തിരുവനന്തപുരം: കോൺഗ്രസിലെ എ ഗ്രൂപ്പു കേഡറിൽ നിന്നും തീർത്തു ഒറ്റപ്പെട്ട നിലയിലാണ് ടി സിദ്ദിഖ്. കോൺഗ്രസിലെ എ ഗ്രൂപ്പിൽനിന്ന് അകന്നുവെന്ന പ്രചാരണം നിലനിൽക്കെ, കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് ഉമ്മൻ ചാണ്ടിയെ വീട്ടിലെത്തി കണ്ടത് അദ്ദേഹത്തിന്റെ അനിഷ്ടം കണ്ടറിഞ്ഞു തന്നെയാണ്. ഉമ്മൻ ചാണ്ടി നൽകിയ പേരുകൾ അടക്കം വെട്ടിയതിൽ കടുത്ത അമർഷത്തിലാണ് എ ഗ്രൂപ്പ്. ഗ്രൂപ്പിലെ ഭൂരിപക്ഷം നേതാക്കളും സിദ്ദിഖിനെ തള്ളിപ്പറഞ്ഞു രംഗത്തുവന്നു. ഇതിനിടെയാണ് മഞ്ഞുരുക്കാൻ വേണ്ടി സിദ്ദിഖ് അതിവേഗം ഉമ്മൻ ചാണ്ടിയുടെ അരികിലേക്ക് പറന്നെത്തിയത്.

ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞു കൊണ്ട് ഒരു രാഷ്ട്രീയ നിലപാട് തനിക്കില്ലെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം സിദ്ദിഖ് വ്യക്തമാക്കി. അതേസമയം 'വർക്കിങ് പ്രസിഡന്റ് പറയും' എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. കോൺഗ്രസിലെ പുനഃസംഘടനാ പ്രക്രിയ നടക്കുമ്പോൾ പല രീതിയിലുള്ള വൈഷമ്യങ്ങൾ ഉണ്ടാകും. അതെല്ലാം സമയാസമയത്തു പരിഹരിച്ചു പോകുക എന്നതാണു കൂട്ടായ രീതി. എല്ലാവരുമായി ചർച്ച ചെയ്തു കൂട്ടായ തീരുമാനങ്ങളാണു വേണ്ടതെന്നാണ് സിദ്ദിഖ് വ്യക്തമാക്കിയത്.

ഉമ്മൻ ചാണ്ടിയുമായി നിരന്തരം ചർച്ചകൾ നടത്തുന്നയാളാണ് താനെന്നും അദ്ദേഹത്തെ കാണുന്ന ആളാണ്. ദൈനംദിന രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണ് ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെന്നും സിദ്ദിഖ് വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുമായുള്ള ബന്ധം വൈകാരികവും ഹൃദ്യവുമാണ്. അതിന് ഒരു ഇടർച്ചയും തളർച്ചയും ഒരിക്കലും സംഭവിക്കില്ല. ആ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നുമാണ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയെന്ന ആരോപണങ്ങളോട് സിദ്ദിഖ് പ്രതികരിച്ചത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ സമയം മുതൽ ടി സിദ്ദിഖ് എ ഗ്രൂപ്പിൽ നിന്നും ഉമ്മൻ ചാണ്ടിയിൽ നിന്നും അകലുന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തപ്പോഴും ഉമ്മൻ ചാണ്ടിയുടെ തിരുമാനത്തിൽ നിന്നും വ്യത്യസ്ത തീരുമാനത്തിനൊപ്പമായിരുന്നു സിദ്ദിഖ്.

ഗ്രൂപ്പുകാരനായി ഇരുന്നിട്ട് ഗ്രൂപ്പ് ഇല്ലെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്ന് കഴിഞ്ഞ ദിവസം ടി സിദ്ദിഖിനെ കെസി അബു വിമർശിച്ചിരുന്നു. കോഴിക്കോട് ഡിസിസി അധ്യക്ഷനായ പ്രവീൺകുമാറിനെ പിന്തുണച്ചുവെന്നായിരുന്നു വിമർശനം. കഴിഞ്ഞ ദിവസം കോഴിക്കോട് ഡിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചപ്പോഴും ടി സിദ്ദിഖിനെതിരെ വിമർശനം ഉയർന്നു.

ഇതിനിടെയാണ് ഉമ്മൻ ചാണ്ടിക്കൊപ്പം നിൽക്കുന്ന ചിത്രം സിദ്ദിഖ് ഫേസ്‌ബുക്കിൽ പ്രൊഫൈൽ ചിത്രമാക്കുന്നത്. എ ഗ്രൂപ്പിൽ നിന്ന് എങ്ങനെ അകന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയാണിത്. സിദ്ദിഖ് സുധാകര പക്ഷത്തിനൊപ്പം ചേർന്നുവെന്ന ആരോപണം ഉയർന്നിരുന്നു. പ്രചരണം ശക്തമായതിനെ തുടർന്നാണ് സിദ്ദിഖ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മുൻ ഡി.സി.സി പ്രസിഡന്റും എക്കാലത്തും എ.കെ. ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ഉറ്റ അനുയായിയുമായ കെ.സി. അബു പരോക്ഷവിമർശനവുമായി രംഗത്തെത്തിയതും ഭിന്നത വ്യക്തമാക്കുന്നു. ഇപ്പോൾ ഗ്രൂപ്പില്ലെന്ന് പറയുന്നത് ആത്മവഞ്ചനയാണെന്നാണ് അബുവിന്റെ പ്രതികരണം. മുതിർന്ന നേതാവായ കെ. ബാലകൃഷ്ണൻ കിടാവിന്റെ പേരായിരുന്നു ഉമ്മൻ ചാണ്ടി നൽകിയത്.

എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരി നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ധർമജൻ, ബാലകൃഷ്ണൻ കിടാവിനെതിരെ പരാതി നൽകിയിരുന്നു. ഇത്തരം പരാതികൾകൂടി കണക്കിലെടുത്ത് അദ്ദേഹത്തി!!െന്റ പേര് പ്രാഥമിക തലത്തിൽ തന്നെ ഒഴിവാക്കിയിരുന്നു. ജനകീയതയും സംഘാടക മികവും ഘടകക്ഷികളുമായുള്ള അടുപ്പവും മറ്റും കണക്കിലെടുത്താണ് പ്രവീൺ കുമാറിനെ പരിഗണിച്ചത്.

ജില്ലയിലെ പാർട്ടിയുടെ സ്ഥിതിഗതികൾ അറിയുന്ന കെ.സി. വേണുഗോപാലും സിദ്ദീഖും അടക്കമുള്ളവരുടെ വാക്കുകൾ വിശ്വാസത്തിലെടുത്തു. എ.കെ. ആന്റണിയുടെ അനുയായിയായ എം.കെ. രാഘവൻ എംപിയും പ്രവീണിന് തുണയായതാണ് ജില്ലയിലെ എ ഗ്രൂപ്പിന് മറ്റൊരു തിരിച്ചടിയായത്. 15 വർഷമായി കൈയടക്കിയിരുന്ന ഡി.സി.സിയുടെ നേതൃത്വം കൈവിടുമെന്ന് നേരത്തേ തന്നെ ജില്ലയിലെ എ ഗ്രൂപ് നേതാക്കൾക്ക് വിവരം കിട്ടിയിരുന്നു. പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും കെപിസിസി നൽകിയ പട്ടികയിൽ മറ്റൊരു പേരില്ലാത്തതും വിനയായി.

ഇനി കെപിസിസി ഭാരവാഹികളെ തീരുമാനിക്കുന്നതിലും വർക്കിങ് പ്രസിഡന്റ് നിർണായകമാകും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണച്ചതിൽ സിദ്ദീഖിനെതിരെ എ ഗ്രൂപ്പിൽ വിമർശനമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ ശ്രദ്ധ പതിയുന്ന വയനാട്ടിലെ ജനപ്രതിനിധി കൂടിയായതിനാൽ കൂടുതൽ ഗ്രൂപ് കളിക്ക് സിദ്ദീഖിനും താൽപര്യമില്ല. അതേസമയം, കെ. മുരളീധരനും എം.കെ. രാഘവനുമുൾപ്പെടെയുള്ള നേതാക്കൾക്ക് ജില്ലയിലെ കോൺഗ്രസിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കുന്നതാണ് പ്രവീൺ കുമാറിന്റെ അധ്യക്ഷപദവി.