കാബൂൾ: അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി മുൻ പ്രസിഡന്റ് ഹമീദ് കർസായിയുമായി താലിബാൻ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. താലിബാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യോഗം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഹഖാനി നെറ്റ് വർക്ക് തീവ്രവാദ സംഘത്തിന്റെ മുതിർന്ന നേതാവും താലിബാൻ പോരാളിയുമായ അനസ് ഹഖാനിയാണ് മുൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. കർസായിക്കൊപ്പം പഴയ സർക്കാരിന്റെ സമാധാന നയതന്ത്ര പ്രതിനിധി അബ്ദുല്ല അബ്ദുല്ലയും യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.

താലിബാന്റെ പ്രധാന വിഭാഗങ്ങളിലൊന്നാണ് ഹഖാനി നെറ്റ്‌വർക്ക്. ഞായറാഴ്ച കാബൂൾ പിടിച്ചടക്കിയത് ഹഖാനി വിഭാഗമായിരുന്നു. പാക് അതിർത്തി ആസ്ഥാനമായാണ് ഇവരുടെ പ്രവർത്തനം.