കോഴിക്കോട്: വടകരക്കാരുടെ ഹൃദയത്തിലൊരു തേങ്ങലായിപ്പതിഞ്ഞ ടിപിയെന്ന ടിപി ചന്ദ്രേശേഖരന്റെ ഓർമയ്ക്ക് ഒൻപത് വയസ്സ്.രക്തസാക്ഷി ദിനാചരണം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വൈകീട്ട് നടക്കും.ടിപിയുടെ ഭാര്യ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽ എ ആയതിന്റെ ആഹ്ലാദനിറവിൽ കൂടിയാണ് ഇത്തവണ രക്തസാക്ഷി ദിനം കടന്നുവരുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് പൊതുപരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. വള്ളിക്കാട് ടി.പി. ചന്ദ്രശേഖരൻ വെട്ടേറ്റു വീണ സ്ഥലത്തും ഒഞ്ചിയത്തെ വീട്ടിലും രാവിലെ പതാക ഉയർത്തും. വൈകിട്ടു 4ന് ഓൺലൈനിലാണ് അനുസ്മരണം.

ടിപിയെ വെട്ടിവീഴ്‌ത്തിയ കൊലപാതക രാഷ്ട്രീയത്തിനെതിരെ പോരാടി ജയിച്ച് വടകരയുടെ എംഎൽഎയായി ചന്ദ്രശേഖരന്റെ സഖി കെ.കെ. രമ ഒഞ്ചിയത്തെ വീട്ടിൽ നിന്നു തിരുവനന്തപുരത്തേക്കു പോകാനിരിക്കുന്നതും വള്ളിക്കാട് അങ്ങാടിയിലെ ഓർമ്മകൾ ഇരമ്പുന്ന പാതയിലൂടെയാണ്. അതു കൊണ്ടു തന്നെ, ടിപിയെന്ന ചെന്താരകത്തിന്റെ ഓർമകൾക്ക് ഇത്തവണ ഇത്തിരി ചുവപ്പു കൂടുന്നു. 2012 മെയ്‌ നാലിനാണ്് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്.