‌കുകളും ബൻഡാനാസും ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും നിയമവിരുദ്ധമായിട്ടുണ്ട്. അതേസമയം കോവിഡിനെ പ്രതിരോധിക്കുവാനുള്ള മാസ്‌ക് ധരിക്കാനുള്ള അനുവാദമുണ്ട്.

മുഖം കാണിക്കുക എന്നതാണ് സ്വിറ്റ്സർലൻഡിന്റെ പാരമ്പര്യം, അതാണ് അടിസ്ഥാന സ്വാതന്ത്ര്യം. മുഖം മറയ്ക്കുന്നത് അസ്വാതന്ത്ര്യത്തിന്റെ അടയാളമാണ്, റഫറണ്ടം കമ്മിറ്റി ചെയർമാനും സ്വിസ്സ് പീപ്പിൾസ് പാർട്ടി എം പിയുമായ വാൾട്ടർ വോബ്മാൻ പറയുന്നു. മാത്രമല്ല, മുഖം മറയ്ക്കുന്നത് യൂറോപ്പിൽ വർദ്ധിച്ചുവരുന്ന പൊളിറ്റിക്കൽ ഇസ്ലാമിന്റെ ചിഹ്നവും ആയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾ സ്വിറ്റ്സർലൻഡിൽ അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബുർക്ക നിരോധനത്തിനു പകരം, ആവശ്യപ്പെടുമ്പോൾ മുഖം തുറന്നു കാണിക്കണമെന്ന നിയമത്തിനായി നിലകൊള്ളാൻ സ്വിസ് സർക്കാർ റഫറണ്ടം സമയത്ത് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ജനങ്ങൾ അനുകൂലിച്ചത് നിരോധനത്തെ തന്നെയായിരുന്നു. ബുർക്ക ധരിച്ചതിന് പിഴയൊടുക്കേണ്ടി വരുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുവാനും ഈ നിയമത്തെകോടതികളിൽ നേരിടാനുമുള്ള ഫണ്ട് ശേഖരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സ്വിറ്റ്സർലാൻഡിലെ മുസ്ലിം സംഘടനകൾ ഒരുങ്ങുന്നത്.

തീർത്തും ഇസ്ലാമിനെതിരെയുള്ള ഒരു വിവേചനമാണെന്നാണ് ഇസ്ലാമിക സംഘടനകളുടെ അഭിപ്രായം. ഭരണഘടനയിൽ ഏത് വസ്ത്രം ധരിക്കണമെന്നതിനെ കുറിച്ച് നിർദ്ദേശം വയ്ക്കുന്നത് ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ അടയാളമല്ല എന്നാണ് അവർ പറയുന്നത്. പൊതു സ്ഥലങ്ങളിൽ പൂർണ്ണമായി മുഖം മറയ്ക്കുന്നത് 2011-ൽ ഫ്രാൻസ് നിരോധിച്ചിരുന്നു. പിന്നീഡ് ഡന്മാർക്ക്, ആസ്ട്രിയ, നെതർലാൻഡ്സ്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളും മുഖാവരണങ്ങൾ പൂർണ്ണമായോ ഭാഗികമായോ നിരോധിച്ചിരുന്നു. മൊത്തം സ്വിസ് ജനസംഖ്യയിൽ 5.2 ശതമാനമാണ് മുസ്ലീങ്ങൾ ഉള്ളത്.അവരിൽ ഭൂരിഭാഗം പേരും ടർക്കി, ബോസ്നിയ, കൊസോവോ തുടങ്ങിയവിടങ്ങളിൽ നിന്നുള്ളവരുമാണ്.