തിരുവനന്തപുരം: താലിബാനെ ഭീകരവാദികളുടെ ലിസ്റ്റിൽ നിന്നും യുഎൻ രക്ഷാസമിതി ഒഴിവാക്കിയെന്ന പ്രചരണം തെറ്റെന്ന് വിദേശകാര്യ വിദഗ്ധനും മുൻ അംബാസിഡറുമായ ടിപി ശ്രീനിവാസൻ. ഒരു പ്രസ്താവനയിൽ നിന്ന് മാത്രമാണ് താലിബാന്റെ പേര് ഒഴിവാക്കിയത്. അതും താലിബാനുമായി ചർച്ചകൾ നടക്കുന്ന നിലവിലത്തെ സാഹചര്യത്തിൽ താലിബാനെ പ്രകോപിപ്പിക്കരുതെന്ന് കരുതി ഒഴിവാക്കിയതാകാനാണ് സാധ്യത.

സ്വഭാവികമായും ഇക്കാര്യത്തിൽ ചൈനയുടെ സമ്മർദ്ദവും ഉണ്ടായിട്ടുണ്ടാകും. അതൊരു തന്ത്രപരമായ നിലപാടാണ്. ഇതിൽ വിട്ടുവീഴ്‌ച്ചയുടെ പ്രശ്നമൊന്നുമുദിക്കുന്നില്ല. പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും മറ്റ് ഭീകരവാദ സംഘടനങ്ങൾ എന്ന പ്രയോഗത്തിൽ താലിബാനും ഉൾപ്പെടുമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

ഒരു സംഘടനയെ ഭീകരവാദസംഘടനകളുടെ പട്ടികയിൽ നിന്നും ഒഴിവാക്കണമെങ്കിൽ നിരവധി നൂലാമാലകളുണ്ട്. ഇതു സംബന്ധിച്ച കമ്മിറ്റിയിൽ ചർച്ചകൾ നടത്തി മാത്രമേ അത്തരമൊരു തീരുമാനം എടുക്കാൻ കഴിയൂ. ആ കമ്മിറ്റിക്ക് നേതൃത്വം നൽകുന്നതും ഇന്ത്യയാണ്. ഭീകരവാദപട്ടികയിൽ നിന്നും താലിബാനെ ഒഴിവാക്കുന്നത് എളുപ്പമല്ല. ലോകരാജ്യങ്ങളുമായി അവർ ചർച്ച നടത്തി അനുനയത്തിന്റെ പാത സ്വീകരിച്ചെന്ന് പൂർണമായും ബോധ്യപ്പെട്ടാൽ മാത്രമേ പട്ടികയിൽ നിന്ന് ഒഴിവാക്കുകയുള്ളു.

അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യയിലെ ചെറുത്തുനിൽപ്പുകൾക്ക് ഭാവിയില്ലെന്നും ടിപി ശ്രീനിവാസൻ പറയുന്നു. അവർ പോരാട്ടം ഏറെക്കുറെ അവസാനിപ്പിച്ചുകഴിഞ്ഞു. ഇപ്പോൾതന്നെ അവർ ചർച്ചകൾക്ക് തയ്യാറായി രംഗത്ത് വന്നത് അതിന്റെ ഭാഗമായാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

അമേരിക്കൻ സൈന്യത്തിന്റെ അഫ്ഗാൻ പിന്മാറ്റത്തിന്റെ പേരിൽ ബൈഡനെ പഴിക്കുന്നത് വിവരക്കേടാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക പൂർണമായും പിന്മാറാൻ തീരുമാനിക്കുന്നത് മൂന്ന് വർഷം മുമ്പാണ്. അന്ന് തീരുമാനിച്ച ക്രമത്തിലാണ് കൃത്യമായ ഇടവേളകളിൽ അമേരിക്കൻ സൈന്യം അഫ്ഗാനിൽ നിന്നും പിൻവാങ്ങിയത്. ഏതാനും മാസങ്ങൾക്ക മുമ്പ് മാത്രം പ്രസിഡന്റായ ബൈഡനെ അതിന്റെ പേരിൽ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ഇത് ബൈഡനെതിരെ അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടി ഉപയോഗിക്കുന്ന രാഷ്ട്രീയ പ്രചരണം മാത്രമാണെന്നും ടിപി ശ്രീനിവാസൻ പറയുന്നു.

അവർ പറയുന്നത് ബൈഡൻ രാജി വയ്ക്കണമെന്നാണ് അങ്ങനെയെങ്കിൽ മുമ്പും എത്രയെത്ര പിഴവുകളാണ് അമേരിക്ക വരുത്തിയിട്ടുള്ളത്. വിയറ്റ്നാം യുദ്ധം, ഇറാനിലെ നയതന്ത്രജ്ഞരുടെ പ്രശ്നം, വേൾഡ് ട്രേഡ് സെന്റർ തകർച്ച, ഇപ്പോഴത്തെ കോവിഡ് പ്രശ്നം... അങ്ങനെ എത്രയെത്ര വീഴ്‌ച്ചകൾ. അന്നൊക്കെ പ്രസിഡന്റിനെ ചീത്ത പറയുകയാണോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഇത് വെറും രാഷ്ട്രീയം മാത്രമാണ്. ഇപ്പോൾ നമ്മൾ ചർച്ച ചെയ്യേണ്ടത് അഫ്ഗാനിസ്ഥാന് എന്തുപറ്റുമെന്നാണ്. എന്നാൽ അമേരിക്കയ്ക്ക് എന്തുപറ്റുമെന്നും ബൈഡന്റെ ഭാവി എന്താകുമെന്നൊക്കെയാണ് ഇന്ന് ആശങ്കപ്പെടുന്നത്. അതൊരു അനാവശ്യആശങ്കയാണ്.