ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയതോടെ അപൂർവ്വ റെക്കോർഡോടിന് ഉടമയായിരിക്കുകയാണ് തമിഴ്‌നാട്ടുകാരൻ തങ്കരശു നടരാജൻ എന്ന ടി നടരാജൻ. ഒരേ പരമ്പരിയിൽ തന്നെ ഇന്ത്യക്കായി മൂന്നു ഫോർമാറ്റിലും അരങ്ങേറ്റം കുറിച്ച താരമെന്ന റെക്കോർഡ് ഇനി നടരാജന് സ്വന്തം. ഈ വർഷത്തെ ഐപിഎല്ലിലെ മിന്നും ബൗളിങ് മികവിലിൽ നെറ്റ് ബൗളറായാണ് താരത്തെ പര്യടനത്തിനായി തിരഞ്ഞെടുത്തത്.ഇവിടെ നിന്നാണ് തന്റെ ബൗളിങ്ങ് കരുത്തിലുടെ ഒരു പര്യടനത്തിൽ തന്നെ മൂന്ന് ഫോർമാറ്റിലും രാജ്യത്തിനായി അരങ്ങേറുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ റെക്കോർഡാണ് ഈ തമിഴ്‌നാട് പേസർ സ്വന്തം പോക്കറ്റിലാക്കിയത്.

പ്രമുഖ താരങ്ങളെല്ലാം പരിക്കിന്റെ പിടിയിലായതോടെയാണ് നടരാജന് നാലാം ടെസ്റ്റിൽ അരങ്ങേറാനുള്ള അവസരമൊരുങ്ങിയത്. പേസർമാരായ ഇഷാന്ത് ശർമ പര്യടനത്തിന് മുൻപ് തന്നെ പരിക്കിനെ തുടർന്ന് ടീമിൽ ഇടം കിട്ടാതെ പോയി. പിന്നീട് ഉമേഷ് യാദവ്, മുഹമ്മദ് ഷമി ഒടുവിൽ ജസ്പ്രിത് ബുമ്റയും പരിക്കിന്റെ പിടിയിലായതോടെയാണ് നടരാജന് ടെസ്റ്റ് അരങ്ങേറ്റത്തിനും ഇന്ന് അവസരമൊരുങ്ങിയത്.

ഡിസംബർ രണ്ടിന് മൂന്നാം പോരാട്ടത്തിലാണ് നടരാജൻ ഏകദിന അരങ്ങേറ്റം നടത്തിയത്. ഇന്ത്യ പരമ്പര സ്വന്തമാക്കിയ ടി20 പോരാട്ടത്തിലും താരം തിളങ്ങി. മൂന്ന് പോരിലുമായി ആറ് വിക്കറ്റുകളാണ് താരം ടി20യിൽ വീഴ്‌ത്തിയത്. ഏകദിന അരങ്ങേറ്റത്തിൽ രണ്ട് വിക്കറ്റുകളായിരുന്നു 29കാരനായ താരത്തിന്റെ സമ്പാദ്യം. താരത്തിന്റെ ഒരു പര്യടനത്തിൽ തന്നെ മൂന്ന് ഫോർമാറ്റിലേയും അരങ്ങേറ്റം സംബന്ധിച്ച് ഐസിസി ഔദ്യോഗിക ട്വിറ്റർ പേജിൽ ടെസ്റ്റ് ക്യാപ് സമ്മാനിക്കുന്നതിന്റെ വീഡിയോ അടക്കം കുറിപ്പിട്ടിട്ടുണ്ട്.