കാബൂൾ: മുൻ സർക്കാരുകളുടെ കാലത്തെ അഫ്ഗാനിസ്താൻ സുരക്ഷാ സേനയിലെ അംഗങ്ങളോട് താലിബാന്റെ പ്രതികാര നടപടി. അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം ഏറ്റെടുത്തിട്ട് നാല് മാസം തികയുമ്പോൾ മുൻ സൈനികരായ അനേകംപേരെ വധശിക്ഷക്ക് വിധേയരാക്കിയെന്നും നിരവധി സൈനികരെ തട്ടിക്കൊണ്ടുപോയെന്നും ഹ്യമൂൻ റൈറ്റ്സ് വാച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.

മുൻ സൈനികരെ അടക്കം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് യുഎസും സഖ്യകക്ഷികളും താലിബാനോട് സംയുക്തമായി ആവശ്യപ്പെട്ടു. മുൻ സർക്കാരിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെയുള്ള ആക്രമണം അവസാനിപ്പിച്ച് അവരെ മാനിക്കണമെന്നാണ് 22 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ താലിബാൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്.

തുടർച്ചയായ കൊലപാതകങ്ങളും നിർബന്ധിത തിരോധാനങ്ങൾ സംബന്ധിച്ചുമുള്ള റിപ്പോർട്ടുകളും പുറത്ത് വന്നതിന് പിന്നാലെയാണ് രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 15 നും ഒക്ടോബർ 31 നും ഇടയിൽ താലിബാന് മുന്നിൽ കീഴടങ്ങുകയോ അവർ പിടികൂടുകയോ ചെയ്ത അഫ്ഗാൻ സുരക്ഷാ സേനയിലെ 47 അംഗങ്ങളെ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.

മുൻ സർക്കാരിലെ ഉദ്യോഗസ്ഥരെ ഉപദ്രവിക്കില്ലെന്ന് താലിബാൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ മറിച്ചാണ് അഫ്ഗാനിൽ നടക്കുന്നതെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് യുഎസിന്റെ അടക്കം ഇടപെടൽ ഉണ്ടാകുന്നത്.

സംയുക്ത പ്രസ്താവനയിൽ യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ മറ്റു 19 രാജ്യങ്ങളും ഒപ്പുവെച്ചു. താലിബാനെ അവരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിലയിരുത്തുന്നത് തുടരുമെന്ന് പ്ര്സതാവനയിൽ അടിവരിയിട്ടു.

താലിബാൻ നടപടിയിൽ പ്രതിഷേധം ഉയരുന്നതിനിടെ സ്ത്രീകൾക്കനുകൂലമായ പുതിയ ഉത്തരവുമായി ഭരണകൂടം രംഗത്തെത്തി. വിവാഹത്തിനായി സ്ത്രീയുടെ അനുമതി നേടണമെന്നും സ്ത്രീകളെ ഒരു വസ്തുവായി കണക്കാക്കരുതെന്നുമാണ് താലിബാന്റെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.

ഭാവിയിൽ അഫ്ഗാനിസ്ഥാനുമായി ബന്ധം തുടരണമെങ്കിൽ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ലോകരാജ്യങ്ങൾ നിലപാട് അറിയിച്ചിരുന്നു. അഫ്ഗാനിസ്താന് മറ്റു ലോകരാജ്യങ്ങൾ നൽകി വന്നിരുന്ന സാമ്പത്തിക സഹായങ്ങളിൽ ഭൂരിഭാഗവും മരവിപ്പിച്ചിരിക്കുകയാണ്. മരവിപ്പിച്ച സഹായങ്ങൾ ഉറപ്പിക്കാനാണ് താലിബാന്റെ പുതിയ നീക്കമെന്ന് സംശയമുണ്ട്.

അഫ്ഗാൻ ഭരണം പിടിച്ചെടുത്തത് മുതൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് താലിബാനുമേൽ നിരവധി അന്താരാഷ്ട്ര സമൂഹങ്ങൾ സമ്മർദ്ദം ചെലുത്തിയിരുന്നു. ചില പ്രവിശ്യകളിൽ പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് അനുമതി നൽകിയതായി താലിബാൻ പറയുന്നുണ്ടെങ്കിലും ഇത് പ്രാബല്യത്തിൽ വന്നതായി അറിവില്ല.

ഇതിനിടെയാണ് സ്ത്രീകൾക്ക് അനുകൂലമായ ഒരു ഉത്തരവുമായി ഭരണകൂടം രംഗത്ത് വന്നത്. സ്ത്രീയെന്നത് ഒരു വസ്തുവല്ല. മറിച്ച് മഹത്വവും സ്വാതന്ത്ര്യവുമുള്ള മനുഷ്യനാണെന്നും സമാധാനത്തിനോ ശത്രുത അവസാനിപ്പിക്കുന്നതിനോ വേണ്ടി അവരെ ആർക്കും കൈമാറരുതെന്നും താലിബാൻ വക്താവ് സാബിഹില്ലാ മുജാഹിദ് ഉത്തരവിൽ വ്യക്തമാക്കി.

വിവാഹം, സ്ത്രീകൾക്കുള്ള സ്വത്ത് വകകൾ, എന്നിവ സംബന്ധിച്ച നിബന്ധനകളും ഉത്തരവിൽ ഉൾപ്പെടുന്നു. വിധികൾ പുറപ്പെടുവിക്കുമ്പോൾ കോടതികൾ ഇക്കാര്യം പരിഗണിക്കണമെന്നും മതസ്ഥാപനങ്ങളും മറ്റ് മന്ത്രാലയങ്ങളും സ്ത്രീകളുടെ ഇത്തരം അവകാശങ്ങൾ പിന്തുണയ്ക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.