കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യത്തുനിന്ന് പലായനം ചെയ്യുന്നതിന് ആയിരക്കണക്കിന് പേരാണ് കാബൂൾ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.

ഇതിനിടെ വിമാനത്താവളത്തിന്റെ മതിൽക്കെട്ട് ചാടിക്കടക്കാൻ ശ്രമിച്ച ആൾക്കുനേരെ താലിബാൻ സേന വെടിവെക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വലിയ ഉയരമുള്ള മതിലിനു മുകളിലൂടെ വിമാനത്താവളത്തിന്റെ പരിധിക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ഒരാള വീഡിയോയിൽ കാണാം. വിമാനത്താവളത്തിനുള്ളിൽ നിൽക്കുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാൾ തോക്കുയർത്തി ഇയാൾക്കു നേരെ വെടിയുതിർക്കുന്നു. വെടിയുണ്ട ഇയാളുടെ ശരീരത്തിൽ കൊണ്ടില്ലെങ്കിലും ആയാൾ പുറത്തേക്ക് ചാടി രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.

 

വിസ്വാക ന്യൂസ് എന്ന മാധ്യമമാണ് ഈ ദൃശ്യം ട്വീറ്റ് ചെയ്തത്. 'കാബൂൾ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്ന ആളെ താലിബാൻ വെടിവെക്കുന്നു. മുൻ സർക്കാരിന്റെ പൊലീസിനെപ്പോലെ താലിബാൻ പെരുമാറുമെന്നാണ് ഇയാൾ പ്രതീക്ഷിച്ചത്. എന്നാൽ താലിബാൻ സംസാരിക്കുന്നത് മറ്റൊരു ഭാഷയിലാണ്', ട്വീറ്റിൽ പറയുന്നു.

യുഎസ് വിമാനത്തിന്റെ ചക്രത്തിൽ കയറിയിരുന്ന് അഫ്ഗാനിൽനിന്ന് കടക്കാൻ ശ്രമിച്ച രണ്ടുപേർ ആകാശത്തുവെച്ച് വിമാനത്തിൽനിന്ന് താഴേക്ക് പതിക്കുന്നതിന്റെ ദാരുണ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിമാനത്താവളത്തിൽനിന്ന് പുറപ്പെടാൻ തുടങ്ങുന്ന വിമാനത്തിന്റെ റൺവേയിലൂടെ നൂറുകണക്കിനു പേർ വിമാനത്തിൽ കയറാനായി ഓടുന്ന ദൃശ്യവും കാബൂളിലെ യഥാർഥ സാഹചര്യം വ്യക്തമാക്കുന്നതായിരുന്നു.