കാബുൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ താലിബാൻ ഉടൻ പിടിച്ചടക്കിയേക്കുമെന്ന ആശങ്കകൾ നിലനിൽക്കെ പ്രദേശത്ത് നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കാനൊരുങ്ങി വിവിധ രാജ്യങ്ങൾ.കാബൂളിന്റെ വടക്കൻ മേഖലയിലുള്ള മസർ-എ-ഷെരീഫിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. ഇത് താലിബാൻ വിരുദ്ധപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്നു.

കാബൂളിൽ നിന്ന് 50 കി.മീ മാത്രം ദൂരെയാണ് ഇപ്പോൾ താലിബാൻ സൈന്യം തമ്പടിച്ചിരിക്കുന്നത്. ഉടൻ കാബൂളും താലിബാൻ പിടിച്ചടക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. പ്രധാന പട്ടണമായ മസരി ഷരീഫിൽ താലിബാൻ ആക്രമണം ആരംഭിച്ചു.

കാബൂളും താലിബാന് അടിയറ പറയേണ്ടി വരുമെന്ന സ്ഥിതി വന്നതോടെ ആദ്യമായി അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി മൗനം വെടിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലെത്തി. റെക്കോഡ് ചെയ്ത ഒരു പ്രസ്താവനയിൽ അഫ്ഗാൻ സേനയെ ഒന്നിച്ചുനിർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രാദേശിക നേതാക്കളുമായി ചർച്ചകൾ നടത്തി വരികയാണെന്നും അഷ്‌റഫ് ഗനി പറഞ്ഞു. 

ഇത്ര കാലമായിട്ടും, പകുതിയിലധികം പ്രവിശ്യാതലസ്ഥാനങ്ങൾ താലിബാൻ പിടിച്ചിട്ടും ഗനി ഭരണകൂടം ഒരക്ഷരം മിണ്ടിയിട്ടില്ല. ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രസ്താവന മാത്രമാണ് ഗനി നടത്തുന്നതെന്നതിൽ അഫ്ഗാൻ ജനങ്ങളിൽത്തന്നെ നിരാശ പ്രകടമാണ്.

തലസ്ഥാന നഗരത്തിൽ നിന്ന് യുഎസ്സും മറ്റ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര പ്രതിനിധികളേയും എംബസി ജീവനക്കാരേയും എയർലിഫ്റ്റ് ചെയ്തു തുടങ്ങി. ബ്രിട്ടൺ, ജർമനി, ഡെന്മാർക്ക്, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാനും വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കാനുമായി 3000 യുഎസ് സൈനികർ കാബൂളിൽ എത്തിയിട്ടുണ്ട്. രാജ്യത്തെ പല എംബസികളും അതിവേഗം അടയ്ക്കുകയും ചെയ്യുന്നു. സ്ഥിതി അതീവഗുരുതരമാണെന്നും അയൽരാജ്യങ്ങളോട് അതിർത്തി തുറക്കണമെന്നും ഐക്യരാഷ്ട്രസഭ അഭ്യർത്ഥിച്ചിരുന്നു.

താലിബാൻ എത്തി ക്യാമ്പുകളുറപ്പിച്ച കാബൂളിന്റെ അതിർത്തി മേഖലകളിൽ നിലവിൽ യുഎസ് സേന ആക്രമണം നടത്തുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കാബൂളിന് വെറും 40 കിമീ അകലെയുള്ള മൈദാൻ ഷറിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. അടുത്ത 30 ദിവസത്തിനുള്ളിൽ താലിബാൻ കാബൂളിനകത്തേക്ക് കടന്ന്, അധികാരമുറപ്പിച്ചേക്കുമെന്നാണ് യുഎസ് ഇന്റലിജൻസിന്റെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് പൗരന്മാരെ അവർ അതിവേഗം ഒഴിപ്പിക്കുന്നത്.

നിലവിൽ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ പതിനെട്ട് പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ കാണ്ഡഹാർ ഇന്നലെ താലിബാൻ നിയന്ത്രണത്തിലാക്കിയിരുന്നു. പ്രധാനപ്പെട്ട മറ്റൊരു നഗരമായ ഹെറാത്തും പടിഞ്ഞാറൻ പ്രവിശ്യയായ ഖോറും താലിബാൻ കഴിഞ്ഞദിവസം നിയന്ത്രണത്തിലാക്കിയതിൽ ഉൾപ്പെടുന്നു.

അതേസമയം സുരക്ഷാസേനയെ വീണ്ടും താലിബാനെതിരേ സംഘടിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി വ്യക്തമാക്കി. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിലവിലെ സാഹചര്യത്തിൽ നമ്മുടെ സുരക്ഷാസേനയെ വീണ്ടും സംഘടിപ്പിക്കുന്നതിനാണ് രാജ്യത്തിന്റെ പ്രഥമ പരിഗണന. ഇക്കാര്യത്തിൽ ഗൗരവമേറിയ നടപടികൾ എടുക്കും.' അഷ്‌റഫ് ഗാനി പറഞ്ഞു. താലിബാനോട് ഒത്തുതീർപ്പിന് തയ്യാറല്ലെന്ന സൂചനകൾ നൽകുന്നതാണ് ഗാനി സർക്കാരിന്റെ പുതിയ നീക്കം.

അഫ്ഗാനിലെ 3000 സൈനികരെ ഒഴിപ്പിച്ച് തിരികെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള സേന എത്തിയതായി അമേരിക്ക അറിയിച്ചു. അമേരിക്കൻ എംബസിയിലെ പ്രധാനപ്പെട്ട സ്റ്റാഫിനെയെല്ലാം അമേരിക്ക പിൻവലിക്കുകയാണ്. യുകെ സ്വന്തം പൗരന്മാരെ തിരികെ നാട്ടിലേക്ക് എത്തിക്കാൻ 600 ട്രൂപ്പുകളെ അയച്ചു കഴിഞ്ഞു. അവശ്യം വേണ്ടവരൊഴികെ ഇനി യുകെ എംബസിയിൽ ഉദ്യോഗസ്ഥരാരും ഉണ്ടാകില്ല. ജർമനിയും അതുപോലെത്തന്നെ എംബസി ഭാഗികമായി അടയ്ക്കാനാണ് തീരുമാനം. അതേസമയം ഡെന്മാർക്കും നോർവേയും അഫ്ഗാൻ എംബസി പൂർണമായും അടയ്ക്കുകയാണ്.

യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയതോടെയാണ് താലിബാൻ ഇത്ര പെട്ടെന്ന് രാജ്യത്തിന്റെ പകുതിയോളം കീഴടക്കിയുള്ള മുന്നേറ്റം നടത്തിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യുഎസ് സഖ്യസേനയുടെ സഹായത്തോടെ ഒരു ജനാധിപത്യസർക്കാരാണ് അഫ്ഗാനിൽ ഭരണത്തിലുണ്ടായിരുന്നത്. നിലവിൽ, മൂന്ന് ലക്ഷത്തോളം പേർ അഫ്ഗാൻ സേനയിലുണ്ടെന്നാണ് കണക്കെങ്കിലും, അത്രയും പേർ യുദ്ധരംഗത്തില്ലെന്നുറപ്പാണ്. എത്ര പേർ താലിബാനുമായി ഏറ്റുമുട്ടി പോരാടി നിൽക്കുന്നുവെന്ന കാര്യത്തിലും വ്യക്തതയില്ല.

മറ്റ് മേഖലകൾ പലതും താലിബാൻ നിയന്ത്രണത്തിലാകുമ്പോൾ തലസ്ഥാനമായ കാബൂളിലേക്ക് ഒഴുകുകയാണ് അഭയാർത്ഥികൾ. ലോകത്തിന് മുന്നിൽ നീറുന്ന മനുഷ്യാവകാശപ്രശ്‌നമായി ഇത് മാറുമ്പോൾ, പല അഫ്ഗാൻ പൗരന്മാരും കാബൂളിലെ തെരുവുകളിൽ കിടന്നുറങ്ങുന്ന കാഴ്ചകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ്, സ്ഥിതിഗതികൾ കൈവിട്ട് പോകുകയാണെന്നും, അയൽരാജ്യങ്ങളോട് അതിർത്തി തുറക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിക്കുന്നത്.