ശിവമോഗ: ജീവിച്ചിരിക്കുമ്പോൾ ഈ 22കാരി രോഗികളെ സേവിച്ചു. മരണശേഷം അഞ്ച് പേരുടെ ജീവിതത്തിന് വെളിച്ചം നൽകുകയും ചെയ്തു. ടി കെ ഗാനവി എന്ന നഴ്‌സിന്റെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

ചിക്കമംഗളൂരു ജില്ലയിലെ ഹൊസക്കോപ്പയിലെ എൻആർ പുര താലൂക്കിൽ താമസിക്കുന്ന ടി കെ ഗാനവി ശിവമോഗയിലെ നഴ്സിങ് ഹോമിൽ നഴ്സയി സേവനം ചെയ്തു വരികയായിരുന്നു. ഫെബ്രുവരി എട്ടിന് ഡ്യൂട്ടിക്കിടെ പുലർച്ചെ 3.30ഓടെ യുവതി കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഗുരുതരവസ്ഥയിലായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.

ഫെബ്രുവരി 12 ന് ഡോക്ടർമാർ യുവതിയുടെ മസ്തിഷ്‌ക മരണം ഉറപ്പാക്കിയതിന് പിന്നാലെ നിർദ്ധനരായ അഞ്ച് പേർക്ക് അവയവങ്ങൾ ദാനം ചെയ്യാൻ യുവതിയുടെ കുടുംബാംഗങ്ങൾ രംഗത്തു വരുകയായിരുന്നു. ടി കെ ഗാനവിയുടെ മാതാപിതാക്കളുടെ കൃത്യമായ ഇടപെടലിൽ അഞ്ച് പേരുടെ ജീവതമാണ് വെളിച്ചം കണ്ടത് .

ജീവിച്ചിരുന്നപ്പോൾ മനുഷ്യരെ അകമഴിഞ്ഞ് സേവിച്ച നഴ്സ് ടി കെ ഗാനവി തന്റെ അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്തുകൊണ്ട് തന്റെ മരണവും ത്യാഗപൂർണമാക്കിയെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ സുധാകർ ട്വീറ്റ് ചെയ്തു. മാത്രമല്ല യുവതിയുടെയും കുടുംബത്തിന്റെയും ത്യാഗം അവയവദാന രംഗത്ത് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത് . യുവതിക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് ഇപ്പോൾ അവയവദാനത്തിന് രംഗത്തു വന്നിരിക്കുന്നത് .