ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് മാസം മുമ്പ് അടച്ച താജ്മഹൽ നാളെ മുതൽ വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്മാരകങ്ങളും മ്യൂസിയങ്ങളും നാളെ മുതൽ തുറക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) തീരുമാനിച്ചു. രാജ്യമൊട്ടാകെ 3693 സ്മാരകങ്ങളും 50 മ്യൂസിയങ്ങളും ഇതിലുൾപ്പെടും. കോവിഡ് മാനദണ്ഡമനുസരിച്ചാകും പ്രവർത്തനം.

സന്ദർശകർക്ക് ഓൺലൈൻ ടിക്കറ്റിലൂടെ മാത്രമാണ് പ്രവേശനം. കൗണ്ടറിൽ ടിക്കറ്റ് വിൽപ്പനയുണ്ടാകില്ല. ഫത്തേപുർ സിക്രി, ആഗ്രക്കോട്ട എന്നിവയും നാളെത്തന്നെ തുറക്കും. കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേലാണ് ഉത്തരവിന്റെ വിശദാംശങ്ങൾ ട്വീറ്റ് ചെയ്തത്.

മാസ്‌ക് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങൾ വിനോദ സഞ്ചാരികൾ പാലിക്കണം. അതേസമയം, കോവിഡ് സാഹചര്യം പരിഗണിച്ച് സ്മാരകങ്ങൾ തുറക്കണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കുണ്ട്. രണ്ടാം കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 3,691ചരിത്രസ്മാരകങ്ങളാണ് ഏപ്രിൽ 15ന് അടച്ചത്. കഴിഞ്ഞ വർഷം 100 ദിവസം സ്മാരകങ്ങൾ അടച്ചിട്ടിരുന്നു.