കൊച്ചി: സിറോ മലബാർ സഭയുടെ പരിഷ്‌കരിച്ച ഏകീകൃത കുർബാന ക്രമത്തിനു ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകുമ്പോൾ ജയിക്കുന്നത് സഭയിലെ തെക്കന്മാർ. പുതിയ കുർബാനപ്പുസ്തകത്തിനും അംഗീകാരമായി. പതിറ്റാണ്ടുകളായി സഭയിൽ വിവിധ പ്രദേശങ്ങളിലുള്ളവർ തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസമാണ് ഇതോടെ അവസാനത്തിലേക്ക് അടുക്കുന്നത്.

സിറോ മലബാർ സിനഡ് 1999 ൽ ഏകകണ്ഠമായി അംഗീകരിച്ച പരിഷ്‌കരിച്ച കുർബാനക്രമം വത്തിക്കാൻ അംഗീകരിച്ചത് ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ്. ഇതു സംബന്ധിച്ച് സിറോ മലബാർ മേജർ ആർച്ച്ബിഷപ്പിനും ബിഷപ്പുമാർക്കുമുള്ള കത്തിൽ ഇന്നലെ മാർപാപ്പ ഒപ്പുവച്ചു. സിനഡിന്റെ തീരുമാനത്തെ സഭയിലെ വടക്കന്മാർ അംഗീകരിച്ചിരുന്നില്ല. ഇത് പ്രശ്‌നങ്ങളുമായി. ഇതാണ് മാർപ്പാപ്പയുടെ ഇടപെടലിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ സഭയിൽ ഭിന്നത രൂക്ഷമാക്കും. അത് സഭയുടെ പിളർപ്പിലേക്ക് പോലും കാര്യങ്ങളെത്തിക്കും.

സീറോ മലബാർ സഭയുടെ തെക്കുള്ള പള്ളികളിൽ നടപ്പാക്കിയതാണ് ഈ കുർബാനാ ക്രമം. എന്നാൽ മറുവിഭാഗം അംഗീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ മാർപ്പാപ്പയുടെ നിർദ്ദേശ പ്രകാരം തിരുത്തൽ വരുത്തേണ്ടത് വടക്കുള്ള പാള്ളികളിലാണ്. പുതിയ കുർബാനക്രമം എല്ലാ സിറോ മലബാർ രൂപതകളും നടപ്പാക്കണമെന്നു വത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. ലോകത്തെവിടെയും സിറോ മലബാർ കുർബാന അർപ്പിക്കുമ്പോൾ പുതിയ ക്രമം പിന്തുടരണം എന്നാണ് നിർദ്ദേശം.

പല രൂപതകളിലും പല രീതിയിലുള്ള കുർബാന തുടരുകയായിരുന്നു. 1999ൽ 50:50 രീതിയാണ് സിനഡ് പ്രശ്നത്തിന് പരിഹാരമായി നിർദേശിച്ചത്. വിശ്വാസ പ്രമാണം വരെയുള്ള ഭാഗം ജനാഭിമുഖമായും, ബാക്കി അൾത്താരാഭിമുഖമായും നടത്താനായിരുന്നു തീരുമാനം. വൈദികനും വിശ്വാസികളും കിഴക്കോട്ട് അൾത്താരയിലേക്ക് തിരിഞ്ഞ് കുർബാന അർപ്പിക്കുന്ന രീതിയാണ് ചങ്ങനാശേരി അതിരൂപതയിലുണ്ടായിരുന്നത്. ജനത്തിന് അഭിമുഖമായാണ് എറണാകുളം-അങ്കമാലി അതിരൂപതകളിലടക്കം ചിലയിടങ്ങളിൽ വൈദികർ നിൽക്കുന്നത്. സിനഡിനെ അംഗീകരിച്ച് ചങ്ങനാശ്ശേരിക്കാർ രീതി മാറ്റിയിരുന്നു. എന്നാൽ എറണാകുളം-അങ്കമാലി രൂപതയിൽ മാറ്റം വരുത്തിയില്ല.

മൂന്ന് രീതിയിൽ കുർബാനയാണ് നിലനിൽക്കുന്നത്. ജനാഭിമുഖമായി, അൾത്താരാഭിമുഖമായി, രണ്ട് രീതിയും ചേർത്തതും. ഇത് ഏകീകരിക്കാനാണ് മാർപ്പാപ്പയുടെ തീരുമാനം. ശ്ലൈഹിക കാനൻ അനുസരിച്ചുള്ള ചട്ടമാണ് കിഴക്കോട്ട് തിരിഞ്ഞുള്ള ആരാധനയെന്ന് ഇതിനെ അനുകൂലിക്കുന്നവർ പറയുന്നു. ആളുകളുടെ സമയക്കുറവ് പരിഗണിച്ച് സമയക്രമം ലഘൂകരിക്കാൻ മാറ്റത്തിലൂടെ കഴിയും. മുപ്പത് മിനിറ്റിൽ കുർബാന തീർക്കാവുന്ന രീതിയാണ് മാർപ്പാപ്പയും അംഗീകരിക്കുന്നത്. ഇതിനെ എറണാകുളം-അങ്കമാലി അതിരൂപതകൾ അംഗീകരിക്കുമോ എന്നതാണ് നിർണ്ണായകം.

പുതിയ ക്രമത്തിൽ കുർബാനയ്ക്കു മുൻപത്തേതിനെക്കാൾ ദൈർഘ്യം കുറവായിരിക്കും. ആദ്യഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താര അഭിമുഖമായും ആയിരിക്കും. സുറിയാനി ഈണത്തിലുള്ള ആരാധനക്രമ ആലാപനവും സിറോ മലബാർ സഭ ഔദ്യോഗികമായി അംഗീകരിച്ചു. സിറോ മലബാർ സഭയിലെ കുർബാനയിലെ എല്ലാ പ്രാർത്ഥനകളും അർഥവും തനിമയും ഭക്തിയും നഷ്ടപ്പെടാതെ ആലപിക്കുവാൻ സാധിക്കുംവിധം ഗീതങ്ങൾ തയാറാക്കിയത് പ്രമുഖ ദൈവശാസ്ത്രജ്ഞനും സുറിയാനി പണ്ഡിതനുമായ മൽപാൻ ഫാ. ഡോ. മാത്യു വെള്ളാനിക്കൽ ആണ്.

ഗദ്യരൂപത്തിലുള്ള പ്രാർത്ഥനകളും സുറിയാനി ഈണത്തിൽ ഗീതങ്ങളായി ആലപിക്കുവാൻ സാധ്യമാക്കുന്ന ആരാധനക്രമ ശൈലിയാണിത്. ആരാധനക്രമ ആലാപനങ്ങളിൽ ഏകീകൃതമായ ഘടനയും രീതിയും ഭാവവും സാധ്യമാക്കാനാണ് ഗീതങ്ങൾ ഒരുക്കിയിരിക്കുന്നത്. 2017ൽ സിറോ മലബാർ സിനഡ് അംഗീകാരം നൽകിയ ഈ ആരാധനക്രമ ആലാപനം രൂപകൽപന ചെയ്യുന്നതിന് സംഗീതജ്ഞൻ പി.ജെ. ആന്റണിയും സഹായിച്ചിട്ടുണ്ട്. ഫാ. ജോസഫ് പത്തിലിന്റെ നേതൃത്വത്തിലാണ് ഗായകസംഘത്തെ പരിശീലിപ്പിച്ച് ആലാപന രീതിയിൽ കുർബാന സിനഡിൽ അർപ്പിച്ചത്.