തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകാൻ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ കരാർ ഒപ്പിട്ടതോടെ എസ്എഫ്‌ഐ നേതാവ് ജയ്ക് വി.തോമസിന്റെ പഴയ പ്രസംഗം കുത്തി പൊക്കി കോൺഗ്രസ് നേതാവ് ടി.സിദ്ദിക്. ജെയ്ക് വി തോമസിന്റെ പഴയ പ്രസംഗം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് സിദ്ദിഖ് പരിഹസിച്ചിരിക്കുന്നത്.

'തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അഥോറിറ്റിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറിൽ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാർ ഒപ്പിട്ടത് വ്യക്തമാക്കി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. 'അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വെല പറഞ്ഞ് വച്ചതാണല്ലോ...' എന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റ്.

വിമാനത്താവളം വിൽക്കുന്നെങ്കിൽ പറഞ്ഞോ, എത്രയാ വിമാനത്താവളത്തിന്റെ വില? ഞങ്ങൾ വാങ്ങിക്കോളാം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു' എന്നാണ് പ്രംസംഗത്തിൽ ജെയ്ക് പറയുന്നത്.

സിദ്ദിഖിന്റെ പോസ്റ്റ്:

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അഥോറിറ്റിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറിൽ ഒപ്പിട്ടു. 50 വർഷത്തേക്കാണ് കരാർ. വിമാനത്താവളം ജൂലൈയിൽ ഏറ്റെടുക്കും. കരാർ ഒപ്പിട്ടത് വ്യക്തമാക്കി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു. 'അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വെള പറഞ്ഞ് വച്ചതാണല്ലോ...'

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് വിമാനത്താവള നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പിന് കൈമാറുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

ഇതു ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.