കാബുൾ : എല്ലാ സർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. ജീവനക്കാർ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

'എല്ലാവർക്കുമായി തങ്ങൾ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണം', താലിബാൻ പ്രസ്താവനയിൽ പറയുന്നു. 

അതേ സമയം സ്ത്രീകളെ ജോലിയിൽ നിന്ന് കൂട്ടത്തോടെ പിരിച്ചുവിട്ട് തുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്. അഫ്ഗാനിലെ പ്രധാന ബാങ്കായ അസീസി ബാങ്കിലെ ഒമ്പത് വനിതാ തൊഴിലാളികളോട് ജോലി ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടു. മൂന്ന് വനിതാ ബാങ്ക് മാനേജർമാരോടടക്കമാണ് ജോലി ഉപേക്ഷിക്കാൻ താലിബാൻ ആവശ്യപ്പെട്ടത്.

താലിബാൻ ഭീകരരാണ് ഇവരെ ആയുധവുമായി വീട്ടിൽ എത്തിച്ചത്. ഇനി ജോലിക്ക് പോകരുതെന്നും മുന്നറിയിപ്പ് നൽകി. ജോലിക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. താലിബാൻ ഭരണം സ്ത്രീകൾക്ക് ദുഷ്‌കരമായിരിക്കുമെന്നതിന്റെ സൂചനയായിട്ടാണ് പലരും ഈ സംഭവത്തെ കാണുന്നത്.

2001ൽ താലിബാൻ ഭരണം അവസാനിപ്പിച്ചതിന് ശേഷം നിരവധി സ്ത്രീകളാണ് വിദ്യാഭ്യാസ മേഖലയിലും മറ്റ് പ്രൊഫഷനുകളിലും ഉയർന്നുവന്നത്. എന്നാൽ, താലിബാൻ വീണ്ടും ഭരണം പിടിച്ചതോടെ സ്ത്രീകളെ കടുത്ത നിയന്ത്രണത്തിൽ നിർത്തുമെന്ന ഭയം വന്നുതുടങ്ങി. കഴിഞ്ഞ ദിവസം പെൺകുട്ടികൾ അവരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഭയം കാരണം നശിപ്പിക്കുകയാണെന്ന വാർത്ത പുറത്തുവന്നിരുന്നു.

താലിബാൻ ഭീകരവാദികൾ അവിവാഹിതരായ യുവതികളെ വിവാഹത്തിന് നിർബന്ധിക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇനി ബുർഖ ധരിച്ച്, കുടുംബത്തിലെ പുരുഷന്റെ അകമ്പടിയില്ലാതെ പുറത്തിറങ്ങാനാകാത്ത കാലത്തേക്ക് സ്ത്രീകൾക്ക് തിരിച്ചുപോകേണ്ടി വരുമെന്ന ഭയമാണ് എല്ലായിടത്തും. പെൺകുട്ടികളുടെ വിദ്യാഭ്യാസവും ആശങ്കയിലാണ്. താലിബാൻ കാലത്ത് പെൺകുട്ടികളെ സ്‌കൂളിലേക്കയക്കുന്നത് വിലക്കിയിരുന്നു.

ഇത്തവണ പൗരന്മാർക്ക് നേരെ ആക്രമണമുണ്ടാകില്ല എന്നാണ് താലിബാൻ പറയുന്നത്. എന്നാൽ, അവരുടെ വാക്ക് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് കാബൂളിലെ വിമാനത്താവളത്തിൽ കണ്ടത്. നിയമങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷയാണ് സ്ത്രീകൾക്ക് വിധിച്ചിരുന്നത്. പൊതുസ്ഥലങ്ങളിൽ വച്ചായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത് എന്നതും ഭീതിതമാണ്. 

ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ.കാബൂൾ കൊട്ടാരത്തിൽ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക താലിബാൻ നീക്കം ചെയ്ത് അധികാരം ഉറപ്പിച്ചിരുന്നു. പകരം താലിബാന്റെ കൊടി നാട്ടുകയും ചെയ്തു. കാബൂൾ കൊട്ടാരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അറബ് മാധ്യമമായ അൽ ജസീറ പുറത്ത് വിട്ടു. അഫ്ഗാനിസ്ഥാൻ ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്നാണ് അറിയപ്പെടുകയും താലിബാൻ പ്രഖ്യാപിച്ചു.