കാബൂൾ: വിദ്യാഭ്യാസ മേഖലയിലും അടിച്ചമർത്തൽ നയവുമായി താലിബാന്റെ നീക്കം. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ തടയില്ലെന്ന് പ്രഖ്യാപിച്ച താലിബാൻ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പ്രത്യേക നിയമങ്ങൾ പുറത്തിറക്കി. ഇത് പ്രകാരം പെൺകുട്ടികൾ പുറത്തിറങ്ങുമ്പോൾ നിഖാബ് നിർബന്ധമായും ധരിക്കണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. സർവകലാശാലയിൽ പഠിക്കുന്ന എല്ലാ സ്ത്രീകളും നിർബന്ധമായും അബായ വസ്ത്രവും നിഖാബും ധരിക്കണമെന്ന് പുറത്തിറക്കിയ പട്ടികയിൽ പറയുന്നു.

സ്ത്രീകൾ അവരുടെ മുഖം ഭൂരിഭാഗവും മറയ്ക്കേണ്ടതാണ്. കഴിഞ്ഞ കുറേ വർഷമായി അഫ്ഗാൻ പട്ടണങ്ങളിൽ നിന്നും ബുർഖകളും നിഖാബുകളും അപ്രത്യക്ഷമായി കൊണ്ടിരുന്ന വസ്ത്രമാണ്. കണ്ണുകൾ ഒഴിച്ച് ബാക്കി മുഖഭാഗങ്ങളെല്ലാം മറയ്ക്കുന്ന വസ്ത്രമാണിത്. വസ്ത്രധാരണത്തിന് പുറമേ സ്‌കൂളുകളിലും കോളേജുകളിലേയും പാഠ്യരീതികളിലും താലിബാൻ നിയന്ത്രണം കൊണ്ടു വരുന്നുണ്ട്. ആൺകുട്ടികളോടൊപ്പം ഒരേ ക്ലാസിൽ പഠിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനായി ലിംഗഭേദമനുസരിച്ച് ക്ലാസുകൾ വേർതിരിക്കാൻ അധികാരികളോട് ആവശ്യപ്പെട്ടു. ഇതിന് പുറമേ പെൺകുട്ടികളെ വനിത അദ്ധ്യാപകർ മാത്രമേ ക്ലാസെടുക്കാൻ അനുവദിക്കുകയുള്ളു. ഇനി അദ്ധ്യാപികമാരെ ലഭിക്കാതെ വന്നാൽ നല്ല സ്വഭാവമുള്ള വൃദ്ധരായ അദ്ധ്യാപകരെ നിയമിക്കാൻ അനുമതിയുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും വരുമ്പോഴും ഇടവേളകളിലും പെൺകുട്ടികൾ ആൺകുട്ടികളുമായി പരസ്പരം ഇടപഴകുന്നതിനും വിലക്കുണ്ട്.

അതേസമയം സർക്കാർ രൂപവത്കരണത്തിലേക്ക് നീങ്ങുന്ന താലിബാനിൽ നേതാക്കൾക്കിടയിലും തർക്കം നില നിൽക്കുന്നുണ്ട്. സർക്കാരിന്റ നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ താലിബാൻ നേതാക്കൾ തമ്മിൽ പോരാട്ടം നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുൾ ഗനി ബറാദറിന് ഏറ്റുമുട്ടലിൽ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തെങ്കിലും സർക്കാർ രൂപീകരണം നടന്നിരുന്നില്ല. ചർച്ചകൾ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാൻ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ സർക്കാർ രൂപവത്കരണം വൈകുന്നിതിനു പിന്നിൽ സർക്കാരിന്റെ നിയന്ത്രണം ആർക്ക് എന്ന കാര്യത്തിലുള്ള തർക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

താലിബാനകത്ത് നേരത്തെ ഉണ്ടായിരുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് സർക്കാർ രൂപവത്കരണ ചർച്ചകൾ ആരംഭിച്ചതോടെ രൂക്ഷമായിരിക്കുന്നത്. താലിബാനകത്തുള്ള ഏറ്റവും തീവ്ര നിലപാടുകാരായ ഹഖാനി ഭീകരവാദികളുടെ തലവൻ, അനസ് ഹഖാനിയും താലിബാന്റെ സ്ഥാപകരിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബറാദറും തമ്മിൽ അധികാര തർക്കമുണ്ടായി എന്നും പരസ്പരം വെടിവെപ്പ് ഉണ്ടായതായുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. വെടിവെപ്പിൽ ബറാദറിന് പരിക്കേറ്റതായും പഞ്ച്ഷിർ ഒബ്‌സർവർ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ ബറാദർ നിലവിൽ പാക്കിസ്ഥാനിൽ ചികിത്സയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഹഖാനി ഭീകരവാദികളുടെ ആക്രമണത്തിലാണ് ബറാദറിന് പരിക്കേറ്റത് എന്നാണ് വിവരം.

അഫ്ഗാനിസ്താൻ പിടിച്ചടക്കിയതോടെ താലിബാൻ സർക്കാരിനെ ആരാണ് നിയന്ത്രിക്കുക എന്നായിരുന്നു ലോക രാജ്യങ്ങൾ ഉറ്റുനോക്കിയിരുന്നത്. എന്നാൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താലിബാന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മുല്ല അബ്ദുൾ ഗനി ബറാദർ അഫ്ഗാന്റെ പുതിയ ഭരണാധികാരിയാകും എന്ന് വാർത്ത പുറത്തുവന്നിരുന്നു. അതേസമയം, ബറാദറും ഹഖാനിയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ പാക് ഇന്റർ സർവീസസ് ഇന്റലിജൻസ് മേധാവി ഫൈസ് ഹമീദ് ഇസ്ലാമാബാദിൽ നിന്നുള്ള ഉന്നത സംഘവുമായി കാബൂളിലെത്തിയതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. താലിബാന്റെ ക്ഷണപ്രകാരമാണ് ഹമീദ് കാബൂളിലെത്തിയതെന്നാണ് വിവരം.