ദുബായ്: ട്വന്റി 20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 126 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറിൽ 125 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റെടുത്തു.

49 പന്തിൽ നിന്ന് നാലു ഫോറടക്കം 44 റൺസെടുത്ത ഫിഞ്ചാണ് അവരുടെ ടോപ് സ്‌കോറർ. ക്യാപ്റ്റന്റെ ഇന്നിങ്സാണ് ടീമിനെ 100 കടത്തിയത്. അഗർ 20 പന്തിൽ നിന്ന് രണ്ടു സിക്സടക്കം 20 റൺസെടുത്തു. ആറാം വിക്കറ്റിൽ ഈ സഖ്യം കൂട്ടിച്ചേർത്ത 47 റൺസാണ് ഓസീസ് ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ട്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസിസിന്റെ മുൻനിരയെ ക്രിസ് ജോർദാനും ക്രിസ് വോക്‌സും ചേർന്ന് എറിഞ്ഞൊതുക്കി. കഴിഞ്ഞ മത്സരത്തിൽ ഫോമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാർണർ രണ്ടാം ഓവറിൽ ഒരു റണ്ണുമായി മടങ്ങി. വോക്‌സിനായിരുന്നു വിക്കറ്റ്.

വൺഡൗണായി എത്തിയ മുൻ നായകൻ സ്റ്റീവ് സ്മിത്തിനെ(1) ക്രിസ് ജോർദാന്റെ പന്തിൽ ക്രിസ് വോക്‌സ് മനോഹരമായി കൈയിലൊതുക്കി. പിന്നീടെത്തിയ ഗ്ലെൻ മാക്‌സ്വെല്ലിനെയും(6) വോക്‌സ് മടക്കി പേസർമാർ ഉഴുതുമറിച്ച പിച്ചിൽ പിന്നെ കണ്ടത് സ്പിന്നർമാരുടെ വിളവെടുപ്പായിരുന്നു. മാർക്കസ് സ്റ്റോയ്‌നിസിനെ(0) ആദിൽ റഷീദ് മടക്കുമ്പോൾ ഓസീസ് സ്‌കോർ ബോർഡിൽ 21 റൺസെ ഉണ്ടായിരുന്നുള്ളു.

മാത്യു വെയ്ഡും ഫിഞ്ചും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം ഓസീസിനെ 50 കടക്കാൻ സഹായിച്ചു. എന്നാൽ ടീം സ്‌കോർ 50 കടന്നതിന് പിന്നാലെ ലിവിങ്സ്റ്റണെ സിക്‌സിന് പറത്താനുള്ള ശ്രമത്തിൽ മാത്യു വെയ്ഡ്(18) മടങ്ങി. 51-5ലേക്ക് വീണ ഓസീസിനെ ആറാം വിക്കറ്റിൽ ആഷ്ടൺ അഗറും ഫിഞ്ചും ചേർന്ന് 100ന് അടുത്തെത്തിച്ചു. അഗറിനെ(20) മടക്കി ടൈമൽ മിൽസ് കൂട്ടുകെട്ട് പൊളിച്ചതോടെ ഓസീസ് വീണ്ടും തകർച്ചയിലായി.

ക്രിസ് ജോർദാന്റെ പന്തിൽ ആരോൺ ഫിഞ്ചിനെ ജോണി ബെയർ‌സ്റ്റോ തകർപ്പൻ ക്യാച്ചിലൂടെ മടക്കി. നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സിന് പറത്തി പാറ്റ് കമിൻസിനെ ജോർദൻ മനോഹരമായൊരു യോർക്കറിൽ മടക്കി. അവസാന ഓവറിൽ തകർത്തടിച്ച മിച്ചൽ സ്റ്റാർക്ക്(6 പന്തിൽ 13) ഓസീസിന് 125 റൺസിലെത്തിച്ചു.

ഇംഗ്ലണ്ടിനായി ക്രിസ് ജോർദൻ നാലോവറിൽ 17 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ക്രിസ് വോക്‌സ് നാലോവറിൽ 23 റൺസിന് രണ്ടും ആദിൽ റഷീദ് നാലോവറിൽ 19 റൺസിനും ലിയാം ലിവിങ്സ്റ്റൺ നാലോവറിൽ 15 റൺസിനും ഓരോ വിക്കറ്റെടുത്തു. ടൈമൽ മിൽസ് നാലോവറിൽ 45 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തി.