ദുബായ്: കുട്ടി ക്രിക്കറ്റിന്റെ ലോക പോരാട്ടത്തിന് തിരശീല ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം.ടി 20 ലോകകപ്പ് സൂപ്പർ 12 പോരാട്ടങ്ങൾ ഉച്ചയോടെ ആരംഭിക്കും.രണ്ട് മത്സരങ്ങളാണ് ആദ്യ ദിനത്തിൽ അരങ്ങേറുക.ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. അബുദാബിയിൽ വൈകിട്ട് 3.30 നാണ് ഉദ്ഘാടന മത്സരം.രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ വിൻഡീസ് ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും. ദുബായിൽ രാത്രി 7.30 നാണ് മത്സരം.

സൂപ്പർ പന്ത്രണ്ടിൽ 12 ടീമുകൾ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ട്, വിൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നി ടീമുകളും ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ, പാക്കിസ്ഥാൻ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, നമീബിയ, സ്‌കോട്ട്‌ലന്റ് ടീമുകളും മാറ്റുരയ്ക്കും.ഏഴാമത് ട്വന്റി 20 ലോകകപ്പിലെ ഉദ്ഘാടനമത്സരം കിരീടം നേടിയിട്ടില്ലാത്തവരുടെ പോരാട്ടമാണ്. മത്സരം വൈകീട്ട് 3.30 മുതൽ അബുദാബിയിൽ നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ നേരിടും.ഏകദിന ക്രിക്കറ്റിൽ അഞ്ചുതവണ ലോകകപ്പ് നേടിയ ഓസ്‌ട്രേലിയ ട്വന്റി 20-യിൽ ഇതുവരെ ജേതാക്കളായിട്ടില്ല. ദക്ഷിണാഫ്രിക്കയാകട്ടെ, ലോകകിരീടങ്ങളൊന്നും നേടിയിട്ടില്ല.

സമീപകാലത്ത് അത്ര മികച്ച ഫോമിലല്ല ഓസ്‌ട്രേലിയ. ബംഗ്ലാദേശ്, വെസ്റ്റിൻഡീസ്, ന്യൂസീലൻഡ്, ഇംഗ്ലണ്ട് ടീമുകളോട് പരമ്പര തോറ്റു. സന്നാഹമത്സരത്തിൽ ബുധനാഴ്ച ഇന്ത്യയോട് വൻ തോൽവിവഴങ്ങി. കഴിഞ്ഞ 13 മത്സരങ്ങളിൽ അഞ്ചു വിജയം മാത്രമേയുള്ളൂ.ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, സ്റ്റീവൻ സ്മിത്ത്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക് തുടങ്ങിയവരെ ആശ്രയിച്ചാണ് ഇപ്പോഴും ടീമിന്റെ നിലനിൽപ്പ്. കരുത്തുറ്റ പുതുനിര ഇല്ല. ഓപ്പണർ ഡേവിഡ് വാർണർ ഏറെക്കാലമായി ഫോമിലല്ല. ഐ.പി.എലിനിടെ ഒഴിവാക്കപ്പെട്ട വാർണർ പിന്നീട് രണ്ട് സന്നാഹ മത്സരങ്ങളിൽ നേടിയത് 0, 1 എന്നിങ്ങനെ റൺസ്. ആരോൺ ഫിഞ്ചിന് പരിക്കുമൂലം വിട്ടുനിന്നശേഷം തിരിച്ചുവരവാണിത്. പ്രധാന പേസർ പാറ്റ് കമ്മിൻസ് ഏപ്രിലിൽ ഐ.പി.എലിനുശേഷം ഔദ്യോഗിക മത്സരം കളിച്ചിട്ടില്ല.

അതേസമയം, വെസ്റ്റിൻഡീസ്, അയർലൻഡ്, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരേ തുടർച്ചയായി മൂന്ന് പരമ്പരകൾ ജയിച്ചുവരുന്ന ദക്ഷിണാഫ്രിക്ക ആവേശത്തിലാണ്. ഇവിടെ ഈയിടെ സമാപിച്ച ഐ.പി.എലിൽ കളിച്ച പരിചയമുള്ള ക്വിന്റൺ ഡി കോക്ക്, ആന്റിച്ച് നോർക്യെ, കാഗിസോ റബാഡ തുടങ്ങിയവർ ടീമിലുണ്ട്. ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തുള്ള സ്പിന്നർ ടബ്രിസ് ഷാംസിയും കൂടെയുണ്ട്.ഐ.സി.സി. ചാമ്പ്യൻഷിപ്പുകളിൽ നിർണായകഘട്ടത്തിൽ സമ്മർദത്തിന് അടിപ്പെടുന്നത് ദക്ഷിണാഫ്രിക്കയുടെ ശീലമാണ്. അതിനെ മറികറക്കാൻ കഴിയുന്ന മികച്ച സംഘമാണിത്. ട്വന്റി 20 ലോകറാങ്കിങ്ങിൽ ദക്ഷിണാഫ്രിക്ക അഞ്ചാമതും ഓസ്ട്രേലിയ ഏഴാം സ്ഥാനത്തുമാണ്.

വൈകീട്ട് 7.30-ന് നടക്കുന്ന മത്സരത്തിൽ, ട്വന്റി 20 ക്രിക്കറ്റിലെ ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസിനെ നേരിടും.അഞ്ചുവർഷം മുമ്പ്, കാർലോസ് ബ്രാത്വെയ്റ്റ് എന്ന വെസ്റ്റിൻഡീസുകാരന്റെ ബാറ്റിൽനിന്ന് പറന്നുയർന്ന നാലു സിക്‌സറുകൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ സൃഷ്ടിച്ച തീപ്പൊരികൾ ഇപ്പോഴും കാണികളുടെ മനസ്സിൽ അണഞ്ഞിട്ടുണ്ടാകില്ല. 2016-ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ജയിക്കാൻ അവസാന ഓവറിൽ 19 റൺസ് വേണ്ടിയിരിക്കേ, ബ്രാത്വെയ്റ്റിന്റെ തുടർച്ചയായ നാലു സിക്സുകളിൽ വെസ്റ്റിൻഡീസ് ജയിച്ചുകയറി. ഇ ഓർമ്മകളുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

ഞായറാഴ്‌ച്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചിരവൈരികളായ പാക്കിസ്ഥാനോടുള്ള മത്സരം ലോക ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നതാണെന്ന സവിശേഷതയുമുണ്ട്.

2007ലെ ആദ്യ ലോകകപ്പ് ജയിച്ച ഇന്ത്യ, 2016-ൽ സെമി ഫൈനലിൽ എത്തി. 2012, 16 വർഷങ്ങളിൽ ജേതാക്കളായ വെസ്റ്റിൻഡീസ് കിരീടനേട്ടത്തിൽ മുന്നിൽനിൽക്കുന്നു. ഏകദിന ക്രിക്കറ്റിൽ കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ ഓസ്‌ട്രേലിയയും കരുത്തരായ ന്യൂസീലൻഡും ഇതുവരെ ട്വന്റി 20 കിരീടം നേടിയിട്ടില്ല. കോവിഡിന്റെ ദുരിതങ്ങളിൽനിന്ന് കരകയറാൻ തുടങ്ങിയ ലോകത്തിന് പുതിയ ഊർജംപകരുക എന്ന ലക്ഷ്യവും ഇത്തവണത്തെ ലോകപോരാട്ടത്തിന് ഉണ്ട്.