അഫ്ഗാനിസ്ഥാൻ: സ്ത്രീകൾക്ക് അശാന്തിയുടെ നാളുകൾ നൽകി അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നു.1996 -2001 കാലത്ത് താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്ത്രീകളുടെ ജീവിതം കടുത്ത നിയന്ത്രണങ്ങളിലായിരുന്നു. പുറത്തിറങ്ങാനോ വിദ്യാഭ്യാസം നടത്താനോ സ്വാതന്ത്ര്യം ഇല്ലാതെ ഭയത്തിന്റെ മുൾമുനയിൽ കഴിഞ്ഞ നാളുകൾ ഇന്നും ഇവിടുത്തെ സ്ത്രീകൾ മറന്നിട്ടില്ല. താലിബാൻ വീണ്ടും അധികാരം വ്യാപിപ്പിക്കുന്നതിനിടെ, കയ്യിൽ കിട്ടുന്നതു വാരിയെടുത്ത് സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്കു പലായനം ചെയ്യുകയാണ് ഇവർ.

സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനൊപ്പം താലിബാൻ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും തട്ടിക്കൊണ്ടുപോകുകയും നിർബന്ധിച്ച് ഭീകരർക്ക് വിവാഹം ചെയ്തുകൊടുക്കുന്നതായുംഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.പ്രദേശത്തെ സർക്കാർ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും ഭാര്യമാരുടെയും വിധവകളുടെയും പേരുകൾ കൈമാറാൻ പ്രാദേശിക പള്ളികളുടെ സ്പീക്കറുകൾ വഴി അവർ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

നൂറുകണക്കിന് യുവതികളെ യുദ്ധ കൊള്ളമുതൽ എന്ന നിലയിൽ ഭീകരരെക്കൊണ്ട് വിവാഹം കഴിപ്പിച്ചതായി പ്രദേശവാസികളും ഉദ്യോഗസ്ഥരും വ്യക്തമാക്കിയതായി റിപ്പോർട്ട് പറയുന്നു.താലിബാന്റെ മുന്നേറ്റത്തെ ഭയപ്പെടുന്ന കുടുംബങ്ങൾ സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിയെടുക്കുന്നത് തടയാൻ അവരെ അഫ്ഗാൻ തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള സുരക്ഷിത പ്രദേശങ്ങളിലേക്ക് അയക്കുകയാണ്. തഖർ, ബഡാക്ഷൻ എന്നീ രണ്ട് വടക്കൻ അഫ്ഗാൻ പ്രദേശങ്ങളിൽ സ്ത്രീകളെ നിർബന്ധിതമായി വിവാഹം കഴിച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ ഉണ്ട്.പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. സ്ത്രീകൾ ബുർഖ ധരിച്ചുമാത്രമെ പുറത്തിറങ്ങാവൂ എന്നും കൂടെ ഭർത്താവോ പിതാവോ ഉണ്ടായിരിക്കണമെന്നും താലിബാൻ ഉത്തരവിട്ടു.ഇതുവരെ 421 ജില്ലകൾ താലിബാൻ അധീനതയിലാണ്.

ആരെങ്കിലും അഫ്ാനിലുണ്ടെങ്കിൽ എത്രയും വേഗം മടങ്ങണമെന്നും സ്ഥിതിഗതി വഷളാവുകയാണെന്നും യുകെ സർക്കാർ പൗരന്മാർക്ക് നിർദ്ദേശം നൽകി. കിട്ടുന്ന വിമാനത്തിൽ കയറി എത്രയും പെട്ടെന്ന് അഫ്ഗാൻ വിടാൻ അമേരിക്കയും പൗരന്മാർക്ക് നിർദ്ദേശം നൽകി. അഫ്ഗാനിസ്ഥാനിൽനിന്നും രക്ഷപ്പെടാൻ അമേരിക്കയും ബ്രിട്ടനും പൗരന്മാരോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

2002 മുതൽ 2014 വരെ യുകെ സംരക്ഷണം നൽകിവന്ന ഹെൽമൻഡ് പ്രവിശ്യയും താലിബാൻ കീഴടക്കി. ബ്രിട്ടിഷ് സേനയുമായി നിരവധി പോരാട്ടം നടന്ന സ്ഥലമാണ് ഹെൽമൻഡ്. 456 സൈനികരെയാണ് യുകെയ്ക്ക് നഷ്ടമായത്. 2001ൽ ന്യൂയോർക്കിൽ വേൾഡ് ട്രേഡ് സെന്ററിനു നേരെയുണ്ടായ ആക്രമണത്തെത്തുടർന്നാണ് അമേരിക്കൻ സൈന്യം അഫ്ഗാനിലെത്തിയത്. ഇതുവരെ 2,312 സൈനികരെയാണ് അമേരിക്കയ്ക്ക് നഷ്ടമായത്.

ഒരു സ്ഥലം പിടിച്ചെടുത്താൽ സ്ത്രീകളടക്കം എല്ലാ വസ്തുക്കളും അവകാശപ്പെട്ടതാണ് എന്നാണ് ഭീകരരുടെ തത്വമെന്ന് അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ പ്രഫസർ ഒമർ സദർ പറഞ്ഞു. സ്ത്രീകളെ വിവാഹം കഴിക്കുകയല്ല മറിച്ച് ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അവസാനത്തോടെ യുഎസ് സൈന്യത്തെ പൂർണമായും പിൻവലിക്കുമെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചത്. എന്നാൽ അതിന് മുൻപുതന്നെ രാജ്യത്തെ പകുതിയിലേറെ മേഖലകൾ താലിബാൻ കീഴടക്കിക്കഴിഞ്ഞു.

നിലവിൽ തന്നെ അഫ്ഗാനിലെ പ്രമുഖ പ്രവിശ്യാ തലസ്ഥാന നഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായി. ഇറാൻ അതിർത്തിയിലെ നിമ്രോസ് പ്രവിശ്യാ തലസ്ഥാനമായ സരാഞ്ജ് പിടിച്ചതിനു പിന്നാലെയാണ് തന്ത്രപ്രധാനമായ വടക്കുകിഴക്കൻ പ്രവിശ്യയായ കുൻഡൂസിന്റെയും വടക്കൻ പ്രവിശ്യയായ സരേ പുലിന്റെയും തലസ്ഥാനനഗരങ്ങൾ താലിബാന്റെ നിയന്ത്രണത്തിലായത്

കുൻഡൂസിൽ പ്രധാന സർക്കാർ ഓഫിസുകളും പൊലീസ് ആസ്ഥാനവും താലിബാൻ പിടിച്ചു. ജവ്ജാൻ പ്രവിശ്യയിലെ ഷെബർഖാൻ നഗരം കടുത്ത പോരാട്ടത്തിനുശേഷം താലിബാൻ കീഴടക്കി. ഇവിടെയും ഒട്ടേറെ സർക്കാർ ഓഫിസുകളും ജയിലും താലിബാൻ നിയന്ത്രണത്തിലാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 14 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ഹെൽമൻഡ് പ്രവിശ്യയിലെ ഒരു ആശുപത്രിയും സ്‌കൂളും ബോംബാക്രമണത്തിൽ തകർന്നു.