കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചടക്കിയതോടെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയരായ ക്രിക്കറ്റ് താരങ്ങളുടെ അടക്കം ഭാവി അനിശ്ചിതത്വത്തിൽ. സമീപകാലത്ത് വളരെയധികം പിന്തുണ പിടിച്ചുപറ്റിയ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലാണ് ഏറ്റവും വലിയ അനിശ്ചിതത്വം നേരിടുന്നത്.

താലിബാനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ലോക രാജ്യങ്ങൾ അഫ്ഗാൻ ടീമിനെ മത്സരങ്ങൾക്ക് ക്ഷണിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. അങ്ങനെ വന്നാൽ താലിബാൻ ക്രിക്കറ്റിന് തുടരാൻ അനുമതി നൽകിയാലും ടീമിന് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.

നിലവാരമില്ലാത്ത സ്റ്റേഡിയങ്ങളുടെ അപര്യാപ്തത മൂലം നോയിഡയിലാണ് 2017 മുതൽ അഫ്ഗാൻ ടീം പരിശീലനം നടത്തുന്നത്. ബേസ് ഗ്രൗണ്ട് ഇന്ത്യയിലാണെങ്കിലും അന്താരാഷ്ട്ര പ്രതിസന്ധി രൂപപ്പെട്ടതിനാൽ ടീമിന്റെ ഭാവി ഇനി തീരുമാനിക്കേണ്ടത് താലിബാനായിരിക്കും.

അഫ്ഗാനിസ്ഥാൻ താരങ്ങൾ ഐപിഎല്ലിൽ എത്തുമോയെന്നും വ്യക്തമല്ല. ഐപിഎല്ലിന് താരങ്ങളെ എത്തിക്കാൻ ബിസിസിഐ നേരിട്ട് ഇടപെട്ടേക്കുമെന്നും സൂചനയുണ്ട്. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ഇതിനാവശ്യമായിരിക്കും.

ട്വന്റി-20 നായകൻ റാഷിദ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഇന്ത്യയിൽ ധാരാളം ആരാധകരുണ്ട്. ഇവരുടെ ഭാവി ആശങ്കയിലാവുന്നത് ബിസിസിഐ പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്. റാഷിദിനെ കൂടാതെ മുഹമ്മദ് നബി, മുജീബ് റഹ്‌മാൻ എന്നിവർ നിലവിൽ ഐ.പി.എല്ലിന്റെ ഭാഗമാണ്.