ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യയുമായുള്ള ഇറക്കുമതിയും കയറ്റുമതിയും അവസാനിപ്പിച്ച് താലിബാൻ. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി താലിബാൻ അവസാനിപ്പിച്ചതായി ഫെഡറേഷൻ ഓഫ് ഇന്ത്യ എക്സ്പോർട്ട്സ് ഓർഗനൈസേഷൻ(എഫ്ഐഇഒ) ഡയറക്ടർ ജനറൽ ഡോ. അജയ് സഹായ് ആണ് വെളിപ്പെടുത്തിയത്. താലിബാൻ ഇന്ത്യയിൽ നിന്നു കപ്പൽ മാർഗമുള്ള ഇറക്കുമതി അവസാനിപ്പിച്ചു. അഫ്ഗാനിൽ നിന്നുള്ള സംഭവ വികാസങ്ങൾ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

'അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാക്കിസ്ഥാനിലൂടെയായിരുന്നു. താലിബാൻ പാക്കിസ്ഥാനിലേക്കുള്ള ചരക്ക് നീക്കം നിർത്തി. ഫലത്തിൽ ഇറക്കുമതി നിലച്ചിരിക്കുകയാണ്' - അജയ് സഹായ് പറഞ്ഞു.

വ്യാപാര രംഗത്ത് ഇന്ത്യയും അഫ്ഗാനിസ്ഥാനുമായി ദീർഘ കാലത്തെ ബന്ധമാണുള്ളത്. ഇന്ത്യ അഫ്ഗാനിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. 2021ൽ മാത്രം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 835 ദശലക്ഷം ഡോളർ(6000 കോടി) രൂപയാണ്. അഫ്ഗാനിൽ നിന്നുള്ള ഇറക്കുമതി 510 ദശലക്ഷം ഡോളർ(3800 കോടി) രൂപയാണ്.

ഇന്ത്യയിൽ നിന്നുള്ള വ്യവസായികൾ അവിടെ 300 ദശലക്ഷം കോടി ഡോളറിന്റെ നിക്ഷേപവും നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് തേയില, പഞ്ചസാര, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

അഫ്ഗാനിൽ നിന്ന് പ്രധാനമായും ഡ്രൈഫ്രൂട്ട്സ് ആണ് ഇറക്കുമതി ചെയ്യുന്നത്. മാറിയ സാഹചര്യത്തിലും അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരത്തെ വ്യവസായ ലോകം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇന്ത്യയിലേക്ക് വരുന്ന ഡ്രൈഫ്രൂട്ട്സിൽ 85 ശതമാനവും അഫ്ഗാനിസ്ഥാനിൽ നിന്നാണ്. അതിനാൽ ഇന്ത്യയിൽ വരും ദിവസങ്ങളിൽ ഡ്രൈഫ്രൂട്ട്സിന്റെ വിലയിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ടെന്നും അജയ് സഹായ് ആശങ്ക പ്രകടിപ്പിച്ചു.

കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനിൽ ഇന്ത്യയ്ക്ക് ഗണ്യമായ നിക്ഷേപമുണ്ട്. ഏകദേശം മൂന്ന് ബില്യൺ ഡോളർ വരും അത്. 400-ഓളം പദ്ധതികളുമുണ്ട്. അവയിൽ ചിലത് ഇപ്പോഴും നടക്കുന്നുണ്ടെന്നും അജയ് സഹായ് പറഞ്ഞു.

ചില ചരക്കുകൾ അന്താരാഷ്ട്ര നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിലൂടെയാണ് കയറ്റുമതി ചെയ്യുന്നത്. അത് ഇപ്പോഴും നല്ലനിലയിൽ നടക്കുന്നുണ്ട്. ദുബായ് റൂട്ടിലൂടെയുള്ള ചില ചരക്കുകളുടെ കൈമാറ്റവും നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചസാര, മരുന്നുകൾ, തുണിത്തരങ്ങൾ, ചായ, കാപ്പി, സുഗന്ധ വ്യഞ്ജനം, പ്രസരണ ടവറുകൾ തുടങ്ങിയവയാണ് ഇന്ത്യ പ്രധാനമായും അഫ്ഗാനിലേക്ക് കയറ്റി അയക്കുന്നത്. ഉണക്ക പഴങ്ങളും ഉള്ളിയടക്കമുള്ളവയുമാണ് ഇറക്കുമതി ചെയ്യുന്നതെന്നും എഫ്.ഐ.ഇ.ഒ ഡയറക്ടർ ജനറൽ പറഞ്ഞു.

അതേ സമയം അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കി. ഒരു വ്യോമസേന വിമാനം ഇന്ത്യ കാബൂളിൽ എത്തിച്ചു. എയർ ഇന്ത്യ വിമാനങ്ങൾ തയ്യാറാക്കി നിറുത്താനും പ്രധാനമന്ത്രി ബുധനാഴ്ച വിളിച്ച യോഗത്തിൽ തീരുമാനിച്ചു. താലിബാനോടുള്ള നിലപാട് സുഹൃദ് രാജ്യങ്ങളുമായി ആലോചിച്ച് തീരുമാനിക്കും.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. അംബാസഡർ ഉൾപ്പടെയുള്ളവരെ വിമാനത്താവളത്തിൽ എത്താൻ തിങ്കളാഴ്ച താലിബാൻ അനുവദിക്കാത്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വീണ്ടും ഉന്നതതല യോഗം വിളിച്ച് ഇനി കുടുങ്ങികിടക്കുന്നവരുടെ കാര്യം ആലോചിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഒരു വ്യോമസേന വിമാനം കൂടി ഇന്ത്യ കാബൂളിൽ എത്തിച്ചു. കൂടുതൽ വിമാനങ്ങളോട് തയ്യാറായി നിൽക്കാൻ നിർദ്ദേശം നല്കി. യാത്രാവിമാനങ്ങൾക്കും വൈകാതെ അനുമതി കിട്ടും എന്നാണ് സൂചന.

കുടുങ്ങിയവർ എത്രയെന്ന് വ്യക്തമായ കണക്ക് സർക്കാർ നല്കിയിട്ടില്ല. ഇപ്പോൾ അമേരിക്കയിലുള്ള വിദേശകാര്യമന്ത്രി എസ് ജയശങ്കർ ലാറ്റിനമേരിക്കൻ സന്ദർശനം നിശ്ചയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഇത് റദ്ദാക്കി ഡൽഹിക്ക് മടങ്ങാനാണ് തീരുമാനം. ചൈനയും യൂറോപ്പ്യൻ യൂണിയനും റഷ്യയും ഇറാനുമുമൊക്കെ താലിബാനോട് മൃദുനിലപാടാണ് പ്രകടിപ്പിക്കുന്നത്.

എന്നാൽ നയം തീരുമാനിക്കാൻ തിടുക്കം വേണ്ടെന്ന് സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭ സമിതി തീരുമാനിച്ചിരുന്നു. കാത്തിരുന്ന് തീരുമാനമെടുക്കും. മറ്റു ജനാധിപത്യരാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടും ഇക്കാര്യത്തിൽ നിർണ്ണായകമാകും. ജമ്മുകശ്മീരിലെ ഭീകര സംഘടനകൾ പുതിയ സാഹചര്യം മുതലാക്കാതിരിക്കാനുള്ള ജാഗ്രത നിർദ്ദേശവും കേന്ദ്രം നൽകിയിട്ടുണ്ട്.

അതേ സമയം അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് സർക്കാർ രൂപവത്കരണം നടക്കേണ്ടതുണ്ടെന്ന് ചൈന വ്യക്തമാക്കി. തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രാതിനിധ്യ സ്വഭാവമുള്ളതുമായ സർക്കാർ രൂപവത്കരിക്കുന്നതിന് കാത്തിരിക്കുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാൻ അറിയിച്ചു.

ഒരു സർക്കാരിനെ അംഗീകരിക്കുന്നതിന് ആ സർക്കാരിന്റെ രൂപവത്കരണം വരെ കാത്തിരിക്കേണ്ടതുണ്ട്. അതിനു ശേഷം നയതന്ത്രപരമായ അംഗീകാരം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമുണ്ടാകുമെന്ന് സാവോ ലിജിയാൻ പറഞ്ഞു.

സർക്കാർ രൂപവത്കരണത്തിന് ശേഷം അതിനെ അംഗീകരിക്കുക എന്നതാണ് അന്താരാഷ്ട്ര തലത്തിലുള്ള രീതി. അഫ്ഗാൻ വിഷയത്തിൽ ചൈനയുടെ നിലപാട് വ്യക്തവും സ്ഥിരവുമാണ്. അഫ്ഗാനിസ്താനിൽ, അവിടത്തെ ജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പ്രതീക്ഷകൾക്കനുസരിച്ച് തുറന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രാതിനിധ്യ സ്വഭാവമുള്ളതുമായ സർക്കാർ രൂപത്കരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഫ്ഗാനിസ്താനിലെ വിവിധ കക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നാണ് കരുതുന്നത്. അങ്ങനെ പുതിയ പ്രശ്നങ്ങളും അത്യാഹിതങ്ങളും ഒഴിവാക്കുന്നതിനും രാജ്യത്തെ സാഹചര്യങ്ങൾ പ്രശ്നരഹിതമാക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വക്താവ് പറഞ്ഞു.

അഫ്ഗാനിസ്താന്റെ അയൽ രാജ്യം എന്ന നിലയിലും അടുത്ത സുഹൃദ് രാജ്യം എന്ന നിലയിലും അഫ്ഗാൻ ജനതയോട് സൗഹാർദ്ദപരമായ നയമാണ് ചൈനയ്ക്കുള്ളത്. ഇത് ഒരിക്കലും മാറില്ല. അഫ്ഗാനിസ്താന്റെ പുനർനിർമ്മാണത്തിനും അവിടെ സമാധാനം ഉണ്ടാവുന്നതിനും സാമൂഹ്യ-സാമ്പത്തിക വികസനത്തിനും ചൈന തുടർന്നും പിന്തുണ നൽകുമെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി.